കെ.പി കേശവമേനോന്റെ ജന്മവാര്‍ഷികദിനം
സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട്ട് ജില്ലയിലെ തരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ആനി ബസന്റിന്റെ ഹോംറൂള്‍ ലീഗില്‍ പ്രവര്‍ത്തിച്ച കേശവമേനോന്‍ 1921-ല്‍ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടനാകുന്നത്.
1923-ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. പിന്നീട് മലയായിലേക്കു പോയ കേശവമേനോന്‍ പിന്നീട് കുറെക്കാലം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. ഇതിനെത്തുടര്‍ന്ന് ജപ്പാനില്‍ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാത്രമാണ് മോചിതനായത്. 1946-ല്‍ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണറായി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു.
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകര്‍ത്തിയ കേശവമേനോന്‍ മികച്ചൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. ബിലാത്തി വിശേഷം(യാത്രാവിവരണം), കഴിഞ്ഞകാലം, സായാഹ്നചിന്തകള്‍, ജവഹര്‍ലാല്‍ നെഹ്‌റു, ഭൂതവും ഭാവിയും, എബ്രഹാം ലിങ്കണ്‍, പ്രഭാതദീപം, നവഭാരതശില്പികള്‍, ബന്ധനത്തില്‍നിന്ന്, ദാനഭൂമി, ജീവിതചിന്തകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. വിവിധ രംഗത്തെ സംഭാവനകള്‍ മാനിച്ച് പത്മവിഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1978 നവംബര്‍ 9-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.