കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024 പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. KLF2024 എന്ന ആപ്പിലും, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വെബ്സൈറ്റിലും പ്രോഗ്രാം ഷെഡ്യൂള്‍ ലഭ്യമാണ്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പ് 2024 ജനുവരി 11, 12, 13, 14 തീയതികളില്‍ നടക്കും. യുനെസ്കോയുടെ സാഹിത്യനഗരം എന്ന പദവി നേടിയ കോഴിക്കോട് വെച്ച് നടക്കുന്ന കെഎൽഎഫിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും. മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 500 –ലധികം പ്രമുഖർ പങ്കെടുക്കുന്ന 300-ലേറെ സംവാദങ്ങൾക്കാണ് ഏഴാം പതിപ്പ് സാക്ഷ്യം വഹിക്കുക. ആറ് വേദികളിൽ നാല് ദിവസങ്ങളിലായി സയൻസ്, സാങ്കേതികം, ചരിത്രം, കല, രാഷ്ട്രീയം, സാഹിത്യം, സംരഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം, കായികം തുടങ്ങി വിവിധ മേഖലകൾ ചർച്ചചെയ്യപ്പെടും.
ഓര്‍ഹന്‍ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുര്‍ക്കിയാണ് ഇത്തവണത്തെ അതിഥി രാജ്യം. തുര്‍ക്കി റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയാകും. തുർക്കിയെ കൂടാതെ യുകെ, വെയ്ൽസ്, ജപ്പാൻ, യുഎസ്എ, മലേഷ്യ, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള പ്രമുഖരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി, തുര്‍ക്കി അംബാസിഡര്‍ ഫിറാത് സുനേല്‍, എബ്രഹാം വര്‍ഗ്ഗീസ്, വില്യം ഡാൽറിമ്പിൾ, ജെറി പിന്റോ, അമീഷ് ത്രിപാഠി, മോണിക ഹലൻ, ബൃന്ദ കാരാട്ട്, പീയുഷ് പാണ്ഡെ, മണിപ്പൂരില്‍ നിന്നുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ തൗണോജം ബൃന്ദ, കൃഷ് അശോക്, പ്രഹ്ലാദ് കക്കർ, പ്രകാശ് രാജ്, പളനിവേൽ ത്യാഗരാജൻ, പെരുമാള്‍ മുരുകന്‍, മല്ലിക സാരാഭായ്, രഘുറാം രാജൻ, ഗുർചരൺ ദാസ്, മണിശങ്കർ അയ്യർ, കാനൻ ഗിൽ, ഹരീഷ് ശിവരാമകൃഷ്ണന്‍, ബർഖ ദത്ത്, ദുർജോയ് ദത്ത, സൂരജ് യെങ്‌ഡെ, ശോഭ തരൂർ ശ്രീനിവാസൻ, സുന്ദർ സർക്കൈ, അൽക്ക പാണ്ഡെ, പ്രീതി ഷെണോയി, ബാച്ചി കർക്കാരിയ, ശശി തരൂർ, മുഗ്ധ സിൻഹ, പാറക്കാല പ്രഭാകർ, എം ടി, എം മുകുന്ദന്‍, എന്‍ എസ് മാധവന്‍, ഷീല, സക്കറിയ, ഉർവ്വശി ഭൂട്ടാലിയ, എതിരന്‍ കതിരവന്‍, ടി ഡി രാമകൃഷ്ണന്‍, ബെന്യാമിന്‍, കെ ആര്‍ മീര, സുനില്‍ പി ഇളയിടം, ഗോപി കല്ലായിൽ, റസൂൽ പൂക്കുട്ടി, ഫാ.ബോബി ജോസ് കട്ടികാട് , കെ കെ ശൈലജ, അനിത നായർ, സുഭാഷ് ചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ വായനക്കാരുമായി സംവദിക്കും.
ഇത്തവണ മുതല്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് കെഎല്‍എഫും ഉണ്ടായിരിക്കും. മനു ജോസ് ആണ് സികെഎല്‍എഫ് ക്യൂറേറ്റ് ചെയ്യുന്നത്. അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘നൃത്തസാദരം എം ടി’, ടി എം കൃഷ്ണയും വിക്കു വിനായക്റാമും ചേർന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശ, റൂമിയുടെ ജന്മനാടായ കോന്യയിൽനിന്നെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാൻഡിന്റെ സംഗീതനിശ എന്നിവ ഉള്‍പ്പെടെ വിവിധ സാംസ്കാരിക പരിപാടികളും വ്യത്യസ്ത ദിവസങ്ങളിലായി അരങ്ങേറും. കൂടാതെ എല്ലാ ദിവസവും രാത്രി വിവിധ ഭാഷകളിലെ പ്രശസ്തചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
യുവ എഴുത്തുകാരെ കണ്ടെത്തുന്നതിലും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിലും കെഎല്‍എഫ് എന്നും മുന്‍പന്തിയിലുണ്ട്. ഇതിന്റെ ഭാഗമായി എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രകൃതിയുമായി ചേര്‍ന്ന് നിന്നുകൊണ്ട് അവരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പുക്കുന്നതിനായി വാഗമണില്‍ ഒരു റെസിഡന്‍സിയും ഡി സി ബുക്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഫ്രാന്‍സ്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഇതിനോടകം വാഗമണ്‍ റസിഡന്‍സിയുടെ ഭാഗമായിട്ടുണ്ട്.
കവി കെ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും രവി ഡി സി ചീഫ് ഫെസിലിറ്റേറ്ററുമാണ്. ചെയര്‍മാന്‍ എ പ്രദീപ് കുമാറും ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീമും ഉള്‍പ്പെട്ടതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘാടകസമിതി.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
- https://apps.apple.com/ro/app/klf/id6444764749
- https://play.google.com/store/apps/details?id=com.klf.user.keralaliteraturefestival
Comments are closed.