DCBOOKS
Malayalam News Literature Website

ഇന്ത്യയില്‍ ആദ്യം! കോഴിക്കോട് യുനെസ്‌കോ സാഹിത്യ നഗരം

നേട്ടത്തിലേക്ക് നയിച്ചത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും മറ്റ് സാഹിത്യോത്സവങ്ങളും

യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമായി കോഴിക്കോട്. ലോക നഗര ദിനത്തിൽ യുനെസ്കോ പുറത്തിറക്കിയ 55 സര്‍ഗാത്മക നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് കോഴിക്കോട് ഇടംനേടിയത്. മലയാളത്തിന്റെ അഭിമാനസ്തംഭമായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരം വേദി അലങ്കരിക്കുന്ന നഗരം എന്നതും മറ്റു സാഹിത്യോത്സവങ്ങളും കോഴിക്കോടിനെ ഈ നേട്ടത്തിലേക്കു നയിക്കുന്നതിൽ നിർണായകമായി. അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.

കോഴിക്കോടിന് പുറമേ മധ്യപ്രദേശിലെ ഗ്വാളിയോറാണ് സംഗീത നഗരമായി പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയിലെ മറ്റൊരു നഗരം.   കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് കോർപ്പറേഷന്‍റെ നേതൃത്വത്തിൽ യുനെസ്കോയുടെ സാഹിത്യ നഗരം പട്ടികയിൽ ഇടം പിടിക്കാനായി വലിയ ശ്രമങ്ങൾ ആയിരുന്നു നടത്തിയിരുന്നത്.

കരകൗശലം, നാടോടി കലകൾ, ഡിസൈൻ, ഫിലിം, ഗാസ്ട്രോണമി, സാഹിത്യം, മാധ്യമകലകൾ, സംഗീതം എന്നീ  ഏഴ് സർഗ്ഗാത്മക മേഖലകളെ  പ്രതിനിധീകരിച്ചാണ് രാജ്യങ്ങളെ ഉൾപ്പെടുത്തിയത്.കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന അസമത്വം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം തുടങ്ങിയ വികസിച്ചുകൊണ്ടിരിക്കുന്ന ഭീഷണികളെ നേരിടാൻ പുതുതായി നിയുക്തമാക്കിയ നഗരങ്ങൾ നെറ്റ്‌വർക്ക് അംഗങ്ങളുമായി സഹകരിക്കും. പോർച്ചുഗലിലെ ബ്രാഗയിൽ നടക്കുന്ന 2024 യു സി സി എൻ  വാർഷിക സമ്മേളനത്തിൽ (1-5 ജൂലൈ 2024) പങ്കെടുക്കാൻ പുതുതായി നിയുക്ത ക്രിയേറ്റീവ് നഗരങ്ങൾക്ക് അവസരം ലഭിക്കും.

Comments are closed.