DCBOOKS
Malayalam News Literature Website

സദാചാരം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ല: ഷക്കീല


സദാചാരം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ലെന്ന് തെന്നിന്ത്യന്‍ താരം ഷക്കീല. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസം ‘സദാചാരം എന്ന മിഥ്യ ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഷക്കീല എന്ന വാക്ക് ഒരു ബ്രാന്‍ഡാക്കിയത് മലയാളം സിനിമയാണെന്നും എന്നാല്‍ ഇന്ന് മലയാളസിനിമയ്ക്ക് തന്നെ ഭയമാണെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം എന്റെ കുടുംബത്തിനു കൊടുത്തുകഴിഞ്ഞു. ഇപ്പോള്‍ എന്റെ കയ്യില്‍ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് ആദായനികുതി വകുപ്പിനെ ഭയമില്ല. എന്റെ സമ്പാദ്യം ഞാന്‍ വേറെ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല. അങ്ങനെയുള്ള പ്രചാരണം തീര്‍ത്തും തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചുവെന്നതിനാല്‍ ഞാന്‍ ഒരു അനാഥയല്ല. എന്നെ സ്‌നേഹിക്കാന്‍ ആയിരത്തില്‍ കൂടുതല്‍ ട്രാന്‍സ്‌പേഴ്‌സണ്‍സ് ഉണ്ട്. അവര്‍ക്ക് ഞാന്‍ അമ്മയാണ് അമ്മമ്മയാണ്. ഒരുപാട് കുത്തുവാക്കുകള്‍ നേരിട്ടാണ് ഇവിടംവരെ എത്തിയത്. എന്റെ പിന്നില്‍ നിന്നു പറയുന്നവരെ ഞാന്‍ കാര്യമാക്കാറില്ല. കാരണം എന്റെ മുന്നില്‍ വന്നു പറയാന്‍ അവര്‍ക്ക് ധൈര്യമുണ്ടാവില്ലെന്നും ഷക്കീല പറഞ്ഞു.

ഇനി മലയാളസിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് തീര്‍ച്ചയായും ഒരു അവസരം കിട്ടിയാല്‍ മലയാളസിനിമയില്‍ അഭിനയിക്കുമെന്ന് താരം പറഞ്ഞു. ഷക്കീല ആയിരങ്ങളുടെ മനസ്സില്‍ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് ഇവിടെ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഈ ജനസാഗരമെന്നും അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു.

ഒരു ഇടവേളക്കുശേഷം മലബാറിലേക്ക് എത്തിയ താരത്തെ കാണാന്‍ നിരവധി പേരാണ് ലിറ്ററേച്ചറല്‍ ഫെസ്റ്റിവലിന്റെ മൂന്നാം വേദിയായ എഴുത്തോലയിലേക്ക് ഒഴുകിയെത്തിയിരുന്നത്. സെഷന്‍ ദീദി ദാമോദരന്‍ നയിച്ചു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.