DCBOOKS
Malayalam News Literature Website

‘സ്റ്റാച്യു ജങ്ഷൻ’ പുതുകാലത്തിന്റെ നേർക്കാഴ്ചകൾ

എഴുത്തുകാരൻ കാലത്തിന്റെ സാക്ഷി മാത്രമല്ല, മൂല്യങ്ങളുടെ കാവലാൾ കൂടിയാണെന്ന സിദ്ധാന്തം അരക്കിട്ടുറപ്പിക്കുന്ന നോവലാണ് പ്രശാന്ത് ചിന്മയന്റെ “സ്റ്റാച്യു ജങ്ഷൻ”. എഴുത്തുകാരന്റെ എന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന മനസ്സെന്ന സൂര്യൻ ഇവിടെ പുതുകാലത്തിന്റെ അനുരണനങ്ങളെ ചിന്തകളിലേയ്ക്ക് ആവാഹിക്കുകയാണ്‌. ഭാവനാത്മകമായി ഊർജ്ജപ്രസരണം ചെയ്യുന്ന ആ മനസ്സിന്റെ ചിന്താരശ്മികളിലൂടെ സമകാലികജീവിതം കഥാപാത്രങ്ങളും സംഭവങ്ങളുമായി ഉരുവം പ്രാപിക്കുന്നു. സർഗ്ഗാത്മകതയുടെ മൂശയ്ക്കുള്ളിൽ ഇത്തരത്തിൽ ജീവിതം പാകപ്പെട്ടുവരുമ്പോൾ കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന പാരസ്പര്യത്തിലൂടെ ഒരു നവജീവിതപരമ്പര ഉടൽരൂപമെടുക്കുന്നു. ആ സൃഷ്ടി സമഗ്രതയോടെ കാലത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഈ മേന്മ “സ്റ്റാച്യു ജങ്ഷൻ” എന്ന നോവലിലുണ്ട്. ഏതൊരു എഴുത്തിനും പ്രാഥമികമായി ഏറ്റവും വേണ്ട പാരായണക്ഷമത എന്ന ഗുണം ഈ കൃതിയിലുടനീളമുണ്ട്. വായിക്കാൻ കൈയിലെടുത്താൽ പിന്നെ വായിച്ചു തീർക്കാതെ വയ്യ എന്ന അവസ്ഥയിലേയ്ക്ക് വായനക്കാരനെ പ്രചോദിപ്പിക്കുന്ന എഴുത്താണ് അതിന്റെ അടിത്തറ. അനാവശ്യമായ ആടയാഭരണങ്ങളില്ലാതെ, ഉടുത്തുകെട്ടലുകളില്ലാതെ, തത്ത്വചിന്തയുടെയും ദർശനത്തിന്റെയും അമിതഭാരം പേറാതെ, പരമ്പരാഗത ശൈലിയിലെങ്കിലും പുതിയ ആഖ്യാന തന്ത്രങ്ങളുപയോഗിച്ച്  നവീനകാലത്തിന്റെ കഥ പറഞ്ഞു പോകുന്ന ഒരു രസികൻ നോവൽ. നമ്മുടെ തനതുഭാവുകത്വത്തെ ഒട്ടുമേ അടിയറ വയ്ക്കാതെയും കാല്പനികമായ മായക്കാഴ്ചകളിൽ ഭ്രമിച്ചു നിൽക്കാതെയും, സൂക്ഷ്മമായ ജീവിത നിരീക്ഷണത്തിലൂടെ പുതുലോകം നേരിടുന്ന വെല്ലുവിളികളെ നവീനരീതിയിൽ ആവിഷ്ക്കരിക്കുന്ന നോവലാണിത്. മുമ്പെവിടെയോ വായിച്ചതുപോലെ, പഴംകാല ഖനിയിലെ ഊർജ്ജമാവാഹിച്ചു കൊണ്ട് പ്രഭചൊരിയുന്ന ഒരു നവീനദീപം തന്നെ!
നോവലിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ, കഥയുടെ പശ്ചാത്തലം തിരുവനന്തപുരം നഗരമാണ് – കൃത്യമായി പറഞ്ഞാൽ, ഭരണസിരാകേന്ദ്രമായ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ജങ്ഷനിൽത്തന്നെ. അവിടെ നടക്കുന്ന ഓരോ സംഭവത്തിനും മൗനസാക്ഷികളായി, പൊതുനിരത്തിൽ സർ ടി.മാധവരായരുടെയും സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ വേലുത്തമ്പി ദളവയുടെയും പ്രതിമകൾ മുഖാമുഖം നോക്കി നില്ക്കുന്നു!  പൊതുഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി അനിൽ കൃഷ്ണൻ, ബണ്ടുമേട് കോളനിയിലെ താമസക്കാരിയും സ്റ്റാച്യു ജംഗ്ഷനിലെ റോഷ്നി ടെക്സ്റ്റയ്ൽസിലെ സെയ്ൽസ് ഗേളുമായ ജിനി, നഗരത്തിലെ “ദി സിറ്റി ന്യൂസ് ” എന്ന പത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ നരിപ്പാറ Textരതീഷ്, നന്ദാവനം ആംഡ് റിസർവ്വ് പൊലീസ് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡോ. സുജിത്, ഒരേയൊരു മകന്റെ ദാരുണമരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ദൃഢനിശ്ചയമെടുത്ത നെടുമങ്ങാട്ടെ കരിഞ്ചാത്തിമൂലയിലെ സുധാകരൻ എന്നീ അഞ്ചുപേരെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ സഞ്ചാരപഥം. ഇവർക്കുപുറമേ, നിരവധി കഥാപാത്രങ്ങൾ ഈ നോവലിൽ തിളങ്ങി നില്ക്കുന്നുണ്ട്. നഗരയാത്രകൾക്കിടയിൽ നാം കണ്ടെത്തുന്ന ചിലരുടെയൊക്കെ ഛായ ഈ കഥാപാത്രങ്ങളിൽ ദർശിക്കാനാകുന്നത് കൗതുകകരമാണുതാനും. കഥാഖ്യാനത്തിൽ പ്രശാന്തിന്റെ വൈദഗ്ദ്ധ്യത്തിന് പിൻബലമായി വർത്തിക്കുന്നത് അദ്ദേഹത്തിന്റെ അനിതരസാധാരണമായ നർമ്മബോധമാണ്. നാടിന്റെ ഇന്നത്തെ പൊതുബോധങ്ങളിലൊന്ന് സറ്റൈറിക്കലായി അനിൽ കൃഷ്ണന്റെ പാത്രചിത്രീകരണത്തിലൂടെ ധ്വനിപ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയുടെ സജീവ പ്രവർത്തകനായ അദ്ദേഹത്തിന്റെ വീട്ടിലെ കോളിംഗ് ബെല്ലിന്റെ റിംഗ്ടോൺ “ജയ് ശ്രീറാ”മാണ് – നാട്ടിൽ പൊതു തെരഞ്ഞെടുപ്പു വരുമ്പോൾ, “യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ / വിരിഞ്ഞു താമര മുകുളങ്ങൾ…” എന്നു സ്വപ്നം കാണാനാണ് അദ്ദേഹത്തിനിഷ്ടം! ഭർത്താവിനും തനിക്കും മകൾക്കും സ്വന്തം കുടുംബത്തിനും ഐശ്വര്യവും സമ്പൽസമൃദ്ധിയും ആയുരാരോഗ്യവും കിട്ടാനായി സകല ജ്യോതിഷികളുടെയും പിന്നാലെ പാഞ്ഞുനടന്ന് വ്രതാനുഷ്ഠാനങ്ങൾ നടത്തുന്നയാളാണ് ഭാര്യയായ പ്രിയംവദ തങ്കച്ചി. തിങ്കൾ – ശ്രീകണ്ഠേശ്വരം, ചൊവ്വ- ആറ്റുകാൽ, ബുധൻ – പഴവങ്ങാടി, വ്യാഴം -ഹനുമാൻ കോവിൽ, വെള്ളി – ശ്രീപത്മനാഭൻ , ശനി – മണക്കാട്, തൈക്കാട് ശാസ്താ, ഞായർ – കരിക്കകം ഇങ്ങനെ പോകുന്നു ആ കുലസ്ത്രീയുടെ ഭജനമിരിക്കൽ! ഇതിന്റെ പരിണതഫലം വായനക്കാരന് ഊഹിക്കാവുന്നതേയുള്ളൂ.
ശോകസങ്കുലമാണ് ജിനിയുടെ ജീവിതകഥ. വീട്ടുചെലവുകൾക്കു പുറമേ ക്യാൻസർ ബാധിതയായ അമ്മ ലില്ലിയുടെ ചികിത്സാച്ചെലവുകൾ കൂടി തുണിക്കടയിൽ നിന്നുള്ള ശമ്പളത്തിൽ നിന്നും അവൾക്ക് കണ്ടെത്തേണ്ടതുണ്ട്. മൂത്ത സഹോദരനായ ബിനു, നഗരത്തിലെ ഗുണ്ടാ നേതാവായ കിടിലം സജിയുടെ ക്വട്ടേഷൻ സംഘാംഗമാണ്. ഈ ദുരിത ജീവിതത്തിനിടയിലും പി.എസ്.സി.പരീക്ഷകൾക്ക് ആത്മാർത്ഥമായി  പഠിക്കാൻ അവൾ സമയം കണ്ടെത്തുന്നുണ്ട്.  ഡോ. സുജിത്, മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റു നേടിയ പൊലീസുകാരനാണ്. അസിസ്റ്റൻ്റ് പ്രഫസർ തസ്തികയിലെ റാങ്കുലിസ്റ്റിലെ രണ്ടാംറാങ്കുകാരനായ അയാൾ തൊട്ടടുത്ത നിയമന ഉത്തരവും പ്രതീക്ഷിച്ചിരിക്കുന്നു. “ദി സിറ്റി ന്യൂസി”ന്റെ എല്ലാമായ നരിപ്പാറ രതീഷിന് പത്രപ്രവർത്തനം ജീവവായുവാണ്. അതയാൾക്ക്, പിതാവു് സഖാവു് നരിപ്പാറ രാജനിൽനിന്ന് പകർന്നു കിട്ടിയ സുഖമാണ്. കരിഞ്ചാത്തിമൂലയിലെ സുധാകരൻ, തന്റെ ഏകമകനായ ഹരീഷിനെ കള്ളക്കേസിൽപ്പെടുത്തി ലോക്കപ്പിലിട്ട് മർദ്ദിച്ചുകൊന്ന പൊലീസിനെതിരെയും അതിനു വഴിയൊരുക്കിയ ക്വാറി-അബ്കാരി മാഫിയക്കെതിരെയും ശബ്ദമുയർത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള നിരാഹാരസമരത്തിനുമായാണ് സ്റ്റാച്യു ജങ്ഷനിലെത്തുന്നത്. യാദൃച്ഛികമായ ചില സംഭവവികാസങ്ങളിലൂടെ ഇവരുടെയോരോരുത്തരുടെയും ജീവിതത്തിലുണ്ടാകുന്ന തകിടംമറിയലുകൾ ദു:ഖത്തോടെയും വിസ്മയത്തോടെയും മാത്രമേ വായനക്കാർക്ക് ഉൾക്കൊള്ളാനാകൂ. ഒരു ചലച്ചിത്രത്തിന്റെ ദൃശ്യചാരുതയോടെ ആ സംഭവങ്ങൾ നോവലിൽ വരച്ചിടപ്പെടുകയാണ്.
പൊതുവേ മൂർച്ചയേറിയ ഹാസ്യവും നർമ്മബോധവുമാണ് നോവലിന്റെ ബലാടിത്തറയെന്നിരിക്കിലും, ദുരന്തകഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതിൽ നോവലിസ്റ്റിന്റെ കൈയടക്കം പ്രശംസനീയമാണ്. വെങ്കിടി എന്ന വെങ്കിടാചലപതിയുടെയും, ഹരീഷിന്റെയും പിതാവു് സുധാകരന്റെയും ദുരന്തകഥകൾ ഏറെക്കാലം കഴിഞ്ഞാലും മനസ്സിൽ നിന്നു വിട്ടുപോകുമെന്നു തോന്നുന്നില്ല. ” അതിനിന്ദ്യമീ നരത്വം…” എന്ന മഹാകവി വചനം അന്വർത്ഥമാക്കുന്ന ചില കഥാപാത്രങ്ങളും ഈ നോവലിലുണ്ട്. ജിനിയുടെ സഹോദരൻ ബിനു, അവന്റെ ഗുണ്ടാനേതാവ് കിടിലം സജിയണ്ണൻ, അബ്കാരി ചന്ദ്രഹാസൻ മുതലാളി ഇങ്ങനെ ചിലരെ ഓർത്തെടുക്കുന്നു. നന്മ ജീവിതവ്രതമായെടുത്ത സാത്താനും  റൂത്ത് കുഞ്ഞമ്മയുമടക്കമുള്ള പല കഥാപാത്രങ്ങളുമുണ്ട്. ഇപ്രകാരം വൈവിദ്ധ്യമാർന്ന പാത്രസൃഷ്ടിയിലും അവരെ അവതരിപ്പിക്കുന്നതിലെ നിർമ്മമതയിലും നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന കൃതഹസ്തതയ്ക്കും, ഇരുൾ നിറഞ്ഞ ജീവിതത്താരകൾ ചിത്രീകരിക്കുമ്പോൾത്തന്നെ ആ അന്ധകാരത്തിൽനിന്നു പുറത്തു കടക്കാനുള്ള മാർഗ്ഗത്തിലേയ്ക്കുള്ള പ്രഭാ രശ്മികൾ കാട്ടിത്തരുന്ന പ്രജ്ഞാശേഷിക്കും നോവലിസ്റ്റിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കാപട്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചൂരി കീറിയെറിയാനുള്ള തൻ്റേടം പ്രകടിപ്പിക്കുന്നതിലൂടെ മാനവികതയെ ഏതുവിധേനയും സംരക്ഷിക്കാനാവശ്യമായ സർഗ്ഗാത്മകത ആയുധമാക്കിയുള്ള സാമൂഹിക ഇടപെടലുകളും സാംസ്ക്കാരിക ജീർണ്ണതകൾക്കെതിരെയുള്ള വലിയ തോതിലുള്ള പ്രതിരോധവുമാണ് ഇവിടെ നോവലിസ്റ്റ് നിർവ്വഹിക്കുന്നത്.

Comments are closed.