കഥ പറച്ചിലിന്റെ വശ്യത
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘ആഗസ്തില്‍ കാണാം’ എന്ന നോവലിനെക്കുറിച്ച് മുഹമ്മദ് അബ്ബാസ് പങ്കുവെച്ച കുറിപ്പ്
ഇന്നലെ രാത്രിയാണ് വായിക്കാൻ കിട്ടിയത്. വായിച്ചു തീരും വരെ നിശബ്ദമായി പെയ്യുന്ന മഴ എനിക്ക് കൂട്ടുണ്ടായിരുന്നു. വായന കഴിഞ്ഞ് ഞാൻ ഏറെ നേരം മഴയിലേക്ക് നോക്കിയിരുന്നു.
ചുറ്റുമുള്ള ലോകം ഉറങ്ങുമ്പോൾ മഴപ്പാതകൾ മുറിച്ചു കടന്ന് “അന്ന മഗ്ദലേന ബാഹ്” എന്റെയരികിലെത്തി. എന്നിട്ട് മാർകേസിന്റെ
ഭാഷയിൽ എന്നോട് സംസാരിച്ചു. അവരുടെ കാമുകന്മാരെ കുറിച്ച്, പ്രണയത്തെക്കുറിച്ച്, രതിയെക്കുറിച്ച്, ജീവിതമെന്ന വലിയ അത്ഭുതത്തെക്കുറിച്ച്… മഗ്ദലേന സ്വയം തിരഞ്ഞെടുത്ത് ആധിപത്യം പുലർത്തി, ഇണ ചേർന്ന ഒന്നാമത്തെ കാമുകൻ പിരിയാൻ നേരം അവർക്ക് വെച്ചു കൊടുത്ത ഇരുപത് ഡോളറിന്റെ നോട്ട് അവരുടെ കയ്യിൽ ഉണ്ടായിരുന്നു.
“നിങ്ങൾ ഇത് ചിലവാക്കിയതല്ലേ ?” ഞാനവരോട് ചോദിച്ചു.
കേശാലങ്കാരക്കാരന് അത് കൊടുത്തിട്ട് അവർ ഉരുവിട്ട മാർകേസിന്റെ വാക്കുകളും ഞാനവരോട് പറഞ്ഞു.
“നല്ല രീതിയിൽ ചെലവാക്കൂ.ഇത് രക്തവും മാംസവും കൊടുത്തു നേടിയതാണ് ”
അവർ മറുപടിയൊന്നും പറഞ്ഞില്ല. പ്രണയത്തിലും രതിയിലും ജീവിതത്തിലും സ്വന്തം അസ്തിത്വം സ്ഥാപിച്ചുവെന്നു കരുതി
ആഹ്ലാദിച്ച മഗ്ദലേനയെ , അജ്ഞാത കാമുകൻ കൊടുത്ത ഇരുപത് ഡോളറിന്റെ നോട്ട് എത്രമാത്രം വേദനിപ്പിച്ചുവെന്ന് ഞാനവരുടെ കണ്ണുകളിൽ നിന്ന് മനസ്സിലാക്കി.
അന്ന മഗ്ദലേന ബാഹ് പറഞ്ഞു .
“എന്റെ സൃഷ്ടാവിന്, നിങ്ങളുടെ ഗാബോയ്ക്ക് സ്മൃതിനാശം സംഭവിച്ചില്ലായിരുന്നെങ്കിൽ എന്നെക്കുറിച്ച് ലോകത്തിന് കൂടുതലായി അറിയാൻ സാധിച്ചേനേ …..”
അത് ശരിയാണെന്ന് എനിക്കും തോന്നി .
ഈ കുറിപ്പ് എഴുതുമ്പോഴും അന്ന മഗ്ദലേന ബാഹ് എന്റെ ആണഹന്തകൾക്കു മുകളിൽ കാലുകൾ കവച്ചു വെച്ച്, എന്നിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. പ്രിയപ്പെട്ട ഗാബോ….. ഇത് വായിച്ചു തീർന്നതു മുതൽ ഞാനാ പഴയ വിഷാദത്തിന്റെ മഞ്ഞു പടലങ്ങളെ തൊടുകയാണ്. താങ്കളുടെ ഓരോ എഴുത്തിലും ഒളിഞ്ഞിരിക്കുന്ന അനന്തമായ സാധ്യതകളെ ഓർത്ത് അത്ഭുതം കൊള്ളുകയാണ് .
കഥ പറച്ചിലിന്റെ ഈ വശ്യതയെ ഇറുകെ പുണരുകയാണ്.
ഫിക്ഷൻ എഴുതാൻ ശ്രമിക്കുന്ന ഓരോരുത്തരും മാർക്കേസിനെ വായിക്കുന്നത് നല്ലതാണ്. നമ്മൾ എഴുതിക്കൂട്ടുന്ന ആയിരം പേജുകളെ വെറും അമ്പത് പേജുകളാക്കി ചുരുക്കാൻ അദ്ദേഹത്തിന്റെ എഴുത്ത് നമ്മളെ സഹായിക്കും . കൂടുതലായി എന്തു പറയാനാണ് ?
Comments are closed.