DCBOOKS
Malayalam News Literature Website

മരുന്നിന് പകരം കവിതകളോ? ഈ ഫാർമസിയിൽ ഇങ്ങനെയാണ്!

”മഹാരോഗങ്ങള്‍ മരണത്തിന്റെ ക്ഷണക്കത്തുകളാണ്; തീയതി വെച്ചിട്ടില്ലെന്നു മാത്രം” എം.ആര്‍.ബി പറഞ്ഞുവെച്ചിട്ടുണ്ട്. മഹാരോഗങ്ങള്‍ക്കും വ്യാധികള്‍ക്കും ഒരു കുറവുമില്ലാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മരുന്നു കച്ചവടം എന്ന വ്യവസായം എന്നും ടോപ് ഗിയറില്‍ പായുകയാണ്. മെഡിക്കല്‍ സ്റ്റോറുകളില്‍ ഒരു തവണയെങ്കിലും ഹാജര്‍ വെക്കാതെ ഒരു ശരാശരി മനുഷ്യന്റെ ഒരു മാസം കടന്നു പോകാറില്ല. ലോകത്ത് എല്ലായിടത്തും സാഹചര്യം ഇതേപോലെ തന്നെ.

ഇങ്ങനെ മരുന്നുകള്‍ക്കായി ഫാര്‍മസിയിലെത്തുന്നവര്‍ക്ക് മരുന്നുകള്‍ക്ക് പകരം ലഭിക്കുന്നത് കവിതകളാണെങ്കിലോ? ഒന്ന് സങ്കല്പിച്ചു നോക്കൂ. സംഗതി സത്യമാണ്. ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയര്‍ കൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലാണ് ഗുളികകള്‍ക്ക് പകരം കവിതകള്‍ ലഭിക്കുക.

”കവിത, ഓര്‍മ്മയുടെ മട്ടുപ്പാവിലെ ഒറ്റയ്ക്കുള്ള ഓടക്കുഴല്‍വാദനമാണ്; ചിന്തയുടെ ഗുഹയിലെ തീജ്ജ്വാലകളുടെ നൃത്തവും. അത് കാണപ്പെടാത്ത പ്രണയവും കേള്‍ക്കാത്ത പ്രണയവും പറയപ്പെടാത്ത പ്രണയവുമാണ്. അത് പ്രണയത്തിലെ പ്രണയമാണ്” എന്ന് ഒക്ടേവിയോ പാസ് പാടിയിട്ടുണ്ട്. ഇപ്പോഴിത കവികള്‍ ഗംഭീര ഔഷധം കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ ഈ പോയട്രി ഫാര്‍മസി. ലോകത്തിലെ ആദ്യത്തെ കവിതാ ഫാര്‍മസിയായ ഇവിടെ എല്ലാ രോഗത്തിനും മരുന്നുകള്‍ ലഭ്യമാണ്, പക്ഷേ കവിതകളുടെ രൂപത്തിലാണെന്ന് മാത്രം… മരുന്നുകള്‍കൊണ്ട് മാറ്റാന്‍ സാധിക്കാത്തത് കവിതകള്‍കൊണ്ട് സുഖപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഈ കവിതാ ഫര്‍മസി.

രോഗികളുടെ വൈകാരിക രോഗങ്ങളെ സുഖപ്പെടുത്തുന്നതിനായി കവിതാ പുസ്തകങ്ങളെയും മറ്റ് സാഹിത്യകൃതികളെയുമാണ് ഈ ഫാര്‍മസി പ്രയോജനപ്പെടുത്തുന്നത്. കാവ്യാത്മക സംവാദങ്ങള്‍ക്കും മറ്റും ഈ കവിതാ ഫാര്‍മസി വേദിയാകുന്നുണ്ട്. ഇതിന് പുറമേ ഒരു ഡിസ്‌പെന്‍സറി കഫേയും ഇവിടെ പ്രവര്‍ത്തിക്കുന്നു. വായനക്കാരുടെ മാനസികസമ്മര്‍ദ്ദത്തെ ലഘൂകരിക്കാനും മാനസികാരോഗ്യത്തെ വീണ്ടെടുക്കാനും കവിതകള്‍ക്ക് കഴിയുമെന്ന് ഇതിന്റെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

വിക്ടോറിയന്‍ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കടയില്‍ മരുന്നുകുപ്പികളുടെ നീണ്ട നിരകള്‍ കാണാം, കുപ്പികള്‍ക്കകത്ത് കവിതയുടെ വരികളും വായിക്കാം. കവിതകളെ അവയുടെ സ്വഭാവത്തിനനുസരിച്ച് തരംതിരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാര്‍മസിയിലെത്തുന്നവരുടെ ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടശേഷം ഫാര്‍മസിസ്റ്റ് അവര്‍ക്കാവശ്യമായ കവിതകള്‍ നല്‍കും. ഇവയ്‌ക്കെല്ലാം പുറമേ കോഫി, ടീ, സ്‌നാക്കുകള്‍… തുടങ്ങിയവ വില്‍ക്കുന്ന ഒരു കഫേയും ഇതോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

കവി ഡെബോറ അല്‍മയാണ് ലോകത്തിലെ ആദ്യത്തെ വാക്ക്-ഇന്‍ കവിതാ ഫാര്‍മസിയായ ഇത് സ്ഥാപിച്ചത്.

 

View this post on Instagram

 

A post shared by VISIT LONDON (@visitlondon)

 

 

 

 

Comments are closed.