നെല്ലിക്കല്‍ മുരളീധരന് പുരസ്കാരം ഗിരീഷ് പുലിയൂരിന്
ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പുരസ്കാരം ഗിരീഷ് പുലിയൂരിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കരിങ്കുയിലും കണിവെള്ളരിയും’ എന്ന കൃതിയാണ് ഗിരീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ. ഫാ. മാത്യൂസ് വാഴക്കുന്നം, പ്രൊഫ. വി.എൻ. മുരളി, സുജാത കെ.പിള്ള, എന്നിവരാണ് പുസ്തകം തിരഞ്ഞെടുത്തത്.30ന് രാവിലെ 10ന് പത്തനംതിട്ട ടൗൺഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം നൽകും. ഫൗണ്ടേഷൻ പ്രസിഡന്റ് എ. ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ഗിരീഷ് പുലിയൂര് പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ. ഹിംസപോലെ. പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യത്തിന്റെ ശീതള സാന്ത്വനംപോലെ. വാക്കുകള്‍ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളില്‍ ആസ്വദിക്കുന്നത്. ഈ കവിതകളില്‍ സ്നേഹമുണ്ട്, മനുഷ്യാവസ്ഥയുടെ സങ്കടമുണ്ട്, ഭാവിയെക്കുറിച്ചുള്ള ഭയമുണ്ട്, ചിലപ്പോള്‍ പരിഹാസത്തിന്റെ ഉപ്പും രോഷത്തിന്റെ എരിവും ദുരനുഭവങ്ങളുടെ പുളിയും എതിര്‍പ്പിന്റെ ചവര്‍പ്പുമുണ്ട്. എല്ലാം നാം അനുഭവിക്കുന്നതോ, നടക്കുന്നതിനെക്കാളേറെ നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഭാഷയില്‍.
Comments are closed.