ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2023; നവംബർ 15 വരെ പുസ്തക പട്ടിക നല്‍കാം
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. പ്രസാധകർക്കൊപ്പം വായനക്കാർക്കും 2023 നവംബർ 15 വരെ പുസ്തകങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. 2024 ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിനാണ് ലഭിച്ചത്.
മലയാളത്തിലെ പുസ്തക പ്രസാധകര്‍ക്ക് അവർ പ്രസിദ്ധീകരിച്ച പരമാവധി 10 പുസ്തകങ്ങള്‍ വരെയും വായനക്കാർക്ക് മൂന്ന് പുസ്തകങ്ങൾ വരെയും നിര്‍ദ്ദേശിക്കാം. വായനക്കാരും പ്രസാധകരും നിർദ്ദേശിച്ച പുസ്തകങ്ങളിൽ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹമാവുന്ന പുസ്തകം തെരഞ്ഞെടുക്കുക. എഴുത്തുകാരുടെ സാന്നിധ്യത്തില്‍ കെഎല്‍എഫിന്റെ വേദിയില്‍ വച്ച് അന്തിമ ഫലപ്രഖ്യാപനം നടക്കും.
വിവര്‍ത്തന കൃതികള്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതല്ല. വിവിധ എഴുത്തുകാര്‍ എഴുതി സമാഹരിക്കുന്ന എഡിറ്റഡ് പുസ്തകങ്ങളും തെരഞ്ഞെടുത്ത കൃതികളും പരിഗണനക്ക് പുറത്തായിരിക്കും. 2022 നവംബര്‍ 1 മുതല്‍ 2023 ഒക്ടോബര്‍ 31 വരെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളേ പുരസ്‌കാരത്തിന് പരിഗണിക്കുകയുള്ളൂ. പ്രസാധകര്‍ 2023 ഡിസംബര്‍ 31 ന് ഉള്ളില്‍ പുസ്തക പട്ടിക നല്‍കേണ്ടതാണ്. പുസ്തക നാമം, ഗ്രന്ഥകര്‍ത്താവിന്റെ നാമം, വിഭാഗം, പ്രസിദ്ധീകൃത വര്‍ഷം, മാസം എന്നിവ ഈ പട്ടികയില്‍ ഉണ്ടായിരിക്കണം. പുരസ്‌കാര സമിതിയുടെ വിധി അന്തിമമായിരിക്കും.
Comments are closed.