DCBOOKS
Malayalam News Literature Website

ഹാക്കർ X രണ്ടാമൻ ആര്?

ആദർശ് എസിന്റെ ഏറ്റവും പുതിയ സസ്‌പെൻസ് ത്രില്ലർ ‘ഹാക്കർ X രണ്ടാമൻ എന്ന നോവലിന് അംഷു ബിനുകുമാർ എഴുതിയ വായനാനുഭവം

“തന്റെ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് ആരോൺ സ്വാർട്സ് എന്ന അമേരിക്കൻ യുവാവ് ആത്മഹത്യ ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ 2013 ജനുവരി 11 ന്. അദ്ദേഹം ഒരു പ്രമുഖ അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും എഴുത്തുകാരനും രാഷ്ട്രീയ സംഘാടകനും ഇൻ്റർനെറ്റ് ആക്ടിവിസ്റ്റുമായിരുന്നു.

വിജ്ഞാനം, പ്രത്യേകിച്ച് അക്കാദമികവും ശാസ്ത്രീയവുമായ അറിവുകൾ, വിലകൂടിയ ജേണൽ സബ്‌സ്‌ക്രിപ്‌ഷനുകൾ താങ്ങാൻ കഴിയുന്നവർക്ക് മാത്രമല്ല, എല്ലാവർക്കും സൗജന്യമായി ലഭ്യമാകേണ്ടതാണെന്ന് വിശ്വസിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്തു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റം. അതിനെ തുടർന്ന് അമേരിക്കൻ ഗവൺമെന്റ്  ഒന്നിലധികം വകുപ്പുകൾ ചുമത്തി അദ്ദേഹത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ചു. നിയമപോരാട്ടം സ്വാർട്‌സിനെ സാരമായി ബാധിക്കുകയും അതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്‌തു.

ആരോണിനെ കുറിച്ച് ഞാൻ ഇവിടെ പറയാൻ കാരണം ഡി സി ബുക്ക്സ് പുറത്തിറക്കിയ ആദർശ് എസിന്റെ ഹാക്കർ എക്സ് രണ്ടാമൻ എന്ന നോവലാണ്. ആ നോവലിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത് ആരോൺ എന്ന പേരിൽ നിന്നാണ്. ഒരു കഥാപാത്രത്തിന്റെ പേര് Textഎന്നതിനപ്പുറം എനിക്ക് അതിൽ സവിശേഷതയൊന്നും തോന്നിയിരുന്നില്ല. എന്നാൽ വായന പുരോഗമിക്കുമ്പോൾ പ്ലാൻ എസ് എന്ന പ്രസ്ഥാനത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണുകയും ഗൂഗിളിൽ അതിനെ കുറിച്ച് ഒരന്വേഷണം നടത്തുകയും ചെയ്തു. ആ അന്വേഷണമാണ് എന്നെ വിവര ലഭ്യതയുടെ സ്വതന്ത്രവൽക്കരണത്തിനു വേണ്ടി രക്തസാക്ഷിയായ ആരോൺ സ്വാർട്സിൽ എത്തിച്ചത്. നോവലിൽ പറഞ്ഞിരിക്കുന്ന ആരോണും ആരോൺ സ്വർട്സും ഒരാൾ തന്നെയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. നോവലിൽ ആരോൺ ആത്മഹത്യ ചെയ്യുന്നില്ല എന്ന് മാത്രം.

“വിവര ലഭ്യതയുടെ സ്വകാര്യവൽക്കരണം പൊതു സംസ്കാരത്തെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.” ഹാക്കർ എക്സ് എന്ന  ത്രില്ലർ നോവൽ ആരംഭിക്കുന്നത് ഈ  പറഞ്ഞിരിക്കുന്ന വാചകങ്ങളിൽ നിന്നാണ്. ചെറിയ വാചകമാണെങ്കിലും വളരെ  ഗഹനമായൊരു  ആശയമാണ്  അത് മുന്നോട്ട് വെയ്ക്കുന്നത്. ലോകമെമ്പാടുമുള്ള സ്വതന്ത്ര ലഭ്യതാ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന ഒരു നോവലിന്റെ തുടക്കം ഈ വാചകങ്ങളിൽ ആയതിൽ ഒട്ടും അതിശയോക്തിയില്ല. പക്ഷേ വാർപ്പ് മാതൃകകളിൽ കുടുങ്ങിക്കിടക്കുന്ന ത്രില്ലർ നോവലുകളുടെ ലോകത്ത്  പുതിയ കാര്യങ്ങൾ പറയുന്ന പുതിയ ലോകത്തെ അഡ്രസ്സ് ചെയ്യുന്ന ഇത്തരം നോവലുകൾ അതിശയകരം  മാത്രമല്ല ആഹ്ളാദകരം കൂടിയാണ്.

ഡി സി ബുക്ക്സിന്റെ ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഡാർക്ക് നെറ്റ് നോവലിന്റെ രചയിതാവായ ആദർശ് എസിന്റെ രണ്ടാമത്തെ പുസ്തകമാണ് ഹാക്കർ x രണ്ടാമൻ. ഡാർക്ക് നെറ്റിനെ പോലെ ഈ നോവലും  അക്ഷരാർത്ഥത്തിൽ ഒരു പേജ് ടേണർ തന്നെയാണ്. നിരവധി സസ്പെന്സുകളും , ട്വിസ്റ്റുകളും കൊണ്ട് ഈ നോവൽ സമൃദ്ധമാണ്. സയൻസ്  സൊസൈറ്റിയുടെ നിഗൂഢതകൾ എന്താണ്?, ഹാക്കർ എക്സ് ഒന്നാമൻ ആര്? ഹാക്കർ എക്സ് രണ്ടാമൻ ആര്? കൊലയാളി ആര്? ചാൻസലർ ആര്? സ്നൈപ്പർ ആര്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ വായനക്കാരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു  ആകാംക്ഷയുടെ ഒരു ലോകത്തു കൂടിയാണ് വായന മുന്നോട്ട് പോകുന്നത്.

എന്നാൽ ഒരു ത്രില്ലർ വായനക്കപ്പുറം  വായനയുടെ പല മാനങ്ങളിൽ നിന്ന് ഈ പുസ്തകത്തെ നമ്മൾ വിലയിരുത്തേണ്ടതുണ്ട്.  വിവര ലഭ്യതയുടെ സ്വകാര്യവൽക്കരണം, കേരളത്തിലെ ശാസ്ത്ര സംഘടനകളുടെ ദൗർബല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ലിറ്റററി ഫിക്ഷൻ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന മുഖ്യധാര നോവലുകളിൽ പോലും ഇത് വരെ ചർച്ച ചെയ്തു കണ്ടിട്ടില്ല.

ഒരു ത്രില്ലർ പുസ്തകത്തിൽ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ സംഗതികളും ഒരുക്കിവയ്ക്കുന്നതിനോടൊപ്പം   പ്രണയവും സൗഹൃദവുമെല്ലാം ഇതിൽ അതിമനോഹരമായി വരച്ചിട്ടുണ്ട്.

ശാസ്ത്ര രംഗത്തെ പുത്തൻ വിവരങ്ങളും ആഗോള പ്രസക്തിയുള്ള വിഷയങ്ങളും ഈ  പുസ്തകത്തിനെ  സാധാരണ ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. വിയോജിപ്പിന്റെ ഗ്ലോബൽ ഐക്കണും , ഹാക്കിംഗ് എന്ന ആയുധവും, മനുഷ്യാവകാശങ്ങളുടെ സൈബർ കാവൽക്കാരനും, പ്ലാൻ എസ്സും,ഡിജിറ്റൽ സ്റ്റനോഗ്രാഫിയുടെ പുതു വഴികളും ഒക്കെയായി ഹാക്കർ x മുന്നേറുമ്പോൾ ഈ നോവൽ കൂടുതൽ വായിക്കപ്പെടേണ്ടതാണ് ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് കൂടി വായനാലോകത്തെ ഓർമ്മിപ്പിച്ചു കൊള്ളുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.