‘വാൽകൈറീസ് ‘ എഴുതാൻ ഏറ്റവും വിഷമംപിടിച്ച പുസ്തകം: പൗലോ കൊയ്ലോ
ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നത് 1988 സെപ്തംബർ 5-നും ഒക്ടോബർ 17-നുമിടയിലാണ്. ചില സംഗതികളുടെ അനുക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടിടങ്ങളിൽ ഞാൻ കല്പനാസൃഷ്ടികൾ നടത്തിയിട്ടുമുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം സത്യമാണ്. ഉപസംഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്ന കത്ത് റിയോ ഡി ജനീറോയിലെ രചനകളും രേഖകളും രജിസ്റ്റർ ചെയ്യുന്ന കാര്യാലയത്തിലെ ഫയലിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
വാൽകൈറീസ് വായിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം മുൻ പ്രസിദ്ധീകരിച്ച എന്റെ രചനകളായ ദ പിൽ ഗ്രിമേജ്, ദ ആൽക്കെമിസ്റ്റ്, ബ്രിഡ എന്നിവയിൽനിന്നും വളരെ വ്യത്യസ്തമാണെന്നു കാണാം.
എഴുതാൻ ഏറ്റവും വിഷമംപിടിച്ച പുസ്തകമാണ് ഇത്. കാരണം ഒന്നാമതായി ഇത് ആവശ്യപ്പെടുന്നത് വായനക്കാരന്റെ വൈകാരികമായ ഒരു തലമാണ്. രണ്ടാമതായി ഞാൻ ഇതിലെ കഥ ഇതിനകം ധാരാളം പേരോടു പറഞ്ഞുകഴിഞ്ഞു എന്നതാണ്. അതിനാൽ ഇതു കടലാസ്സിലേക്കു പകർത്താനുള്ള ശേഷി നഷ്ടപ്പെട്ടോ എന്ന സംശയം എനിക്കുതന്നെയുണ്ടായി.
ഈ ഒരു ഭീതി പുസ്തകത്തിലെ ആദ്യ പേജുമുതൽ അവസാന പേജു വരെ എഴുതുമ്പോൾ എന്നെ പിന്തുടർന്നിരുന്നു. എങ്കിലും ദൈവത്തിനു നന്ദി-അതൊരു വെറും ഭീതി മാത്രമായിരുന്നു. മൂന്നാമത്തേത് ഏറ്റവും പ്രാധാന്യമുള്ള കാരണമാണ്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് എന്റെ തന്നെ സ്വകാര്യജീവിതത്തിലെ പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടിവന്നു. എന്റെ വിവാഹജീവിതം, മറ്റുള്ളവരുമായുള്ള എന്റെ ബന്ധം, ഒരു മനുഷ്യനെന്ന നിലയിൽ മാന്ത്രികപാരമ്പര്യവുമായി എനിക്കുള്ള അടുപ്പം അങ്ങനെ പലതും. എന്റെ ബലഹീനതയും സ്വകാര്യജീവിതവുമൊക്കെ വെളിപ്പെടുത്തുക എന്നത് ഏതൊരു മനുഷ്യ ജീവിയെയും പോലെ എനിക്കും എളുപ്പമായിരുന്നി ല്ല. ദ പിൽഗ്രിമേജിൽ വെളിവാക്കിയതുപോലെ, മാന്ത്രികത്തിലേക്കുള്ള വഴി സാധാരണ മനുഷ്യരിലേക്കുള്ള വഴി തന്നെയാണ്. നിഗൂഢപാരമ്പര്യം പിന്തുടരുന്നതിലൂടെ ഒരാൾക്ക് ഗുരുവായി മാറാം. അനുഷ്ഠാനങ്ങൾ നടത്താനുള്ള ശിക്ഷണം ആർജിക്കാം. പക്ഷേ, ആത്മീയമായ അന്വേഷണങ്ങൾക്കു നിരവധി പ്രാരംഭപ്രവർത്തനങ്ങൾ ആവശ്യമാണ്. (‘പ്രാഥമികമായ പ്രവേശനം’ എന്നൊക്കെ ആത്മീയാന്വേഷകൻ പറയുന്നത് അതിനെയാണ്. എന്തെങ്കിലുമൊന്നിന്റെ തുടക്കത്തിനായി കാംക്ഷിച്ചുകൊണ്ടിരിക്കുന്നവർ അത്തരക്കാരാണ് ). എപ്പോഴും മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തി, അതുമാത്രമാണ് ഏറ്റവും പ്രധാന കാര്യം. ഒരു മാന്ത്രികദൈവജ്ഞന്റെ പിന്നിലുള്ള യഥാർത്ഥ മനുഷ്യനെയാണ് വാൽകൈറീസ് തുറന്നുകാട്ടുന്നത്. ഒരു ശരിയായ തുടക്കത്തിനുവേണ്ടി’ അന്വേഷിക്കുന്നവരെ ഇതു നിരുത്സാഹപ്പെടുത്തിയേക്കാം. പക്ഷേ, ശരിയായപാത തേടുന്നവർക്ക് ഒരു കാര്യമറിയാം. നമ്മുടെ കുറ്റങ്ങളും കുറവുകളും പരിഗണിക്കാത്ത ആത്മീയപാത കൂടുതൽ ശക്തമാണെന്ന്.
Comments are closed.