DCBOOKS
Malayalam News Literature Website

2024- ലെ അവനീബാല പുരസ്‌കാരം സുധാ മേനോന്

അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 13-ാമത് അവനീബാല പുരസ്‌കാരത്തിന് സുധാമേനോന്‍ അര്‍ഹയായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സുധാമേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന കൃതിയ്ക്കാണ് അവാര്‍ഡ്. പതിനായിരം രൂപയും ശില്പവും പുരസ്‌കാര രേഖയും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ.വത്സലന്‍ വാതുശ്ശേരി, ഡോ. ഷീജ വക്കം, ഡോ.വിദ്യ ഡി.ആര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 2024 ഓഗസ്റ്റ് 6 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് Textഅവാര്‍ഡ് സമ്മാനിക്കും.

സാമ്പ്രദായിക ചരിത്രമെഴുത്തില്‍ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവന്‍ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകള്‍ എഴുതപ്പെടുമ്പോള്‍ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും. ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓര്‍മപ്പുസ്തകമാണ് സുധാമേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’.

നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകള്‍… ഈ ഇരകള്‍ നമുക്കു പകര്‍ന്നുതരുന്നത് വലിയൊരു പാഠമാണ്. ‘ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും’ ആണ് ഈ ദുരന്തങ്ങള്‍, അതിര്‍ത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകള്‍ക്കപ്പുറം, ജാതി മതദേശവംശഭേദമില്ലാതെ തങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്‍കിയതെന്ന തിരിച്ചറിവ്… സമാനതകള്‍ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്‌നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന തിരിച്ചറിവ്. അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാന്‍ ശ്രമിക്കേണ്ടത് കൂടുതല്‍ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.