DCBOOKS
Malayalam News Literature Website

‘തരങ്ങഴി‘ തട്ടകത്തിന്റെയത്ര തന്നെ തലപ്പൊക്കമുള്ള നോവൽ

രജിതൻ കണ്ടാണശ്ശേരിയുടെ ‘തരങ്ങഴി’ യെക്കുറിച്ചു അഷ്ടമൂർത്തി പങ്കുവെച്ച കുറിപ്പ്

‘തട്ടകം‘ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന കാലത്താണ്. അശോകൻ ചരുവിലും ഞാനും കൂടി ഒരു ദിവസം കോവിലൻ്റെ വീട്ടിൽ പോയി. നോവൽ ഗംഭീരമാവുന്നുണ്ടെന്നും ഈ കഥകൾ അടുത്തൊന്നും അവസാനിക്കരുത് എന്ന തോന്നലാണ് ഞങ്ങൾക്കെന്നും അറിയിച്ചപ്പോൾ കോവിലൻ തൻ്റെ ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു: ‘ആരോഗ്യം സമ്മതിക്കുന്നില്ല. ഞാനത് നിർത്താൻ പോവുകയാണ്; ഇനി നിങ്ങളൊക്കെ വേണം അത് പൂർത്തീകരിക്കാൻ!’

കാട്ടൂർക്കാരനും ആറാട്ടുപുഴക്കാരനും എങ്ങനെ കണ്ടാണശ്ശേരിയെക്കുറിച്ച് എഴുതും എന്ന് ഞങ്ങൾ പരസ്പരവും പിന്നെ നിശ്ശബ്ദമായി അദ്ദേഹത്തോടും ചോദിച്ചു.

അതു കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടായി.

കോവിലൻ്റെ സ്വപ്നം ഒടുവിൽ സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുന്നു: ‘തരങ്ങഴി’ ഇറങ്ങിയിരിക്കുന്നു. രജിതൻ കണ്ടാണശ്ശേരിയുടെ നോവൽ.

Textരജിതൻ അതിന് എല്ലാ അർത്ഥത്തിലും അർഹനാണ്. കണ്ടാണശ്ശേരിക്കാരൻ ആണെന്നതു കൊണ്ടു മാത്രമല്ല അവസാനം ‘തട്ടക’ത്തിൻ്റെ രചനയിൽ കൂട്ടുചേർന്ന ആൾ എന്ന നിലയ്ക്കും. അതുകൊണ്ട് നമുക്ക് ‘തരങ്ങഴി‘ ലഭിച്ചു: തട്ടകത്തിൻ്റെയത്ര തന്നെ തലപ്പൊക്കമുള്ള നോവൽ.

അതേസമയം ‘തരങ്ങഴി‘ തട്ടകത്തിൻ്റെ തുടർച്ചയല്ല. അത് തികച്ചും സ്വതന്ത്രമായ നോവലാണ്. തരങ്ങഴി വായിക്കണമെങ്കിൽ ‘തട്ടകം‘ വായിച്ചിട്ടു വേണം എന്ന അർത്ഥമില്ല. മറ്റൊരർത്ഥത്തിൽ രണ്ടു തലമുറയിൽപ്പെട്ട രണ്ടു നോവലിസ്റ്റുകൾ ഒരു ദേശത്തെ എഴുതുകയാണ്. അതാവട്ടെ മലയാളത്തിൽ തികച്ചും പുതുമയുള്ളതാണു താനും.

1942 മുതൽ 2000 വരെയുള്ള കാലഘട്ടമാണ് തരങ്ങഴിയിൽ ആവിഷ്കരിപ്പെട്ടിട്ടുള്ളത്. ഒരു പക്ഷേ കേരളത്തിൽ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾ ഏറ്റവുമധികം സംഭവിച്ച കാലഘട്ടവും അതാണല്ലോ. പ്രശസ്തരും അല്ലാത്തവരുമായ നിരവധി കഥാപാത്രങ്ങളിലൂടെ, സംഭവങ്ങളിലൂടെ രജിതൻ അത് ഉജ്ജ്വലമായി ആവിഷ്കരിച്ചിരിക്കുന്നു.

‘നോവലിനെപ്പറ്റി വിശദമായ ഒരു കുറിപ്പ് ഈ പോസ്റ്റിൻ്റെ പരിധിക്കപ്പുറത്തുള്ള കാര്യമാണ്. വലിയ വലിയ വായനകളും പഠനങ്ങളും ഈ നോവലിനെ കാത്തിരിക്കുന്നു.

പല കഥാപാത്രങ്ങളും അവരേപ്പറ്റി മാത്രമായ വലിയ വലിയ നോവലുകളിലേയ്ക്കു വളരാവുന്നത്ര വലിപ്പുള്ളവരാണ് എന്നു കൂടി പറഞ്ഞുവെയ്ക്കട്ടെ.

കോവിലൻ്റെയും രജിതൻ്റെയും എഴുത്തുകളിലൂടെ കണ്ടാണശ്ശേരി ധന്യയായിരിക്കുന്നു. ഒരളവിൽ നമ്മുടെ മലയാളവും.

പുസ്‌തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.