ലോകപ്രശസ്ത അൽബേനിയൻ നോവലിസ്റ്റ് ഇസ്മായിൽ കദാരെ അന്തരിച്ചു
ലോകപ്രശസ്ത അൽബേനിയൻ നോവലിസ്റ്റ് ഇസ്മായിൽ കദാരെ (88) അന്തരിച്ചു. മാന്‍ ബുക്കര്‍ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ലോക പ്രശസ്ത എഴുത്തുകാരനാണ് കദാരെ. 1936-ൽ തെക്കൻ അൽബേനിയയിൽ ജനിച്ച ഇസ്മയിൽ കദാരെ നിരവധി പ്രാവശ്യം നോബൽ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. 1985 മുതൽ പാരീസിലാണ് താമസം. പന്ത്രണ്ടിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഇസ്മയില്‍ കദാരെയുടെ വിഖ്യാതരചനയാണ് പാലസ് ഓഫ് ഡ്രീംസ്.
ആധുനിക ലോകത്തിന്റെ ജീര്‍ണ്ണിച്ച സാമൂഹിക രാഷ്ട്രീയ അവസ്ഥകള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിരുന്നു ഇസ്മയില്‍ കദാരെ രചിച്ച ‘സ്പ്രിങ് ഫ്ലവേഴ്സ്, സ്പ്രിങ് ഫ്രോസ്റ്റ്’. വസന്തത്തിലെ പൂക്കൾ , വസന്തത്തിലെ ശൈത്യം എന്ന പേരിൽ ഡി സി ബുക്സാണ് പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് ഭാഷയില്‍ രചിക്കപ്പെട്ട് വായനക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നോവല്‍ ഇംഗ്ലീഷിലേക്കും പിന്നെ അനേകം ലോകഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു. അല്‍ബേനിയയുടെ വടക്കന്‍ പ്രദേശം വസന്തത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയത് ഒരുപിടി ആശങ്കകളോടെയായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ തകര്ച്ചയ്ക്കുശേ ഷം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യവാദികള്‍ വിസ്മൃതിയില്‍ മറഞ്ഞിരുന്ന ഗോത്രനിയമങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ചിത്രകാരനായ മാര്‍ക്ക് തന്റെ സുഹൃത്തു ക്കളുടെയും സഹകലാകാരന്മാരുടെയും അറസ്റ്റുകള്‍ക്കും തിരോധാനങ്ങള്‍ക്കും മൂകസാക്ഷിയായി. ആശങ്കകളുടെയും ഭീതിയുടെയും നടുവിലും അയാള്‍ തന്റെ പ്രണയത്തെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആധുനികലോകത്തിന്റെ ജീര്‍ണ്ണിച്ച സാമൂഹിക-രാഷ്ട്രീയ അവസ്ഥകള്‍ക്കു നേരേ പിടിക്കുന്ന കണ്ണാടിയാണ് കദാരെയുടെ ഈ നോവല്‍.
കദാരെയുടെ The Successor ‘പിൻഗാമി ‘ എന്ന പേരിലും ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു.
1970 മുതൽ 1982 വരെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് അൽബേനിയൻ പാർലമെന്റ് അംഗമായിരുന്നു. 1990കളിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി.
Comments are closed.