DCBOOKS
Malayalam News Literature Website

കടമ്മനിട്ടക്കവിത സ്ത്രീവാദപരമായ സമീപനം

മാര്‍ച്ച് 22-കടമ്മനിട്ട രാമകൃഷ്ണന്‍ ജന്മദിനം

ബെറ്റിമോള്‍ മാത്യുവിന്റെ ‘കടമ്മനിട്ടയുടെ കവിതകള്‍-ഒരു സ്ത്രീപക്ഷ വായന‘ എന്ന പുസ്തകത്തില്‍ നിന്നും

സ്ത്രീവാദകാവ്യശാസ്ത്രത്തിന്റെ ലക്ഷ്യവും രീതിശാസ്ത്രവും പ്രഥമാദ്ധ്യായത്തില്‍തന്നെ  ചര്‍ച്ച ചെയ്തുകഴിഞ്ഞു. ആ രീതിശാസ്ത്രമുപയോഗിച്ചുകൊണ്ടു താന്ത്രിക ശാക്തേയ ദര്‍ശനങ്ങളെയും അമ്മദൈവാരാധനയെയും ആധുനികതയെയും രണ്ടാമദ്ധ്യായത്തില്‍ വിശകലനവിധേയമാക്കി. ഇതിലൂടെ ഭക്തിപ്രസ്ഥാനത്തിന്റെ ഉത്പന്നമെന്നും ദേവ്യാരാധനാപരമെന്നും കരുതിയിരുന്ന ഭാഷാവ്യവഹാരങ്ങളില്‍ പുരുഷനീതിയുടെ സ്ഥാപനവത്കൃതമൂല്യങ്ങള്‍ എപ്രകാരം അടങ്ങിയിരിക്കുന്നുവെന്നും അവ സര്‍വ്വാത്മനാ സ്വീകാര്യമാകുന്നതിലെ അപകടകരമായ അനീതിയും വെളിപ്പെടുത്താനായി. മൂന്നാമദ്ധ്യായത്തില്‍ കടമ്മനിട്ടക്കവിതയുടെ പൂര്‍വ്വപാരായണങ്ങളെ വിശകലനംചെയ്തു. ഈ പഠന വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ കടമ്മനിട്ടക്കവിതയെ അതിന്റെ Textസ്വഭാവാടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുകയും സ്ത്രീപക്ഷപഠനത്തിന്റെ പ്രത്യയശാസ്ത്രവും രീതിശാസ്ത്രവുമുപയോഗിച്ചു  വിശകലന വിധേയമാക്കുകയാണ് ഈ അദ്ധ്യായത്തില്‍. ആധുനികതയുടെ ഉരകല്ലില്‍ ഉരുത്തിരിഞ്ഞ മുന്‍കാല പഠനങ്ങള്‍ ഇവിടെയും ആനുഷംഗികമായി പരാമര്‍ശിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നു പ്രഥിതമായ സ്ത്രീബിംബങ്ങളെ സവിശേഷമായി വിലയിരുത്തുന്നു. ഇതിലേക്കായി സ്‌ത്രൈണപരാമര്‍ശങ്ങളെ ആഴത്തില്‍ പഠിക്കുകയും അവയുടെ സവിശേഷസ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു.

കടമ്മനിട്ട-വ്യക്തിയും കവിയും

വ്യക്തി

കടമ്മനിട്ട എന്നറിയപ്പെടുന്ന കടമ്മനിട്ട എം.ആര്‍. രാമകൃഷ്ണപ്പണിക്കര്‍ 1935 മാര്‍ച്ച് 25- നു ജനിച്ചു. അച്ഛന്‍ കടമ്മനിട്ട മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ കുട്ടിയമ്മ, മൈലപ്ര സ്‌കൂള്‍, കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശേരി എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികനില തൃപ്തികരമല്ലാതിരുന്നതിനാല്‍ ബിരുദാനന്തരപഠനം ഉപേക്ഷിച്ചു തൊഴിലന്വേഷകനായി. കുറേനാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിനു ചെലവഴിച്ചു.

1958-ല്‍ ജോലി തേടി പ്രവാസിയായി കല്‍ക്കത്തയിലെത്തി, ഖാദി വ്യവസായശാലയില്‍ ജോലിക്കാരനായി. 1959 മുതല്‍ 67 വരെ മദിരാശിയില്‍ പോസ്റ്റല്‍ അക്കൗണ്ട്‌സ് വകുപ്പില്‍ ഓഡിറ്ററായി ജോലി നോക്കി. 1967- ല്‍ തിരുവനന്തപുരത്തെത്തി 1992 വരെ തിരുവനന്തപുരത്തു പോസ്റ്റല്‍ അക്കൗണ്ട്‌സില്‍ ഉദ്യോഗസ്ഥനായി തുടര്‍ന്നു. 1992 മാര്‍ച്ച് 31-നു സര്‍വ്വീസില്‍നിന്നു പിരിഞ്ഞു. 1963-ല്‍ വിവാഹിതനായി. സര്‍വ്വീസില്‍നിന്നും പിരിഞ്ഞശേഷം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായി. 1996-2001 കാലയളവില്‍ ആറന്‍മുള നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച് നിയമസഭാംഗമായി. 2001-ല്‍ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.