DCBOOKS
Malayalam News Literature Website

മനുഷ്യന്‍ അറിവുകള്‍ ദുരുപയോഗപ്പെടുമ്പോള്‍…!

ശ്രീപാര്‍വ്വതിയുടെ  ‘ലില്ലി ബെര്‍ണാഡ്  ‘ എന്ന നോവലിനെക്കുറിച്ച് വിനീത മാര്‍ട്ടിന്‍ എഴുതിയ വായനാനുഭവം

അറിവുകളെ ആഴത്തിൽ ഉൾക്കൊള്ളാനുള്ള കഴിവ്  മനുഷ്യമസ്തിഷ്കത്തെ പ്രകൃതി എന്ന ഗ്രന്ഥത്തിലെ കരുത്തുറ്റ അധ്യായങ്ങളിലൊന്നാക്കുന്നു. സൃഷ്ടിയുടെയും പുരോഗതിയുടെയും പ്രതിരോധത്തിന്റെയും പാതകൾ തുറക്കുന്ന അറിവുകൾ മനുഷ്യരുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ചാലകശക്തിയാകുന്നു. അറിവിൽ  സാധ്യതകളുടെ നിറവുണ്ട്.  അതിജീവനത്തിന്റെയും അത്യാഹിതത്തിന്റെയും സമവാക്യങ്ങൾ ഈ നിറവിൽ  അന്തർലീനമായിരിക്കുന്നു. ശാസ്ത്രീയമായ അറിവുകൾ  മാനവരാശിയുടെ അതിജീവനചരിത്രത്തിലെ നാഴികക്കല്ലുകളാണ്. എന്നാൽ  സങ്കുചിതവീക്ഷണങ്ങളുടെ  വിഷസ്പർശവും  ഈ അറിവുകളും  ചേരുമ്പോൾ മാരകമായ വിപത്തുകളിലേക്കുള്ള വാതിലുകൾ തുറക്കുന്നു. ജൈവായുധങ്ങളുടെ പിറവിയും നാസി  തടങ്കൽപാളയങ്ങളിലെ Textമനുഷ്യത്വരഹിതമായ വൈദ്യപരീക്ഷണങ്ങളുമെല്ലാം ഈ ഇരുണ്ട മേളനത്തിന്റെ ഉൽപന്നങ്ങളത്രെ. ശ്രീപാർവതി  രചിച്ച ” ലില്ലി ബെർണാഡ് ”  എന്ന നോവലിൽ തെളിയുന്നത്  മനുഷ്യർ  അറിവുകൾ  ദുരുപയോഗം ചെയ്യുമ്പോൾ പിറക്കുന്ന സങ്കീർണതകളുടെ   രേഖാചിത്രമാണ് .

പ്രശസ്തിയുടെ  നഭസ്സിൽ തിളങ്ങിയ ലില്ലി ബെർണാഡ് എന്ന ചലച്ചിത്രതാരം അപ്രതീക്ഷിതമായി കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറയുന്നു. ആ അരങ്ങൊഴിയലിന്റെ അണിയറയിലെ ചോദ്യങ്ങളുടെ ഇരുളിടങ്ങളിലേക്ക് ജില്ലാ പോലീസ് മേധാവി ഡെറിക് ജോണും സംഘവും നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ്  കഥാഗതി പുരോഗമിക്കുന്നത്.  നമ്മുടെ സമൂഹം ഇന്ന്  അഭിമുഖീകരിക്കുന്ന ഇരുണ്ട പ്രഹേളികകളിലേക്ക് ഈ അന്വേഷകരുടെ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നു. ലഹരിമരുന്നുകൾക്ക് അടിമപ്പെടുന്ന യുവത്വവും അന്ധമായ പ്രണയപ്പകയാൽ അപഹരിക്കപ്പെടുന്ന ജീവിതങ്ങളും  പ്രഹേളികകളിൽ ഉൾപ്പെടുന്നുണ്ട്.

വേദനയിൽ നിന്ന് ആശ്വാസം തേടി തന്നെ സമീപിച്ച പെൺകുട്ടിയെ മെഡിസിൻ ലഹരിയുടെ ലോകത്തേക്ക് നയിച്ച് ചൂഷണം ചെയ്യുന്ന സേവ്യർ അലക്സ്‌ എന്ന ഭിഷഗ്വരനെ ഈ താളുകളിൽ കാണാം. സൗഖ്യദായകനാകേണ്ട വ്യക്തി ചങ്ങല ചമയ്ക്കുന്ന കാഴ്ച.

പ്രണയപ്പകയിൽ  കുരുത്ത ഉന്മാദത്താൽ ബന്ധിതനായ സതീർത്ഥ്യന്റെ കൈകളാൽ മരണത്തിലേക്ക്  അയക്കപ്പെടുന്ന ഡയാന എന്ന വൈദ്യവിദ്യാർത്ഥിനി സമകാലികസമൂഹത്തിലെ നീറുന്ന നേരുകളിലൊന്നിനെ  പ്രതിനിധീകരിക്കുന്നു. ” എന്റേതല്ലെങ്കിൽ പിന്നെ വേറെ ആരുടേതുമാകണ്ട ” എന്ന വിചാരത്താൽ ഉന്മത്തരാവുകയും തന്റെ പ്രണയം നിരസിച്ചവളുടെ മുന്നിൽ മൃതിയുടെ ദൂതരായി മാറുകയും ചെയ്യുന്ന കാമുകരുടെ കാലമാണല്ലോ ഇത്. തന്നിലേക്ക് തന്നെ ചുരുങ്ങുന്ന മർത്യരിൽ  പലരും  ഇടുങ്ങിയ വിചാരങ്ങളിൽ  സ്വന്തം  ചിത്തത്തെ  കുടുക്കിയിടുന്നു.  ഇവരുടെ പ്രണയത്തിൽ പക്വതയ്ക്കും പ്രതിബദ്ധതയ്ക്കും ഇടമില്ലാതാകുമ്പോൾ  സമസ്യകൾ ജനിക്കുന്നു. ഇത്തരമൊരു സമസ്യ തന്നെയാണ് ലില്ലി ബെർണാഡിന്റെ മരണകാരണമാകുന്നത്.

ലില്ലിക്ക് തന്നോട് പ്രണയമില്ലെന്നും അവൾ  മറ്റൊരാളെയാണ് പ്രണയിക്കുന്നതെന്നും അറിയുന്ന ജെറി അവൾക്കായി മൃത്യുവിന്റെ വീഥിയൊരുക്കുന്നു.  വൈദ്യപഠനകാലത്ത് ഗുരുമുഖത്തു നിന്ന് ലഭിച്ച  അറിവുകളിലൊന്ന് അയാൾ അതിനായി ഉപയോഗിക്കുന്നു. രക്ഷാകവചമാകേണ്ട അറിവിനാൽ  ഇവിടെ മരണത്തിന്റെ സമവാക്യം  കുറിക്കപ്പെടുകയാണ്. അറിവുകളിൽ ലയിച്ചിരിക്കുന്ന സാധ്യതകളിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ഇരുളിനെയും വെളിച്ചത്തെയും കുറിച്ച്  ചിന്തിപ്പിക്കുന്ന വായനാനുഭവമാണ് ഈ നോവൽ. വിജ്ഞാനം വിരൽതുമ്പിൽ ലഭിക്കുന്ന  ഡിജിറ്റൽ യുഗത്തിൽ  ഇത്തരം ചിന്തകളുടെ പ്രസക്തി വലുതാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.