ഒരിറ്റ് വിയർപ്പിലെ ഉപ്പുദൂരത്തിൽ നഷ്ടപ്പെട്ട ചുംബനഭാരം…
ജിൻഷ ഗംഗയുടെ ‘ഒട ‘ യെക്കുറിച്ചു ദൃശ്യ ഷൈന്‍ പങ്കുവെച്ച കുറിപ്പ്
കടപ്പാട്-ഫേസ്ബുക്ക്
‘ഉപ്പ് ‘ഇന്നലെ വരെ എനിക്ക് രസനയിൽ രുചിയുടെ ഗന്ധവാഹിനിയായിരുന്നു. പ്രണയത്തിന്റെ , വാത്സല്യത്തിന്റെ ഊഷ്മളത നിറഞ്ഞ മഞ്ഞിൻ കണങ്ങളായിരുന്നു.
പക്ഷേ…… ഇന്ന്…., ജുഗുപ്സയുടെ, ബീഭത്സത്തിന്റെ , അതിനുമപ്പുറത്ത് നെഞ്ചിൽ ശ്വാസം മുട്ടി വരിഞ്ഞ കടുത്ത വേദനയുടെ ഉരുകി ഒലിച്ചു വരുന്ന വിയർപ്പിന്റെ ലാവയാണ്. പ്രണയത്തിന്റെ നിറക്കൂട്ടുകളിൽ ചാലിച്ചെടുത്ത വിയർപ്പിൻ കണങ്ങളിൽ ഒരു ഞെട്ടലിന്റെ സ്ഫോടനം ഒളിപ്പിച്ചു വെച്ച് അതിഭീകരമാം വിധം ഒരു കഥ കീഴ്പ്പെടുത്തിയതിന്റെ വേദന എങ്ങനെ അടയാളപ്പെടുത്തണമെന്ന് എനിക്ക് അറിയില്ല. …
ആണിന്റെ ലൈംഗിക തൃഷ്ണകൾക്കു കീഴ്പ്പെടേണ്ടി വന്ന പെൺ വിലാപങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമാണ് ചുറ്റും. അതിനിടയിൽ ലൈംഗിക പീഢനത്തിനു വിധേയരായ ആൺ വർഗ്ഗത്തിന്റെ കഥ ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റം കാണിച്ച ഒരു പെണ്ണിനെ ഞാൻ വായിക്കുകയായിരുന്നു.
പെണ്ണിന് ശാരീരികമായി പീഢനമേറ്റാൽ അവളുടെ മനസ്സിനെ ശക്തിപ്പെടുത്തി തിരിച്ചു കൊണ്ടുവരുവാൻ ഒരു പക്ഷേ സമൂഹത്തിനു സാധിച്ചേക്കാം.കാരണം പെണ്ണിന്റെ മാംസം പുറമെ മൃദുവെങ്കിലും ജീവിതച്ചൂളയിൽ പാകപ്പെട്ട ഒരുവളുടെ ഉള്ളകം പലപ്പോഴും കാരിരുമ്പിനേക്കാൾ കരുത്തുറ്റതാവും. പക്ഷേ കായികമായി ദൃഢമെന്നു തോന്നുന്ന പല ആൺ ശരീരങ്ങളും അകമേ അതി ദുർബലമാണെന്ന് തിരിച്ചറിയുന്ന ചില ഘട്ടങ്ങളുണ്ട്. അവർ ഏറ്റ ലൈംഗിക പീഢനത്തിന്റെ മുറിവ് ഏൽക്കുന്നത് അവരുടെ ശരീരത്തിലല്ല , മറിച്ച് ജീവിതാവസാനം വരെ ആ മുറിവിന്റെ ചോര പൊട്ടി ഒലിക്കുന്നത് അവരുടെ മനസ്സിലാണ്. താൻ അനുഭവിച്ച ചൂഷണത്തിന്റെ അപമാനഭാരം സമൂഹത്തിനു മുമ്പിൽ തുറന്നു പറയാനാകാതെ ശ്വാസം മുട്ടി പിടയുന്ന ആൺകുട്ടികളെ കുറിച്ച് ഓർത്തു പോവുകയാണ്.
ജയമോഹന്റെ നൂറ് സിംഹാസനങ്ങളിൽ വിശപ്പിന്റെ ഭീകരത വിവരിക്കുന്ന ഒരു രംഗമുണ്ട്. കുട്ടിയായ ധർമ്മപാലൻ ചോറിന്റെ കടലിനു മുകളിൽ വിശപ്പ് അവസാനിച്ചത് അറിയാതെ ചോറ് വാരി തിന്നുന്ന രംഗം … വർഷങ്ങൾക്കു മുൻപ് അത് വായിച്ച് ഉള്ളകത്ത് അലറിക്കരഞ്ഞ ഒരു ഞാനുണ്ട്. വർഷങ്ങൾക്കിപ്പുറം അതേ അവസ്ഥയിൽ മനസ്സ് അലറിക്കരഞ്ഞ് ശ്വാസം മുട്ടി പിടഞ്ഞ് ഞാനിന്ന് ഒരു കഥ വായിച്ചു തീർത്തു. ജിൻഷ ഗംഗയുടെ ‘ഒട ‘ യിലെ ഉപ്പ്.
പ്രണയം അവഗണയായി മാറുമ്പോഴുള്ള പകയുടെ ഉപ്പിൽ അലിഞ്ഞു വറ്റിയ ഒരുവളുടെ പ്രണയക്കടൽ ഇതിലുണ്ട്. അതേ സമയം ജീവിതത്തിന്റെ ക്യാൻവാസിൽ കാക്കി നിറം കത്തിക്കരിച്ച ജീവിതത്തിന്റെ ഉപ്പ് പൊള്ളി അടർന്ന് നിറക്കൂട്ടുകളിൽ കറുപ്പ് കലർന്ന ഒരുവന്റെ നിശ്ചലമായ ശരീരമുണ്ട്. എഴുത്തിൽ ജീവിത കറുപ്പിന്റെ ലാവ പൊട്ടി ഉരുകി ഒലിക്കുകയാണ്. …. ഇതിനെ ഫെമിനിസമെന്ന് വിളിക്കാനാവില്ല. ഇസങ്ങൾക്കപ്പുറമിരുന്ന് അവൾ കഥയെഴുതുകയാണ്. തീയിൽ വെന്ത കഥകൾ ……
Comments are closed.