DCBOOKS
Malayalam News Literature Website

പ്രണയത്തിന്റെ വിചാരഭാഷ: ശാരദക്കുട്ടി

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങുകയില്ല.
എന്റെ ഓര്‍മ്മയില്‍ കാടുകളുണ്ട്. (സച്ചിദാനന്ദന്‍)

നിറവും ഗന്ധവും ധ്യാനവും രതിയുമായി നിറഞ്ഞ് എന്റെ ഓര്‍മ്മയില്‍ കാടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് പ്രണയം വിചാരം ചെയ്യാനുള്ള തത്ത്വമല്ല. പ്രണയിക്കല്‍തന്നെയാണ്. എനിക്കതിനെ നിര്‍വചിക്കാനോ നിര്‍ധാരണം ചെയ്യാനോ അറിയില്ല. ഇഷ്ടപ്പെടുന്ന ഒന്നിനെ സ്വയം മറന്നറിയുക എന്നതിനപ്പുറം പ്രണയം മറ്റെന്താണാവേണ്ടത് ഇളകുന്ന ഒരിലപോലും ചിലപ്പോള്‍ എന്നെ രതിമൂര്‍ച്ഛയുടെ ആനന്ദസാക്ഷാത്കാരത്തിലെത്തിക്കാറുണ്ട്. തെന്നിക്കളിക്കുന്ന നക്ഷത്രമോ സന്ധ്യനേരത്തെ കാറ്റു കൊണ്ടുവരുന്ന കര്‍പ്പൂരഗന്ധമോ ശാന്തതയെ സാന്ദ്രമാക്കുന്ന സംഗീതമോ ചിലപ്പോള്‍ എന്നെ ഉന്മത്തയാക്കിയേക്കാം. കമിതാവിന്റെ സാന്നിധ്യത്തിലെന്ന പോലെ ശരീരം അതിന്റെ പ്രണയതീവ്രത പ്രകടമാക്കിക്കൊണ്ടേയിരിക്കും. ആ സാന്ദ്രനിമിഷങ്ങളിലാവും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ക്ഷീരപഥത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന തോന്നലില്‍ ഉടല്‍ കനമില്ലാതെ ഉയര്‍ന്നു പൊങ്ങുന്നത്. പ്രണയം സ്വാതന്ത്ര്യമാണ്. അസ്വാതന്ത്ര്യവുമാണ്. ആസക്തിയുടെ അഗ്നിയില്‍ ഉരുകിയുരുകി ശരീരം ആത്മാവിനെ ശുദ്ധീകരിക്കുകയാണ്. ലോലമോ തരളമോ അല്ല അതിന്റെ ഭാവങ്ങള്‍. പ്രണയത്തിന്റെ ഊര്‍ജ്ജം ഒരു പ്രവാഹമായി, നദിയായി, ആഞ്ഞടിക്കുന്ന തിരമാലയായി,
തകര്‍ത്തുപെയ്യുന്ന മഴയായി, ഇടിയും മിന്നലുമായി എന്നെ ഹര്‍ഷോന്മാദങ്ങളിലേക്ക് ആനയിക്കാറുണ്ട്. ഏറ്റവും നിഗൂഢമായ ഒരാനന്ദാനുഭവത്തില്‍ സ്വയം മറന്നിരിക്കുമ്പോള്‍, ഓരോ അണുവും പ്രണയത്തില്‍ മുഴുകുമ്പോള്‍ ശരീരം ക്ഷേത്രവും ആനന്ദം അതിലെ ദൈവവുമാകുന്നു. ഒരിക്കല്‍ അറിഞ്ഞിട്ടില്ലാത്തതിനെ പിന്നീടൊരിക്കല്‍ ഓര്‍മ്മിച്ചെടുക്കാനാവില്ല. ഓര്‍മ്മ എന്നത് പൂര്‍വാനുഭവത്തിന്റെ പുനരാവിഷ്‌കാരമാണ്.

അലഞ്ഞുതിരിയാനാഗ്രഹമുള്ള പതിന്നാലാം വയസ്സില്‍ മോഹങ്ങള്‍ കള്ളന്മാരെപ്പോലെ മതില്‍ചാടി ഒച്ചയുണ്ടാക്കാതെ പിന്‍വാതില്‍വഴി അകത്തു കടന്നു. തൊഴുതിട്ടും തൊഴുതിട്ടും മതിയാകാതെ അമ്പലത്തിനു പ്രദക്ഷിണം വയ്ക്കുന്ന പെണ്‍കുട്ടിയാണിപ്പോള്‍ ഞാന്‍. ഉത്സവക്കാലമല്ലേ, അവധിദിവസങ്ങളല്ലേ. അമ്പലത്തില്‍ എത്രദിവസം വേണമെങ്കിലും ചുറ്റിക്കറങ്ങാം. ആഹ്ലാദവും ആവേശവും എന്റെ പിന്നാലെയോ ഞാന്‍ അവയുടെ പിന്നാലെയോ? ഉത്തേജനങ്ങള്‍ എന്റെ ചിറകിലോ ഞാന്‍ അവയുടെ ചിറകിലോ? വസന്തത്തിന്റെ ആഗമനം ആണ്‍കുട്ടികളെക്കാള്‍ ആദ്യം പെണ്‍കുട്ടികളാണോ അറിയുക? ഋതുസംക്രമങ്ങളില്‍ ആണ്‍കുട്ടികള്‍ ഇത്ര പരിഭ്രാന്തരാകാറുണ്ടോ? ഭൂമിയിലും സ്വര്‍ഗ്ഗത്തിലും കാലുറയ്ക്കാത്ത അവസ്ഥ. പ്രദക്ഷിണവഴിയിലെ ഓരോ വലംവയ്പിനൊടുവിലും കണ്ണുകള്‍ പാളിവീഴുന്നത് ആനപ്പുറത്ത് തിടമ്പേറ്റിയിരുന്ന യുവാവിന്റെ നേര്‍ക്ക്. അവിടെയെത്തുമ്പോള്‍ നടപ്പിനു മുന്‍പില്ലാത്തൊരു താളം. അറിയാത്ത നോട്ടവും ചിരിയും. വാക്കുകളില്ലാതെ സ്വയം സംസാരിച്ചുകൊണ്ടേയിരുന്നു. അച്ചടക്കമുള്ള ‘കുടുംബത്തില്‍ പിറന്ന’ പെണ്‍കുട്ടികള്‍ക്ക് ഇണങ്ങുന്നതല്ലെന്നറിയാവുന്ന ചില ഭാവമാറ്റങ്ങള്‍ സ്വയമറിയാതെയാണ് വന്നുചേരുന്നത്. ഭക്തിയെ ന്നത് അന്നത്തേതുപോലെ കപടമായിരുന്നില്ല പിന്നീടൊരി
ക്കലും. തിടമ്പേന്തിയ തിളങ്ങുന്ന മുഖത്തേക്കു നോക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ശീവേലിയും ഉത്സവവും ഒന്നും തീരരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. ഒന്നിനുമല്ല. നെഞ്ചിനുള്ളില്‍ കൊട്ടിക്കയറുന്ന പഞ്ചാരിയുടെയും പാണ്ടിമേളത്തിന്റെയും ലഹരി നിലനിര്‍ത്താന്‍വേണ്ടി മാത്രം. അമ്പലമുറ്റത്ത് ഇനിയുമെത്ര പെണ്‍കുട്ടികളുണ്ടായിരുന്നിരിക്കാം ഇങ്ങനെ പൊയ്ക്കാലില്‍ നടക്കുന്നവര്‍!

‘എന്റെയല്ലന്റെയല്ലിക്കൊമ്പനാനകള്‍.
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ’

എന്ന് തുപ്പന്‍നമ്പൂതിരിയുടെ ‘ദൈന്യം’ പിന്നീട് വായിച്ചപ്പോള്‍ മനസ്സിലോടിയെത്തിയത് ആ പഴയ മുഖം. ഉപ്പിനും ചോറിനും വേണ്ടി അന്യന്റെ ചൊല്പടിക്കിട്ട ബലിമൃഗമായി ആ തിരുമേനിയെ സങ്കല്പിക്കുന്നത് സങ്കടമായിരുന്നു. ഉത്സവക്കാലത്തല്ലാതെ കണ്ടിട്ടില്ലാത്ത ആ കണ്ണുകള്‍ പിന്തുടരുന്നുണ്ടാവുമെന്ന ഭാവത്തിലാണ് വെണ്മേഘംപോലെ ഇളകിനടക്കാന്‍ ഞാന്‍ ആദ്യമായി ശ്രമിച്ചത്. ആനപ്പുറത്തിരുന്നുകൊണ്ട് കുഞ്ചുനായര്‍ കുഞ്ഞിക്കാവമ്മയെ കണ്ടു മോഹിച്ചില്ലേ? അതുപോലെ മഹാലക്ഷ്മിയുടേതുപോലുള്ള കുഞ്ഞിക്കാവിന്റെ നില്പ് എഴുപത്തിയഞ്ചാം വയസ്സിലും കുഞ്ചുനായരെ കുളിരണിയിക്കുന്നത് ‘മോതിര’ത്തില്‍ വായിച്ചതാണ്. കാതിലെ തോടയും മൂക്കിലെ വൈരമൂക്കുത്തിയും ബാലഗോപാലനാനയുടെ മസ്തകംപോലത്തെ മാറിടവും അവിടെ പറ്റിക്കിടക്കുന്ന നാഗപടത്താലിയും കണ്ട് ആനപ്പുറത്തിരുന്ന് കുഞ്ചുനായര്‍ കൊതിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ക്ലാസ്സില്‍ ആ കഥ പഠിപ്പിച്ചപ്പോള്‍ ടീച്ചറുടെ പഴയ ഇളക്കത്തിന്റെ കഥ കുട്ടികളുമായി പങ്കുവച്ചു.

 

Comments are closed.