DCBOOKS
Malayalam News Literature Website

ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും

സുധീര്‍ കക്കറിന്റെ ‘ടാഗോര്‍:ഒരു മനോവിശകലനം’ എന്ന പുസ്തകത്തില്‍ നിന്നും

(വിവർത്തനം: എസ്. ഗിരീഷ്കുമാർ)

ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു. സൃഷ്ടിപരമായ സാധ്യതകളാല്‍ അടയാളപ്പെടുത്തുന്ന ഒരു സമ്മാനത്തിലോ വൈരുധ്യങ്ങള്‍ തിരയാനും പരിഹരിക്കാനുമുള്ള പ്രവണതയിലോ രൂപകങ്ങള്‍ സൃഷ്ടിക്കുന്നതിലും ബന്ധമില്ലാത്ത ആശയങ്ങളെ പുതിയ രീതിയില്‍ ബന്ധിപ്പിക്കുന്നതിലുമുള്ള അഭിരുചി തിരയുന്നതിലൊന്നുമല്ല ഇവിടെ എന്റെ താത്പര്യം. ഡൊമൈന്‍-സ്‌പെസിഫിക്ക് എന്നു പറയപ്പെടുന്നതും ‘അത്ഭുതം, സ്വാതന്ത്ര്യം, അനുരൂപത, വഴക്കം… വിശ്രമത്തിനുള്ള കഴിവ്’ തുടങ്ങിയ സവിശേഷതകളുള്ളതുമായ സര്‍ഗാത്മക മനോഭാവത്തിലും എനിക്ക് താത്പര്യമില്ല. അതിലേക്കൊക്കെ ഞാന്‍ കളിയായി ചിലതു കൂട്ടിച്ചേര്‍ക്കും. അസാധാരണനായ സര്‍ഗാത്മക വ്യക്തി, സര്‍ഗാത്മക പ്രതിഭയുടെ അസാധാരണമായ സംഭാവനകള്‍ (ചിലപ്പോള്‍ സ്വാധീനമേഖലയെ മറികടക്കുകപോലും ചെയ്യുന്ന) വിപ്ലവകരമാണെന്ന് അംഗീകരിക്കപ്പെടുകയും തന്റെ മേഖലയുടെ ഭൂപ്രകൃതിയെ ശാശ്വതമായി മാറ്റിമറിക്കുകയും ചെയ്യുന്നതിലാണ് എന്റെ ശ്രദ്ധ. അത്തരത്തിലുള്ള അനശ്വരന്മാരില്‍ ഒരാളായിരുന്നു രബീന്ദ്രനാഥ ടാഗോര്‍. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പാശ്ചാത്യ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ പ്രതിഭയെക്കുറിച്ചുള്ള പാശ്ചാത്യ സങ്കല്പങ്ങളെ തുടര്‍ന്നും സ്വാധീനിച്ചു. അത് അസാധാരണമായ സര്‍ഗാത്മക പ്രതിഭയെ മാനസികാവസ്ഥയുടെ അങ്ങേയറ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്ലേറ്റോയുടെ കവിയിലെ Textഭ്രാന്ത് കാരണം ദൈവങ്ങള്‍ അവന്റെ വ്യക്തിത്വം ഏറ്റെടുക്കുകയും അവനിലൂടെ സംസാരിക്കുകയും ചെയ്തു. അതേസമയം അരിസ്റ്റോട്ടില്‍ മുതലുള്ളവര്‍ (വിഷാദരോഗികളുടെ കൂട്ടത്തില്‍ പ്ലേറ്റോയെയും സോക്രട്ടീസിനെയും ഉള്‍പ്പെടുത്തി) പ്രതിഭയുടെ വിഷാദത്തിനു കാരണമായി പറയുന്നത് ശാരീരിക നര്‍മ്മത്തിന്റെ കറുത്ത പിത്തരസാധിക്യമാണ്. തീര്‍ച്ചയായും യൂറോപ്യന്‍ മധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലും ആല്‍ബ്രെച്റ്റ് ഡ്യൂററുടെ പ്രശസ്തമായ ഛായാചിത്രത്തില്‍ പ്രതിഭയുടെ ഒരു ബിംബമെന്ന നിലയില്‍ ഉദാഹരിക്കപ്പെട്ട വിഷാദം സര്‍ഗാത്മക വ്യക്തിയെ നിര്‍വചിക്കുന്ന ഗുണമായി മാറി.

ഡാവിഞ്ചിയെക്കുറിച്ചുള്ള ഫ്രോയ്ഡിന്റെ 1910-ലെ പഠനത്തില്‍ തുടങ്ങി പ്രതിഭയെ നിര്‍വചിക്കുന്ന ഗുണവിശേഷമായി ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും മിശ്രണം മനോവിശ്ലേഷകര്‍ വിപുലീകരിച്ചു. മനസ്സിലെ ഇളക്കമില്ലാത്ത ഒരു മനോരോഗനിദാനശാസ്ത്ര സംബന്ധമായ ഘടനയ്ക്കു പകരം സര്‍ഗാത്മക എഴുത്തുകാരന്റെയോ കലാകാരന്റെയോ പ്രധാന വൈകാരിക സംഘര്‍ഷത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടിക്കാലത്തും യൗവനാരംഭത്തിലുമുള്ള ഈ സംഘര്‍ഷങ്ങളെ അവന്റെ/അവളുടെ സൃഷ്ടിയില്‍/കവിതയില്‍, സംഗീതത്തില്‍/കലയില്‍ പ്രകടിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍ വൈകാരിക സംഘര്‍ഷത്തിന്റെ മാനസികാഘാതം അന്തര്‍ലീനമാണ്. വൈകാരികജീവിതത്തിലെ കൊടുങ്കാറ്റുകളില്‍നിന്ന് അഭയം പ്രദാനം ചെയ്യുന്ന സര്‍ഗാത്മകതയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം കലാകാരന്മാര്‍ക്കു മാത്രമായി പരിമിതപ്പെടുന്നില്ല. മറിച്ച്, ഉയര്‍ന്ന സര്‍ഗാത്മകതയുള്ള എല്ലാ വ്യക്തികളിലേക്കും വ്യാപിച്ചേക്കാം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നിരീക്ഷിക്കുന്നതുപോലെ ‘ചിത്രകാരന്‍ ചെയ്യുന്നതു തന്നെയാണ് കവിയും തത്ത്വചിന്തകനും പ്രകൃതി ശാസ്ത്രജ്ഞനും തുടങ്ങി ഓരോരുത്തരും അവരുടേതായ രീതിയില്‍ ചെയ്യുന്നത്. ലോകത്തെയും അതിന്റെ രൂപീകരണത്തെയും കുറിച്ചുള്ള (ലളിതവും പ്രസന്നവുമായ) പ്രതിച്ഛായയിലേക്ക്, കലങ്ങിമറിയുന്ന വ്യക്തിഗത അനുഭവത്തിന്റെ ഇടുങ്ങിയ പരിധിക്കുള്ളില്‍ തനിക്കു കണ്ടെത്താനാവാത്ത ശാന്തിയും സമാധാനവും നേടുന്നതിനായി അവന്‍ തന്റെ സര്‍ഗാത്മക ജീവിതത്തിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രം സ്ഥാപിക്കുന്നു.’

സര്‍ഗാത്മക വ്യക്തിത്വത്തെക്കുറിച്ചുള്ള സമീപകാല മനോവിശ്ലേഷണ സംഭാവനകള്‍ വൈകാരിക സംഘര്‍ഷം ഒഴികെയുള്ള ഘടകങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. കളിയും സര്‍ഗാത്മകതയുമുള്ള ‘പരിവര്‍ത്തനസമയത്തെ താത്കാലികമായി അധികാരത്തിലിരിക്കുന്ന ഇടത്തിന്റെ (വിന്നിക്കോട്ട്) കുട്ടിക്കാലത്തിന് അപ്പുറമുള്ള ലഭ്യത, ആത്മാഭിമാനത്തിന്റെ സ്വയംഭരണ സ്രോതസ്സായ സ്വയം-പ്രഭാവം അല്ലെങ്കില്‍ സ്വന്തം പ്രതിഭയിലുള്ള വിശ്വാസം എന്നിവ കലാസൃഷ്ടിയുടെ പ്രവര്‍ത്തനമായി അല്ലെങ്കില്‍ ഒരു ‘സ്വയം വസ്തു’ (കോഹൂട്ട്) ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ സര്‍ഗാത്മക വ്യക്തിത്വത്തിന്റെ മനോതല ഉദ്ഗ്രഥനവും ജീവിച്ചിരിക്കുന്നുവെന്ന ബോധം വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ ഇതേ പ്രവൃത്തി നിര്‍വഹിക്കുന്ന പ്രേക്ഷകരുടെ ‘പ്രതിബിംബം’ അഭിനന്ദനമാവുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ധിഷണയുടെയും ദര്‍ശനത്തിന്റെയും പ്രത്യേക സ്വഭാവം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രതിഭയുടെ ശ്രദ്ധേയമായ കഥ അവന്റെ സര്‍ഗാത്മകത പൂവിടുമ്പോള്‍ അത്യന്താപേക്ഷിതമായ അനുഭവങ്ങളുടെ ആഖ്യാനമായി തുടരുന്നു. ടാഗോറിന്റെ വൈകാരികജീവിതം രൂപീകരിച്ച സംഭവങ്ങള്‍ തിരിച്ചറിയാനും പ്രതിഫലിപ്പിക്കാനുമാണ് എന്റെ മനോജീവചരിത്രം ശ്രമിക്കുന്നത്. മാതൃത്വത്തിന്റെ പ്രപഞ്ചത്തില്‍ നിന്നുള്ള നാടുകടത്തല്‍, ഒരുകാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ അത്യധികം സര്‍ഗാത്മകമായ ഭാവനയുടെ സമ്മാനമായി കുട്ടി കണ്ടെത്തിയ അഭയസ്ഥാനം, സ്‌കൂള്‍ വര്‍ഷങ്ങളിലെ അപമാനം, വികസിതമായ സ്വത്വബോധത്തിലെ ചഞ്ചലത, പില്‍ക്കാല ബാല്യത്തില്‍ കവിതയെന്ന സിദ്ധി വിനിയോഗിക്കുന്നതില്‍ ആളുകളില്‍നിന്ന് ലഭിച്ച കാര്യമായ അംഗീകാരത്തിന്റെ ‘സ്വയം ഫലപ്രാപ്തി’, മകന്റെ കാവ്യപരമായ ‘വഴിപിഴയ്ക്കലി’നോട് അച്ഛന്‍ കാട്ടിയ സഹിഷ്ണുത, കൗമാരത്തിലെ ആഴത്തിലുള്ള അടുപ്പത്തിന്റെ കണ്ടെത്തല്‍ ആത്മാവിനെ കാവ്യസൗന്ദര്യത്താല്‍ അണിയിക്കുക മാത്രമല്ല, അവനോടുതന്നെ യോജിപ്പുണ്ടാക്കുകയും മനുഷ്യന്‍, കവി എന്നീ നിലകളില്‍ വ്യക്തിത്വം വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ‘ആത്മസുഹൃത്തിന്റെ’ ആത്മഹത്യയും അവരുമായുള്ള അടുപ്പത്തിന്റെ നഷ്ടവും അദ്ദേഹത്തിന്റെ ജീവിതത്തിലും സൃഷ്ടിപരമായ പ്രവര്‍ത്തനത്തിലും വിലാപത്തിന്റെ പ്രഭാവമായി. സര്‍ഗാത്മക വ്യക്തിയുടെ ആന്തരിക ജീവിതത്തെക്കുറിച്ചുള്ള ഈ വിവരണം തൃപ്തികരമാകുമെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ അളക്കാന്‍ പര്യാപ്തമല്ലെന്ന് എനിക്കറിയാം. മനോജീവചരിത്രത്തിന് വിഷയത്തെ ജീവസുറ്റതാക്കാന്‍ കഴിയും. എന്നാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ അസാധാരണമായ സര്‍ഗാത്മകതയുടെ വിശദീകരണത്തിന് ഈ വിവരണം മതിയാവില്ല.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

രബീന്ദ്രനാഥ ടാഗോറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.