നരവംശത്തിലെ കറുപ്പഴകുകള്‍: പി.എസ്. നവാസ്
മെയ് ലക്കം പച്ചക്കുതിരയില്‍
കേരളത്തിലെ മനുഷ്യ പെരുമാറ്റത്തിന് എത്ര പഴക്കം വരും? ഇവിടെ ജീവിച്ചിരുന്ന ആദ്യകാല മനുഷ്യര്‍ കറുപ്പായിരുന്നോ അതോ വെളുപ്പായിരുന്നോ, അതോ എല്ലാ നിറത്തിലുമുള്ള മനുഷ്യന്‍ ആദ്യകാലം മുതലേ ഇവിടെ ഉണ്ടായിരുന്നോ? ഉത്തരങ്ങള്‍ സങ്കീര്‍ണ്ണമാണ്. ആഫ്രിക്കന്‍ വ്യാപനവും ചര്‍മ്മത്തിന്റെ പരിണാമവും ചര്‍ച്ചചെയ്യുമ്പോള്‍ ഈ ചോദ്യങ്ങളുടെ വിശാലതലം എത്രമാത്രമുണ്ടെന്നത് നിങ്ങള്‍ക്കു ബോധ്യപ്പെടും. കേരളത്തിലേക്ക് ഈ ചോദ്യങ്ങളെ തൊടുക്കുമ്പോള്‍ ഉത്തരം കണ്ടെത്തുക ഏറെ പ്രയാസകരവുമാകും.
ചരിത്രത്തിലെ ‘കറുത്ത’ മനുഷ്യനെ കാണാന്‍ ‘വെളുത്ത’ മനുഷ്യന്‍ അവശേഷിപ്പിച്ച ഉപാദാനങ്ങളെ അവരുടെതന്നെ സാമഗ്രികളാല്‍ പരിശോധിക്കുകയാണു പതിവ്. പുരാതന ചരിത്രം മുതല്‍തന്നെ കറുത്ത മനുഷ്യരെക്കുറിച്ചുള്ള ‘വെളുത്തവന്റെ’ സങ്കല്പങ്ങള്‍ പലവിധത്തില്‍ വരച്ചുവെച്ചിട്ടുണ്ട്. ഹെറഡോട്ടസിന്റെ ഹിസ്റ്റോറിയയില്‍ ‘നിറം കുറഞ്ഞ’ തൊലിയും മുടിയും ഉള്ള നാടോടികളായ സിത്തിയന്‍മാരെക്കുറിച്ച് പറയുന്നതു കാണാം. പരസ്പരം പുറംതിരിഞ്ഞ് നില്‍ക്കുന്ന മനുഷ്യരൂപത്തോടുകൂടിയ ‘ആരിബാലി’ പാത്രം കറുത്തവരെയും വെളുത്തവരെയുംകുറിച്ചുള്ള ‘തിരിച്ചറിയലിന്റെ’ ഗ്രീക്ക്ബിംബവത്കരണമാണെന്ന് പറയാം. ഉദ്ദേശം 520-510 ബി.സി.ഇ കാലത്തേ താണ് ഈ ആരിബാലി ഡികാന്റര്‍. കറുത്തവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഹോമറുടെ രചനയിലും കാണാം. കറുപ്പിനെക്കുറിച്ചുള്ള ധാരണകള്‍ ഗ്രീക്കുകാര്‍ക്കും മുമ്പേ ‘വെളുത്ത മനുഷ്യന്‍’ രൂപീകരിച്ചിരുന്നു. ഈജിപിറ്റിയന്‍ ഹൈറോഗ്ലിഫ് രേഖകളില്‍ മനുഷ്യനെ വേര്‍തിരിച്ചു പരാമര്‍ശിക്കുന്നുണ്ട്. വടക്കും തെക്കുമുള്ള മനുഷ്യരുമായി പരസ്പരബന്ധങ്ങള്‍ ഇവര്‍ സൂക്ഷിച്ചതായിരുന്നു ഇതിനു വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളും ദാര്‍ശനിക ലോകത്തു നടന്നിട്ടുണ്ട്. മധ്യകാലത്ത് യൂറോപ്പിന് പൗരസ്ത്യ ലോകവുമായുള്ള ബന്ധങ്ങളില്‍ വരുന്ന വിള്ളല്‍ കറുപ്പിനെക്കുറിച്ചുള്ള ധാരണകളെ മാറ്റിവെക്കാന്‍ പര്യാപ്തമാക്കിയില്ലഎന്നുമാത്രമല്ല കറുപ്പ് ഭീകരരൂപ സങ്കല്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. പില്ക്കാലത്ത് ഡാര്‍വിന്‍ സ്വാധീനം ശാസ്ത്രലോകത്ത് മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളെ നല്‍കിയത് കറുപ്പിനെയും വെളുപ്പിനെയും കുറിച്ചുള്ള പഠനങ്ങള്‍ക്കു വേറിട്ട ദിശാബോധം വരുത്തി.
കറുപ്പിനെ ‘കറുത്തവരുടെ’ ചരിത്ര ഉപാദാനങ്ങളിലൂടെ കണ്ടാല്‍ നമ്മള്‍ വരച്ചെടുത്ത ചിത്രങ്ങളിലെ നിറങ്ങള്‍ കൂടുതല്‍ ശോഭയോടെ കാണാം. അപ്പോഴാണ് ‘നിറം കുറഞ്ഞവരുടെ’ നിറത്തെക്കുറിച്ചുള്ള അറിവുകളെ മനസ്സിലാക്കാനുമാകൂ. കേരളത്തില്‍ കറുപ്പിനെക്കുറിച്ചുള്ള സംവാദങ്ങളില്‍ പലപ്പോഴും ‘നിയോ-വൈറ്റ്മാന്‍സ് ബേര്‍ഡന്‍’ ‘ജാതിസായിപ്പന്‍മാര്‍’ എടുത്ത് പുറത്തിടാറുണ്ട്. നിറത്തിന്റെ ജാതിയുള്‍പ്പെടെ മലയാളിയുടെ സാധാരണ സംസാരങ്ങളില്‍ അറിഞ്ഞും അറിയാതേയുംവരുന്ന ‘ഐഡന്റിഫിക്കേഷന്‍’ സൂചകങ്ങളും അടുത്തകാലത്തായി പുതിയ ഭാവങ്ങള്‍ ആര്‍ജ്ജിച്ചുവരുന്നു. വര്‍ഗ്ഗവും വര്‍ണ്ണവും മലയാളി മനസ്സില്‍ സൂക്ഷിച്ചുവന്നത് ജാതിയുടെ രൂപത്തില്‍കൂടിയാണെന്ന് പറയുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുമെന്നറിയാം. കറുപ്പിന്റെ അഴകിനെ മനസ്സില്‍ സൂക്ഷിക്കുന്ന മലയാളികള്‍ കുറവൊന്നുമല്ല. പക്ഷേ, പൊതുമണ്ഡലങ്ങളില്‍നിന്നും കറുപ്പിനെ മാറ്റി നിറുത്തുന്ന വെള്ളക്കാരന്റെ നിയോഗത്തെ ചോദ്യം ചെയ്യാതിരിക്കാന്‍ നമ്മള്‍ ശീലിച്ചുകഴിഞ്ഞു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുമില്ല. മലയാളിക്ക് ഇന്നും കറുപ്പ് പ്രിയംകരമാകുന്നുണ്ടെങ്കില്‍ അതിന്റെ വേരുകള്‍ അധികം അകലെയൊന്നുമല്ല. ഇനി വെളുപ്പാണ് പ്രിയംകരമെങ്കില്‍ അതിന്റെ ‘ജനിതകഫ്‌ലോ’ കറുപ്പിന്റെ ‘ജനിതകഫ്‌ലോ’യോളം പ്രായമുള്ളതുമല്ല. പക്ഷേ, മനുഷ്യ സ്പീഷീസുകളുടെ ജീന്‍ സ്വാധീനത്തോളം അവയുടെ പഴക്കം നീളുമെന്നുറപ്പ്.
പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.