DCBOOKS
Malayalam News Literature Website

പെണ്ണിന് പറയാനുള്ളത്…

ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019-ന്റെ വേദിയില്‍ ‘പുന:നിര്‍ണ്ണയിക്കപ്പെടുന്ന അതിരുകള്‍’ എന്ന പേരില്‍ നടന്ന സെഷനിലൂടെ ഒരിക്കല്‍ക്കൂടി.

‘ഞാന്‍ എഴുതുമ്പോഴും ഞാന്‍ സംസാരിക്കുമ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് സ്ത്രീകളെ കുറിച്ച് എപ്പോഴും സംസാരിക്കുന്നതെന്ന്? അവര്‍ക്ക് ഞാന്‍ കൊടുക്കാറുള്ള മറുപടി ഇതാണ്. കാരണം എനിക്ക് ചുറ്റും സ്ത്രീകളാണ്, എന്റെ അമ്മ, സഹോദരി, മക്കള്‍, സുഹൃത്തുക്കള്‍ അങ്ങനെയങ്ങനെ. ഞാന്‍ അതില്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് സെഷന്‍ ആരംഭിച്ചത്. ഒരു വ്യക്തിയുടെ വേദനയോ അതല്ലെങ്കില്‍ അയാളുടെ വിശപ്പോ നിങ്ങള്‍ തിരിച്ചറിയുന്നുവെങ്കില്‍ നിങ്ങളുടെ ഉള്ളിലെ സ്ത്രീ ആണ് അത് തിരിച്ചറിയുന്നത്. എന്നാല്‍ ഇന്ന് മീടൂ ക്യാമ്പയിന്‍ സ്ത്രീകള്‍ ആരംഭിക്കേണ്ടി വന്നതിനെ കുറിച്ച്, അതിനെ കുറിച്ച് പുരുഷന്മാര്‍ ആവശ്യത്തിനുള്ള ശ്രദ്ധ ചെലുതാത്തതിനെ കുറിച്ച് നമ്മള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു. നമ്മളിലുള്ള, നമുക്കുചുറ്റുമുള്ള സ്ത്രീത്വം നമ്മള്‍ ആഘോഷിക്കുകയാണ് വേണ്ടത്.

എന്നാല്‍ സ്ത്രീകളെ പോലെ തന്നെ ചില പുരുഷന്മാരെങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഇത്തരം ക്യാമ്പയിനുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നില്ലേ എന്ന് റീമ ചോദിച്ചു. പത്മപ്രിയയും റിമയും തങ്ങളുടെ ജീവിതപങ്കാളികള്‍ അതിനുള്ള ഉദാഹരണങ്ങള്‍ ആണെന്ന് ചൂണ്ടിക്കാണിച്ചു. ഒരിക്കലും ഒരു വിഭാഗത്തെ മുഴുവനായും തള്ളിപ്പറയാന്‍ കഴിയില്ലെന്നും സ്ത്രീത്വം പോലെ നമുക്കൊപ്പം നിന്ന പുരുഷന്മാരെയും ആദരിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യണം എന്നും റിമ വ്യക്തമാക്കി. മുമ്പ് നടന്ന ഒരു അഭിമുഖത്തില്‍ താന്‍ 120 രൂപയുമായി ചെന്നൈ നഗരത്തിലേക്ക് സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തീവണ്ടി കേറിയതിനെ കുറിച്ച് വാചാലനായപ്പോള്‍ രേവതി തിരിച്ചു ചോദിച്ചതിനെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞു. ഒരു സ്ത്രീ ആണ് ആ സ്ഥാനത്തെങ്കില്‍, 120 രൂപയല്ല ലക്ഷങ്ങള്‍ കയ്യിലുണ്ടെങ്കിലും, അയാളെക്കാള്‍ കഴിവുണ്ടെങ്കിലും അവളുടെ കാര്യത്തില്‍ സ്ഥിതി എന്തായേനെ എന്ന്? സ്ത്രീയെ കുറിച്ച് എപ്പോഴും സമൂഹം ചിന്തിക്കുകയാണ്, അവളെന്ത് ധരിക്കുന്നു, എന്ത് കഴിക്കുന്നു, എവിടെ പോവുന്നു എല്ലാത്തിലും സമൂഹം കൈകടത്തുന്നുണ്ട്.

പ്രായം കുറഞ്ഞ പുതുമുഖനടിമാര്‍ പോലും അവരേക്കാള്‍ ഇരട്ടി വയസ്സുള്ള നായകന്മാര്‍ക്കൊപ്പം നായികാകഥാപാത്രങ്ങള്‍ ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചും പ്രകാശ് രാജ് സംസാരിച്ചു. കോര്‍പ്പറേറ്റ് മേഖലയിലായാലും ഗവണ്മെന്റ് സെക്ടറിലായാലും സിനിമയിലായാലും എവിടെയും സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് പത്മപ്രിയ അഭിപ്രായപ്പെട്ടു. താന്‍ ഒരുപാട് സെക്‌സിസ്റ്റ് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും പത്മപ്രിയ പറഞ്ഞു. ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത് ഒരു സ്ത്രീ ആണെങ്കില്‍ അവരെ ക്യാമറാമാന്‍ വുമെന്‍ എന്ന് വിളിക്കുന്ന തരത്തിലാണ് ഇന്ന് സിനിമാരംഗം എന്നു പ്രകാശ് രാജ് വ്യക്തമാക്കി. പീഡിപ്പിക്കട്ടെ ഒരു സ്ത്രീയോട് തെളിവ് വേണം എന്ന് ചോദിക്കുന്നത് എന്ത് തമാശ ആണ് എന്നാണ് പ്രകാശ് രാജ് ചോദിച്ചത്. ശ്രീരാമന്‍ അണ്ണാന്റെ മുകളില്‍ തൊട്ടപ്പോള്‍ എന്നപോലെ ഒരു പുരുഷന്‍ സ്പര്‍ശിക്കുമ്പോള്‍ സ്ത്രീയുടെ ദേഹത്ത് അടയാളം ഉണ്ടായിരിക്കാം എന്നദ്ദേഹം പരിഹസിച്ചു. മനഃപൂര്‍വം അല്ലെങ്കിലും ഒരു സ്ത്രീയെ സ്പര്‍ശനം കൊണ്ട് മാനസികമായി വേദനിപ്പിച്ചുവെങ്കില്‍ അത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. പുതിയ തലമുറയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ നന്നായി അറിയാമെന്നും അവരില്‍ തനിക്ക് പ്രതീക്ഷ ഉണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

തയ്യാറാക്കിയത്: ശില്പ മോഹന്‍ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍) 

Comments are closed.