‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’; പുസ്തകചര്‍ച്ച നടന്നു
സി എസ് ചന്ദ്രികയുടെ ‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം കൂറ്റനാട് യൂണിറ്റും ജനകീയ വായനശാല കൂറ്റനാടും ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തകചര്‍ച്ചയിൽ പുസ്തകത്തെ അധികരിച്ച് ജയശ്രീ ഷോര്‍ട്ട് ഫിലിം നായിക പുഷ്പാ രാജൻ സംസാരിച്ചു. കവിതകളിലൂടെയും ഗാന ശകലങ്ങളിലൂടെയും വിഷയം പ്രണയസുരഭിലവും സരസവുമായ ശൈലിയിൽ പുഷ്പ അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിനു വേണ്ടി സൂര്യ സാനു സ്വാഗതവും സാവിത്രി ടീച്ചർ അധ്യക്ഷതയും രാധാകൃഷ്ണൻ മാഷ് ആമുഖ പ്രഭാഷണവും നിർവഹിച്ചു.
വേദിയും സദസ്സും എന്ന അതിരില്ലാതെ ഓരോരുത്തരും അവരവരുടെ പ്രണയാനുഭവങ്ങൾ പങ്കുവച്ചു.
‘മാംസനിബദ്ധമാവണം രാഗമെന്ന് ചിലർ – നിരുപാധിക പ്രണയമാണ് സംശുദ്ധമെന്ന് ചിലർ. അങ്ങിനെ സംവാദം ഊഷ്മളമായി. പാതിവ്രത്യ പ്രണയമാണ് യഥാർത്ഥമെന്ന വാദവുമുണ്ടായി. പ്രണയത്തിന്റെ ബഹുമുഖത്വവും ബഹുസ്വരതയും ഇഴചേർക്കപ്പെട്ടു.
”എഴുതുമ്പോൾ ഈ വിധം വായിക്കപ്പെടണമെന്ന് ഞാനാഗ്രഹിച്ചിരുന്നു . ഇപ്പോൾ മനുഷ്യർ പരസ്യമായി ഒന്നിച്ചിരുന്ന് ഈ പുസ്തകം വായിക്കുകയും സ്വന്തം പ്രണയാനുഭവങ്ങളും മറ്റും പങ്കുവെയ്ക്കുകയും ചെയ്യുന്ന ഈ കാഴ്ച മനോഹരമാണ്. പ്രണയകാമസൂത്രം ചർച്ച ചെയ്യാൻ മുൻകൈ എടുത്തത് പുരോഗമന കലാസാഹിത്യ സംഘമാണ് എന്നത് ഒരേ സമയം അത്ഭുതവും ആഹ്ലാദവും എന്നിൽ നിറച്ചിരിക്കുന്നു. തീർച്ചയായും കേരളം മാറുന്നുണ്ട്. മാറട്ടെ. ലൈംഗികതയുടെ മേലുള്ള അജ്ഞതയുടെ കൂരിരുട്ട് നീങ്ങി പ്രകാശം നിറയട്ടെ” – പുസ്തകചർച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സി എസ് ചന്ദ്രിക ഫേസ്ബുക്കിൽ കുറിച്ചു.
തീക്ഷ്ണമായ പരസ്പര പ്രണയത്തില്‍ മനോധര്‍മ്മ, ഭാവനകള്‍ക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകള് മുളച്ചുവരും. അതാണ് പ്രണയകാമസൂത്രം. ഇങ്ങനെയുള്ള ജീവിതലഹരിയുടെ പുസ്തകമാണ് സി.എസ് ചന്ദ്രിക രചിച്ചിരിക്കുന്ന പ്രണയകാമസൂത്രം അഥവാ ആയിരം ഉമ്മകള്‍.
സി എസ് ചന്ദ്രികയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.