ഓര്‍മ്മകളില്‍ കാക്കനാടന്‍
മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനാണ് കാക്കനാടന്‍. സാഹിത്യത്തില്‍ അതുവരെയുണ്ടായിരുന്ന യഥാതഥ രചനാരീതിയില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്വത്വാധിഷ്ഠിത പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. ഉഷ്ണമേഖല, ഒറോത, സാക്ഷി, ഏഴാം മുദ്ര, രണ്ടാം പിറവി, വസൂരി തുടങ്ങിയവ അടക്കമുള്ള നോവലുകളിലും കഥകളിലും കൂടി സാമ്പ്രദായികമായ ആഖ്യാന ആവിഷ്‌കരണ രീതികളെ അദ്ദേഹം പൊളിച്ചെഴുതി.
ജോര്‍ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രില്‍ 23-ന് തിരുവല്ലയിലാണ് കാക്കനാടന്‍, ജനിച്ചത്. ജോര്‍ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്നായിരുന്നു പൂര്‍ണ്ണനാമം. കൊട്ടാരക്കര ഗവ. ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്‌കൂള്‍ അധ്യാപകനായും ദക്ഷിണ റെയില്‍വേയിലും റെയില്‍വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.
ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളേജില്‍ എം.എ. ഇക്കണോമിക്‌സ് ഒരു വര്‍ഷം പഠിച്ചു. 1967ല്‍ കിഴക്കേ ജര്‍മന്‍ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ജര്‍മനിയിലെത്തിയ കാക്കനാടന്‍ ലീപ്‌സിഗിലെ കാറല്‍ മാര്‍ക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. പിന്നീട് ഗവേഷണം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.
1971 മുതല്‍ 73 വരെ കൊല്ലത്തു നിന്നുള്ള മലയാളനാട് വാരികയുടെ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചു. പില്‍ക്കാലം പൂര്‍ണ്ണമായി സാഹിത്യരചനക്കു വേണ്ടി ചെലവഴിച്ചു. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്‍പതിലധികം കൃതികള്‍ കാക്കനാടന്‍ രചിച്ചിട്ടുണ്ട്. 1981-84ല്‍ സാഹിത്യ അക്കാദമി അംഗവും 1988-91ല്‍ നിര്‍വാഹക സമിതി അംഗവും ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 2011 ഒക്ടോബര്‍ 19-ന് കാക്കനാടന്‍ അന്തരിച്ചു.
Comments are closed.