DCBOOKS
Malayalam News Literature Website

ഓഗസ്റ്റ് 11, വ്യാഴാഴ്‌ച, എന്റെ ഏറ്റവും അവസാനത്തെ നിഷ്കളങ്ക സായാഹ്നമായിരുന്നു….

‘2022 ഓഗസ്റ്റ് 12-ന്, നല്ല വെയിലുള്ള ഒരു വെള്ളിയാഴ്‌ച രാവിലെ പതിനൊന്നുമണിക്ക് പതിനഞ്ചു നിമിഷം ബാക്കിയുള്ളപ്പോൾ ന്യൂയോർക്കിന്റെ പ്രാന്തപ്രദേശത്തുവെച്ച് എന്നെ ഒരു യുവാവ് കത്തിയുമായി കടന്നാക്രമിച്ച് മൃതപ്രായനാക്കി’

വിടെ നിന്നാണ് സൽമൻ റുഷ്ദിയുടെ ‘നൈഫ്‘ ആരംഭിക്കുന്നത്. 2022ൽ കത്തിയാക്രമണം നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട ഓർമക്കുറിപ്പുകളാണ് ‘നൈഫ്‘. പുസ്തകത്തിന്റെ മലയാള പരിഭാഷ ഡി സി ബുക്സ് പുറത്തിറക്കി.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം. തെല്‍ഹത്ത് കെ വി യാണ് പരിഭാഷ. ഷട്ടോക്യയിലെ നാടകശാലയുടെ വേദിയിൽ പ്രഭാഷണം നടത്തുന്നതിന് തൊട്ടുമുമ്പാണ് സൽമാൻ റുഷ്ദിക്ക് പത്തു തവണ കുത്തേറ്റത്.  ആക്രമണത്തിൽ മാരകമായി പരുക്കേറ്റ അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നൈഫ് ചർച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകൾ, അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്രത്തിനുമിടയിലെ അതിർത്തി രേഖയാണ്.‌‌ കണ്ണാടിയിൽ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ പൂർവ്വകാലത്തിന്റെ ഓർമ്മകളാലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാലും കോർത്തിണക്കുകയെന്ന ദൗത്യമാണ് ഈ പുസ്തകത്തിൽ.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

2022 ഓഗസ്റ്റ് 12-ന്, നല്ല വെയിലുള്ള ഒരു വെള്ളിയാഴ്‌ച രാവിലെ പതിനൊന്നുമണിക്ക് പതിനഞ്ചു നിമിഷം ബാക്കിയുള്ളപ്പോൾ ന്യൂയോർക്കിന്റെ പ്രാന്തപ്രദേശത്തുവെച്ച് എന്നെ ഒരു യുവാവ് കത്തിയുമായി കടന്നാക്രമിച്ച് മൃതപ്രായനാക്കി. എഴുത്തുകാരെ അപായങ്ങളിൽനിന്നും സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷട്ടോക്യയിലെ നാടകശാലയുടെ വേദിയിൽ പ്രഭാഷണം നടത്താനായി എത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

സ്വന്തം രാജ്യത്ത് സുരക്ഷിതത്വം അപകടത്തിലായ നിരവധി എഴുത്തുകാർക്ക് അഭയം നൽകുന്ന സിറ്റി ഓഫ് അസൈലം പിറ്റ്സ്ബർഗ് പദ്ധതിയുടെ സഹാദ്ധ്യക്ഷൻ ഹെൻറി റീസിനും ഭാര്യ ഡയാന സാമുവലിനും ഒപ്പമായിരുന്നു ഞാനപ്പോൾ. ഇതായിരുന്നു ഹെൻറിയും ഞാനുംകൂടി ഷട്ടോക്വയിൽ പറയാനുദ്ദേശിച്ചിരുന്ന കഥ: മറ്റിടങ്ങളിൽനിന്നുള്ള എഴുത്തുകാർക്ക് അമേരിക്കയിൽ ഒരു സുരക്ഷിത ഇടം ഒരുക്കലും, ആ പദ്ധതിയുടെ Textതുടക്കത്തിലുള്ള എന്റെ പങ്കാളിത്തവും. ‘അഭയസ്ഥാനം എന്നതിലുപരി അമേരിക്കൻ പാർപ്പിടത്തിന്റെ പുനർനിർവ്വചനം’ എന്ന ശീർഷകത്തോടുകൂടി ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരാഴ്‌ചത്തെ പരിപാടി കളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഭാഷണം നിശ്ചയിച്ചിരുന്നത്.

അത്തരത്തിലൊരു പ്രഭാഷണം നടത്താൻ ഞങ്ങൾക്കായില്ല. എന്നെ സംബന്ധിച്ച് അന്ന് നാടകശാല ഒരു സുരക്ഷിതസ്ഥാനമല്ലെന്ന് ഞാൻ മനസ്സിലാക്കിവരുന്നേ ഉണ്ടായിരുന്നുള്ളൂ.

ആ നിമിഷത്തെ എനിക്കിപ്പോഴും സ്ലോമോഷനിൽ കാണാനാവും. സദസ്സിൽനിന്നും ചാടിയെണീറ്റ് എന്റെയടുത്തേക്ക് ഓടി വരുന്ന അയാളെ എന്റെ കണ്ണുകൾ പിന്തുടരുകയാണ്. അയാളുടെ തിടുക്കത്തിലുള്ള ഓട്ടത്തിന്റെ ഓരോ ചുവടുകളും എനിക്കു കാണാം. എണീറ്റുനിന്ന് അയാൾക്കുനേരേ തിരിഞ്ഞ എന്നെ ഞാൻ കാണുകയാണ് (ഞാൻ അയാൾക്ക് അഭിമുഖമായി തുടരുകയാണ്. ഒരിക്കൽപോലും പുറംതിരിഞ്ഞു നിൽക്കുന്നില്ല. അതു കൊണ്ടുതന്നെ പുറകുവശത്ത് മുറിവുകളുമില്ല). സ്വയംരക്ഷയായി ഞാൻ ഇടതുകൈ ഉയർത്തുന്നു. അയാളതിലേക്ക് കത്തി കുത്തിയിറക്കുന്നു.  നെഞ്ചിൽ, കണ്ണിൽ, എല്ലായിടത്തും. കാലുകൾ തളരുന്നത് ഞാനറിയുന്നു. ഞാൻ മറിഞ്ഞുവീഴുന്നു.

ഗസ്റ്റ് 11, വ്യാഴാഴ്‌ച, എന്റെ ഏറ്റവും അവസാനത്തെ നിഷ്കളങ്ക സായാഹ്നമായിരുന്നു. സ്ഥാപനത്തിന്റെ മൈതാനത്തിലൂടെ ഒരു കരുതലുമില്ലാതെ ഹെൻറിയും ഡയാനയും ഞാനും ഉലാത്തിക്കൊണ്ടിരുന്നു. ബെസ്റ്റർ പ്ലാസയിലെ ഗ്രീൻപാർക്ക് മേഖലയുടെ മൂലയിലുള്ള 2 അമേസ് ഭക്ഷണശാലയിൽനിന്നും സുഖകരമായി അത്താഴം കഴിച്ചു. ഇന്റർനാഷണൽ സിറ്റീസ് ഓഫ് റെഫ്യൂജി ശൃംഖല രൂപീകരിക്കുന്നതിലുള്ള എന്റെ പങ്കിനെക്കുറിച്ച് പതിനെട്ടുവർഷങ്ങൾക്കുമുമ്പ് പിറ്റ്സ്ബർഗിൽ ഞാൻ നടത്തിയ പ്രഭാഷണത്തെക്കുറിച്ച് ഞങ്ങളോർമ്മിച്ചു. ആ പ്രഭാഷണം കേട്ടിരുന്ന ഹെൻറിയും ഡയാനയും പിറ്റ്സ്‌ബർഗിനെ ഒരു അഗതിനഗരമാക്കാനുള്ള പ്രചോദനം ഉൾക്കൊണ്ടു. ചെറിയൊരു വീട് വാടകയെടുത്തുകൊണ്ടാണ് അവരത് തുടങ്ങിയത്. ചൈനീസ് കവിയായ ഹുയാങ് സ്യാങ്ങിന് പണം നൽകി അവരത് അലങ്കരിച്ചു. വെളുത്ത ചായംകൊണ്ട് വലിയ ചൈനീസ് അക്ഷരങ്ങളിൽ ഒരു കവിത കുറിച്ചിട്ട് പുതിയ വീടിന്റെ പുറംചുവരുകൾ അദ്ദേഹം അങ്ങേയറ്റം ശ്രദ്ധേയമാക്കി. ക്രമേണ നഗരത്തിന്റെ വടക്കുഭാഗത്തുള്ള സാംസോണിയ തെരുവിലുടനീളം അഗതിമന്ദിരങ്ങൾ സ്ഥാപിച്ചു കൊണ്ട് ഹെൻറിയും ഡയാനയും അത് വിപുലീകരിച്ചു. അവരുടെ നേട്ടം ആഘോഷിക്കാൻ ഷട്ടോക്വയിൽ എത്താൻ കഴിഞ്ഞതിൽ ഞാനും സന്തോഷിച്ചു.

ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൈതാനത്തുതന്നെ എന്റെ പ്രതിശ്രുത ഘാതകനും ഉണ്ടായിരുന്നു എന്നതാണ് ഞാൻ മനസ്സിലാക്കാതെപോയ കാര്യം. വ്യാജ തിരിച്ചറിയൽരേഖകൾ ഉപയോഗിച്ചാണ് അയാളവിടെ പ്രവേശിച്ചത്. തിരിച്ചറിയാതിരിക്കാനായി തന്റെ യഥാർത്ഥ ഷിയാമുസ്‌ലിം തീവ്രവാദ പേരുമാറ്റി അയാളൊരു കള്ളപ്പേരുണ്ടാക്കി. അത്താഴത്തിനു പോകുമ്പോഴും തിരിച്ച് ഞങ്ങൾ താമസിക്കുന്ന അതിഥിമന്ദിരത്തിലേക്കു നടക്കുമ്പോഴും അയാളും അവിടെയെങ്ങോ ഉണ്ടായിരുന്നു. രണ്ടു രാത്രികളായി അയാളവിടെ ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട്. പാറാവുകാരുടെയോ നിരീക്ഷണക്യാമറകളുടെയോ കണ്ണിൽപ്പെടാതെ തന്റെ പദ്ധതികൾ ആസൂത്രണംചെയ്‌തും ഉദ്ദേശിച്ച ആക്രമണം നടത്താനുള്ള സ്ഥലമന്വേഷിച്ചും ഉറക്കമൊഴിച്ച് നടക്കുകയായിരുന്നു അയാൾ.

അയാളുടെ യഥാർത്ഥ പേര് ഈ വിവരണത്തിൽ ഞാൻ ഉപയോഗിക്കാനാഗ്രഹിക്കുന്നില്ല. എന്റെ പ്രതിയോഗി, എന്റെ കൊലയാളിയാകേണ്ടിയിരുന്നവൻ, എന്നെക്കുറിച്ച് വെറും ധാരണകൾ കല്പിച്ചുണ്ടാക്കിയ കഴുത, ഞാൻ മരണവുമായി മുഖാമുഖം കണ്ട വ്യക്തി… ഒരുപക്ഷേ, പൊറുക്കാൻകഴിയുന്ന ഒരു കഴുതയായിട്ടുതന്നെയാണ് അയാളെക്കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നത്. ഏതായാലും ഈ ആഖ്യാനത്തിൽ അയാളെ ഞാൻ അല്പംകൂടി മര്യാദയോടെ ‘എ’ എന്ന് അഭിസംബോധനചെയ്യാം. എന്റെ വീടിന്റെ സ്വകാര്യതയിൽ ഞാനയാളെ എന്തു വിളിക്കുമെന്നത് എന്റെ കാര്യം.

കൊല്ലാൻ നടക്കുന്ന ആളെക്കുറിച്ച് ഈ ‘എ’ എന്നു പറയുന്ന മനുഷ്യൻ ഒട്ടും അറിയാൻ ശ്രമിച്ചിരുന്നില്ല. ഞാൻ എഴുതിയതൊന്നും അയാൾ രണ്ടു പേജ് തികച്ചു വായിച്ചിട്ടില്ലെന്ന് അയാൾതന്നെ സമ്മതിക്കുന്നുമുണ്ട്. എന്റെ ഒന്നു രണ്ട് യുട്യൂബ് വീഡിയോകൾ കണ്ടിട്ടുണ്ട്. അതുതന്നെ ധാരാളമായിരുന്നു അയാൾക്ക്. ആക്രമണം എന്തിനുവേണ്ടി ആയിരുന്നാലും, അത് സാത്താനിക് വേഴ്സസിനെ സംബന്ധിച്ച് ആയിരുന്നില്ലെന്ന് ഇതിൽനിന്നും മനസ്സിലാക്കാവുന്നതാണ്. അത് എന്തിനുവേണ്ടിയായിരുന്നു എന്നു മനസ്സിലാക്കാൻ ഈ പുസ്‌തകത്തിൽ ഞാൻ ശ്രമിക്കും…

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.