DCBOOKS
Malayalam News Literature Website

മാർക്കറ്റിംഗ് ഇല്ലാതിരുന്നിട്ടും 2018നെ വൻ വിജയമാക്കിയത് മലയാളികൾ: ജൂഡ് ആൻറണി ജോസഫ്


വലിയതോതിലുള്ള മാര്‍ക്കറ്റിംഗ് ഇല്ലാതിരുന്നിട്ടും തന്റെ സിനിമയായ 2018 നെ വന്‍വിജയമാക്കിയത് മലയാളി പ്രേക്ഷകരാണെന്ന് ജൂഡ് ആന്റണി ജോസഫ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം റിയല്‍ ടു റീല്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസി ജോസഫ്, ജി ആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ കൂടി പങ്കെടുത്ത സെഷനില്‍ മനീഷ് നാരായണനാണ് മോഡറേറ്ററായത്.

2018 പോലെ ഒരു സിനിമ തനിക്ക് സംവിധാനം ചെയ്യാന്‍ കഴിയുമെങ്കില്‍ ഏതൊരു സാധാരണക്കാരനും സിനിമ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. സിനിമാപ്രവര്‍ത്തകര്‍ സിനിമയുടെ നിര്‍മ്മാണ പ്രക്രിയയ്ക്കായി ചെലവിടുന്ന ഊര്‍ജ്ജത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും അത്തരത്തിലുള്ള ബഹുമാനം ലഭിക്കാത്ത അവസ്ഥ കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2018 സിനിമയില്‍ എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ ചിത്രീകരിച്ചില്ല എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും അവരുടെ രാഷ്ട്രീയമുണ്ടെന്നും നിങ്ങളുടെ രാഷ്ട്രീയം എന്റെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു ജൂഡിന്റെ മറുപടി.

സിനിമയിലെ ജീവിതങ്ങള്‍ കെട്ടുകഥകളെക്കാള്‍ നാടകീയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജോസി ജോസഫ് പറഞ്ഞു. പത്തോ പന്ത്രണ്ടോ കോടി ചെലവഴിച്ച് കേരള ടൂറിസം ക്യാമ്പയിന്‍ നടത്തുന്ന സര്‍ക്കാര്‍ രണ്ടോ മൂന്നോ കോടി മുടക്കാന്‍ തയ്യാറായാല്‍ ജൂഡ് ആന്റണിയെ പോലുള്ള സംവിധായകര്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സാഹിത്യസൃഷ്ടി സിനിമയാകുന്ന പ്രക്രിയയെക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംവിധായകരുടെയും അണിയറ പ്രവര്‍ത്തകരുടെയും ബുദ്ധിമുട്ടുകളെക്കുറിച്ചുമാണ് എഴുത്തുകാരനായ ജി ആര്‍ ഇന്ദുഗോപന്‍ സംസാരിച്ചത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.