DCBOOKS
Malayalam News Literature Website

കടുംകെട്ടിട്ട കര്‍ട്ടന്‍

‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’ എന്ന പുസ്തകത്തില്‍ നിന്നും

ഒരു നല്ല നടനാണ് ഞാനെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ട് സദസ്യരുടെ അഭിനന്ദനവും പ്രോത്സാഹനവും വേണ്ടുവോളം കിട്ടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു

അഭിനയിക്കാന്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു. അത് സിനിമയിലായാലും നാടകത്തിലായാലും. ആദ്യം ഞാന്‍ അഭിനയിച്ചുതുടങ്ങിയത് നാടകത്തിലാണ്. വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ ഞാന്‍ അഭിനയിച്ചു തകര്‍ത്തു. ഒരു നല്ല നടനാണ് ഞാനെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ട് സദസ്യരുടെ അഭിനന്ദനവും പ്രോത്സാഹനവും വേണ്ടുവോളം കിട്ടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതുകിട്ടാന്‍വേണ്ടി ഞാന്‍ ചെറിയ ചതികളൊക്കെ ചെയ്തിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഇനി പറയാന്‍ പോകുന്നത്.

ബോംബെയിലെ ഷണ്‍മുഖാനന്ദ ഹോളില്‍ പി.ജെ. ആന്റണിയുടെ ‘പൊതുശത്രുക്കള്‍’ എന്ന നാടകം അവതരിപ്പിക്കുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഒരു പെണ്ണിനെ പ്രേമിക്കാന്‍ ശ്രമിക്കുന്ന മൂന്നുപേരുണ്ട് ആ നാടകത്തില്‍. ഒരു ഭാഗവതര്‍, ഒരു വൈദ്യന്‍, പിന്നെ ഒരാളും. അതിലെ വൈദ്യനായി അഭിനയിക്കുന്നത് ഞാനാണ്. ഭാഗവതരായി അഭിനയിക്കുന്നത് ചക്കച്ചാത്ത് മുകുന്ദന്‍ എന്നു പറയുന്നൊരാളാണ്. Textക്രൈസ്റ്റ് കോളജിലെ ഒരു പ്രൊഫസര്‍ ആണ് പെണ്‍വേഷം ചെയ്യുന്നത്.

ആദ്യം ഭാഗവതര്‍ വന്നു നായികയെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. മുകുന്ദന്‍ നല്ല നടനും അത്യാവശ്യം പാടുകയും ചെയ്യുന്ന ആളാണ്. അയാള്‍ വന്നു ‘വാതാപി ഗണപതിം ഭജേ’ എന്ന ത്യാഗരാജ കീര്‍ത്തനം പഠിപ്പിക്കാന്‍ തുടങ്ങി. രണ്ടു വരിയാണ് പഠിപ്പിക്കേണ്ടത്. അതുകഴിയുമ്പോള്‍ ഞാന്‍ രംഗപ്രവേശം ചെയ്യണം. മുകുന്ദന്‍ നന്നായി പാടുകയും അഭിനയിക്കുകയും ഒക്കെ ചെയ്യുന്നതു കണ്ടപ്പോള്‍ സദസ്യര്‍ താളം പിടിച്ചു രസിച്ചു. അതു മനസ്സിലാക്കിയ മുകുന്ദന്‍ അടുത്ത രണ്ടു വരിയിലേക്കു കടന്നു. ഇയാള്‍ നീട്ടാനുള്ള പരിപാടിയാണെന്നു കണ്ടതും സദസ്യരുടെ താളം പിടിക്കലും ഒക്കെക്കൂടിയായപ്പോള്‍ എനിക്കൊരു മാനസിക വേദന വന്നു. ഞാന്‍ വേഗം സ്റ്റേജില്‍ ചാടിക്കയറി ഒരു ഡയലോഗ് പറഞ്ഞു: ‘നിര്‍ത്ത്വ, മതി വീട്ടില്‍ പൊയ്‌ക്കൊള്ളൂ. ഇന്ന് പാട്ടു പഠിപ്പിച്ചതൊക്കെമതി.

അപ്രതീക്ഷിതമായുള്ള എന്റെ ഡയലോഗുകേട്ട് മുകുന്ദന്‍ വിഷണ്ണനായി സ്റ്റേജില്‍നിന്നു പോകുന്ന സീന്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

മുകുന്ദനെ സദസ്യര്‍ കൂടുതല്‍ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതാണ് എന്നെ വിഷമിപ്പിച്ചത്. ഇന്ന് ആലോചിക്കുമ്പോള്‍ എനിക്കു വിഷമമുണ്ട്. ചെയ്യരുതാത്തതാണെങ്കിലും ഞാന്‍ കലയോടും കലാകാരനോടും ചെയ്ത ചതി.

എന്നാല്‍ തീരെ മാനസികവിഷമം തോന്നാത്തതും ഓര്‍ക്കുമ്പോഴെല്ലാം ചിരിച്ചുപോകുന്നതുമായ വേറൊരു ചതി ഞാന്‍ ചെയ്തിട്ടുണ്ട്. അതെന്റെ സ്‌കൂള്‍ കാലഘട്ടത്തിലാണ്. അന്നൊക്കെ ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ കൂടെ പഠിച്ചിരുന്നവര്‍ ഒമ്പതാം ക്ലാസ്സിലെത്തും. ഞാന്‍ എട്ടാം ക്ലാസ്സിലെത്തുമ്പോഴേക്കും അവരെല്ലാം ബി.എസ്സിക്കാവും. ഇങ്ങനെയാണ് എന്റെ പഠനനിലവാരം. പഠനത്തില്‍ പുറകോട്ടാണെങ്കിലും
സ്‌കൂളിലെ ബാക്കി എല്ലാ പരിപാടികളിലും ഞാന്‍ ഒന്നാമനായിരുന്നു. ഒരു കൊല്ലം ഞങ്ങളുടെസ്‌കൂളിലായിരുന്നു ജില്ലാ യുവജനോത്സവം നടന്നത്. എല്ലാ സ്‌കൂളുകളിലും നിന്നുള്ള സ്‌കൗട്ടുകാരായിരുന്നു അന്നെല്ലാം വോളണ്ടിയേഴ്‌സ്. കര്‍ട്ടന്‍ വലിക്കാനും ഇടാനുമെല്ലാം ഇവരെയാണ് തിരഞ്ഞെടുക്കുക. ഞാന്‍ സ്‌കൗട്ടിന്റെ ലീഡറൊന്നുമല്ലെങ്കിലും സീനിയോറിറ്റികൊണ്ട് ഞാന്‍ പറയുന്നപോലെയൊക്കെ കാര്യങ്ങള്‍ നടക്കും. അങ്ങനെ ഞാന്‍ കര്‍ട്ടനിടാന്‍ ഇരിക്കാന്‍ തീരുമാനിച്ചു. എന്റെ സ്‌കൂളില്‍ത്തന്നെയുള്ള കാട്ടിക്കുളം ഭരതന്‍ കര്‍ട്ടന്‍ വലിക്കാനും. കര്‍ട്ടനിടാന്‍ ഇരിക്കുന്നത് സ്റ്റേജിന്റെ സൈഡിലായതുകൊണ്ട് പരിപാടികളൊക്കെ നന്നായി കാണാം. അതിനുംകൂടി വേണ്ടിയാണ് ഒരാള്‍ ചെയ്യേണ്ട കര്‍ട്ടനിടലും വലിക്കലും രണ്ടാള്‍ക്കാക്കിയത്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.