‘മണ്‍കുഞ്ഞ്’ ; ടി പ്രശാന്ത്കുമാര്‍ എഴുതിയ കഥ
വര: സുധീഷ് കോട്ടേമ്പ്രം, ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
പാതിരാവില്‍ ദൈവക്കോലമഴിച്ചാല്‍ ദൈവം മനുഷ്യനാവും. റാക്കു ചാരായത്തിന്റെ ഉന്മാദത്തില് ശരീരത്തിലേക്കിഴയുന്നത്
ദൈവമാണോ മനുഷ്യനാണോയെന്ന് ഭാനുമതിക്ക് എപ്പോഴും സന്ദേഹമായിരുന്നു
കമ്മാളന്തറയിലെ വേല പിരിയുകയാണ്. കരിമ്പനകളില്‍ കുടിയിരിക്കുന്ന പേരറിയാത്ത ദൈവങ്ങളുടെ ഹുങ്കാരം മുഴങ്ങി. തോടയും
ആടയാഭരണങ്ങളുമഴിച്ച് തെയ്യങ്ങള്‍ തീക്കുണ്ഡങ്ങള്ക്കു മുന്നില്‍ ഉപചാരം ചൊല്ലിപ്പിപിരിഞ്ഞു. ഉടവാളും ചിലമ്പും അരമണിയും തിരുനടയിലിരുന്ന് കലമ്പി. കെട്ടുകാഴ്ചകളുടെ മേനിപറഞ്ഞ് ആണും പെണ്ണും ഉറക്കച്ചടവോടെ നാട്ടിടവഴികള്‍ താണ്ടിത്തുടങ്ങി. കശുമാവിന് നീരിട്ട് വാറ്റിയ ചാരായത്തിന്റെ മയക്കത്തില്‍ നാരായണന്‍മൂശാരി ഊട്ടുപുരയിലേക്ക് മറിഞ്ഞു. തലേന്ന് കെട്ടിയാടിയ ദൈത്തിന്റെ തിരുശേഷിപ്പുകള്‍ അയാളുടെ മുഖത്ത് കറുപ്പും ചെമപ്പും നിറങ്ങളായി കുഴഞ്ഞു കിടന്നു. നേരം പുലരുകയാണ്.
ഭാനുമതി മുണ്ട് കുടഞ്ഞ് എണീറ്റു. എവിടെയോ ഒരു കാലന്കോാഴി കൂകുന്നുണ്ട്. പുലരും മുമ്പേ പുഴ കടക്കണം. ഓട്ടുരുളിയിലെ വെള്ളത്തിലേക്ക് നോക്കിയപ്പോള്‍ മുഖത്ത് ചെമപ്പും കറുപ്പും കുഴഞ്ഞു കിടക്കുന്നു. ഇന്നലെ രാവിലെപ്പോഴോ ദൈവം ഉമ്മ വച്ചതാണ്. ദൈവം കടിച്ചു മുറിവേല്‍പ്പിച്ച ചുണ്ടുകള്‍ തിണര്‍ത്തു കിടക്കുന്നു. ദൈവമൊഴിഞ്ഞ നാരായണന്‍മൂശാരി തൊട്ടടുത്ത് കിടക്കുന്നത് ഭാനുമതി നോക്കി. ഉറക്കത്തിലെന്തോ പിരാന്തും പറഞ്ഞ് നാരായണന്‍മൂശാരി മലര്‍ന്നു കിടക്കുകയാണ്. ഒരനുഷ്ഠാനംപോലെ
ദൈവക്കോലങ്ങള്‍ ഓരോ കമ്മാളന്തറ ഉത്സവരാവിലും തന്നെ പ്രാപിക്കാറുള്ളത് ഭാനുമതി ഓര്‍ത്തു.
പാതിരാവില്‍ ദൈവക്കോലമഴിച്ചാല്‍ ദൈവം മനുഷ്യനാവും. റാക്കുചാരായത്തിന്റെ ഉന്മാദത്തില് ശരീരത്തിലേക്കിഴയുന്നത് ദൈവമാണോ മനുഷ്യനാണോയെന്ന് ഭാനുമതിക്ക് എപ്പോഴും സന്ദേഹമായിരുന്നു. ഊട്ടുപുരയുടെ കതക് തുറന്ന് ഭാനുമതി പുറത്തേക്ക് നോക്കി. ഇരുളു മായുന്നതേയുള്ളു. തിരിഞ്ഞു നോക്കിയപ്പോള്‍ നാരായണന്‍മൂശാരി ഉറക്കംതന്നെ. സ്ഥാനം തെറ്റിയ ഒറ്റമുണ്ടിനിടയില്‍ ദൈവത്തിന്റെ ലിംഗം വളഞ്ഞ് ചുരുണ്ട് ഒരു കുഞ്ഞിനെപ്പോലെ കിടക്കുന്നു. ഭാനുമതിയുടെ അടിവയറ്റില്‍ ഒരു കിരുകിരിപ്പ് തോന്നി.
ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു കുഞ്ഞിന്റെ അനക്കം പോലെ.
കമ്മാളന്തറക്കോവിലിനു മുന്നിലൂടെ മേല്‍മുണ്ടും പുതച്ച് കോഴിക്കുരുതിയുടെ ചോരമണക്കുന്ന കുരുതിക്കല്ലും കടന്ന്, നാരായണന്മൂ
ശാരിയുടെ വിയര്‍പ്പും ചാരായവും ഒട്ടിപ്പിടിച്ച ശരീരവുമായി ഭാനുമതിപുഴക്കടവിലേക്ക് നടന്നു. ശിലയില്‍ നിന്നും മനുഷ്യനിലേക്കും തിരിച്ചും പരകായപ്രവേശം ചെയ്ത ദൈവം മുനിഞ്ഞു കത്തുന്ന നിലവിളക്കിന്റെ പ്രഭയില്‍ കോവിലില്‍ പ്രകാശിച്ചുനിന്നു.
പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.