DCBOOKS
Malayalam News Literature Website

ഇന്ത്യയിലെ മാധ്യമങ്ങൾ കേന്ദ്ര ഗവൺമെന്റിന് വേണ്ടി പാദപൂജ ചെയ്യുന്നു: എം ബി രാജേഷ്

ഇന്ത്യയിലെ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി പാദപൂജ നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനില്‍ കഥ വേദിയില്‍ ‘ എന്റെ നാടുകടത്തല്‍: സ്വദേശാഭിമാനി ‘ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശാഭിമാനിയെ നാടുകടത്തിയത് തിരുവിതാംകൂര്‍ രാജാധികാരത്തിനെതിരെ എഴുതിയതുകൊണ്ടാണ്. നാടുകടത്തല്‍ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ പല മാധ്യമങ്ങളും ഇക്കാര്യത്തില്‍ അന്നത്തെ ഭരണത്തെ വിമര്‍ശിച്ചിരുന്നു. അന്നത്തെ കാലത്ത് മാധ്യമങ്ങള്‍ക്കെതിരെയുണ്ടായ പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ക്കെതിരെ ഇന്നുണ്ടാകുന്ന പ്രശ്‌നങ്ങളും തമ്മില്‍ സാദൃശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിന് കീഴടങ്ങിയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിരീക്ഷിച്ച എം ബി രാജേഷ് മാധ്യമങ്ങള്‍ കേന്ദ്ര ഭരണകൂടവുമായി സഖ്യത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ചരക്കുവത്ക്കരിക്കപ്പെടുന്നുവെന്നും ആളുകളെ ആകര്‍ഷിക്കുക മാത്രമാണ് ഇന്ന് വാര്‍ത്തകളുടെ ലക്ഷ്യമെന്നും പുതിയകാലം വാര്‍ത്താധിക്യകാലമാണെന്നും ഭരണകൂടങ്ങള്‍ എന്നും മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ചെയ്യണ്ടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ വര്‍ഗ്ഗപരമായിട്ടുള്ള പക്ഷപാതിത്വം കാണിക്കുന്നുവെന്നും പ്രധാന വാര്‍ത്തകളെ അപ്രധാന വാര്‍ത്തകളാക്കി മാറ്റുന്നുവെന്നുള്ള അഭിപ്രായം തനിക്കുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഹിന്ദുത്വവാദത്തിന്റെ കീഴില്‍ മാധ്യമങ്ങള്‍ ഭരണകൂടവേട്ടയെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.