പച്ചയായ ഒരു ഗ്രാമജീവിതകഥ
അന്തരിച്ച പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ എന്ന പുസ്തകത്തിന് എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ അവതാരികയില്‍ നിന്നും
ലോകമാകെയും പ്ലേഗ് പടര്‍ന്നുപിടിച്ച ഒരു കാലത്താണ് അല്‍ബേര്‍ കാമു ‘പ്ലേഗ്’ എന്ന നോവലെഴുതിയത്. 2020-ല്‍ അതുപോലൊരു മഹാമാരിയുടെ നടുവില്‍ നില്ക്കുമ്പോള് ആ നോവലില്‍ കാമു അവതരിപ്പിച്ച ഭയവും വേദനയും ലോകത്തിന്റെ യാഥാര്‍ത്ഥ്യമായി തീരുകയാണെന്ന് എനിക്ക് തോന്നുന്നു. മരണം അന്നത്തെപ്പോലെ ഇന്നും ലോകത്തെയും മനുഷ്യരെയും ശാസ്ത്രത്തെയും കീഴ്പ്പെടുത്തിക്കൊണ്ട് ജയിച്ചുനില്‍ക്കുന്നു. ജീവിതവും മരണവും മുഖാമുഖം നോക്കിനില്ക്കുന്ന ഈയൊരു ഘട്ടത്തില്‍ കോവിഡുണ്ടാക്കിയ ഡിപ്രഷനില്‍നിന്ന് എനിക്കിതേവരെയും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല. കഴിഞ്ഞുപോയ പലതും ഓര്‍ക്കുന്നു. അധികം വായിക്കരുത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും വായനയിലൂടെ സുഖം കണ്ടെത്താന്‍ ശ്രമിക്കുന്നു.
കോവിഡ് കാലത്തെ ഡിപ്രഷന്റെ നടുവില്‍നിന്നാണ് ഞാന്‍ ശോഭീന്ദ്രന് മാഷിന്റെ ‘മൊളക്കാല്‍മുരു’ എന്ന പുസ്തകം വായിച്ചത്. ആ പുസ്തകം എന്നെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തിലേക്കും അധ്യാപകനായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലേക്കും കൊണ്ടുപോയി. കര്‍ണാടകത്തിലെ പല ഗ്രാമങ്ങളിലും ഞാന്‍ ചെന്നിട്ടുണ്ട്. പക്ഷേ, കര്‍ണാടകത്തിലെ ഒരു അതിര്‍ത്തിപ്രദേശമായ മൊളക്കാല്‍മുരു എന്ന ഗ്രാമത്തെക്കുറിച്ച് ആദ്യമായാണു ഞാനറിയുന്നത്. ഈ പുസ്തകം വായിക്കുമ്പോള്‍ മൊളക്കാല്‍മുരു എന്ന ഗ്രാമം തരുന്ന അനുഭവലോകം നമ്മെ വിസ്മയിപ്പിക്കും. അതുപോലെ ഡെക്കാന്‍ പീഠഭൂമിയുടെ ഭാഗമായ ആ ഗ്രാമത്തെയും അവിടെ ജീവിച്ചിരുന്ന ഗ്രാമീണരായ മനുഷ്യരെയും നാമറിയാതെ സ്നേഹിച്ചുപോവുകയും ചെയ്യും.
ഒരു നോവലിലെന്നപോലെ അനുക്രമമായി വികസിക്കുന്ന ഒരു ആഖ്യാനം ഈ പുസ്തകത്തിനുണ്ട്. ബാംഗ്ലൂര്‍ നഗരത്തിലുള്ള ഒരു കോളേജില്‍ അധ്യാപകനായിരിക്കെ ആ മഹാനഗരം വിട്ട് അദ്ദേഹം ആന്ധ്രയോടടുത്തു നില്ക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമമായ മൊളക്കാല്മുരുവിലേക്കു പോകാന്‍ തീരുമാനിക്കുന്നു. ബാംഗ്ലൂരുപോലുള്ള ഒരു നഗരം അന്നത്തെ മനുഷ്യരെ അങ്ങോട്ടേക്ക് ആകര്‍ഷിച്ചിരുന്ന കാലമാണ്. എല്ലാവരും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന മഹാനഗരം വിട്ട് ഒരു കുഗ്രാമത്തിലേക്ക് മാഷ് എന്തിന് പോകുന്നു എന്ന സംശയം ആദ്യഘട്ടത്തില്‍ എല്ലാവര്ക്കും ഉണ്ടായേക്കാം. യാത്രയുടെ കാരണത്തപ്പറ്റി മാഷ് പറയുന്നത് ഒരു നിമിത്തംമാത്രമാണെന്നാണ്. പക്ഷേ, എനിക്ക് മറ്റൊന്നാണു തോന്നുന്നത്. കുന്നുകളും വയലുകളും താഴ്വരകളും നിറഞ്ഞ ഡെക്കാന്‍ പീഠഭൂമിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമജീവിതത്തെ പച്ചയോടെ
അനുഭവിച്ചറിയാന്‍ അക്കാലത്തും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവണം. അത്തരമൊരു പ്രകൃതിബോധമായിരിക്കാം അദ്ദേഹത്തെ അങ്ങോട്ടേക്കു കൂട്ടിക്കൊണ്ടുപോയത് എന്നു ഞാന്‍ വിചാരിക്കുന്നു.
മൊളക്കാല്‍മുരുവിലെ ഒരു കോളേജും അവിടത്തെ കുട്ടികളും ഗ്രാമീണരും ഭൂപ്രകൃതിയും മുത്താറിവയലുകളും കൂടിച്ചേരുന്ന ഈ പുസ്തകം ഇന്ന് നമുക്കു നഷ്ടപ്പെട്ടു പോയ പലതിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. നടന്നുപോയ വഴികള്‍, പല കാലങ്ങളിലായി പഠിപ്പിച്ച അധ്യാപകരുടെ മുഖങ്ങള്‍, വിദ്യാര്‍ത്ഥിയായി ജീവിച്ച നാളുകള്‍, കുളിച്ചുരസിച്ച കുമരനല്ലൂരിലെ കുളങ്ങള്‍, കൂട്ടുകൂടലിന്റെ സന്തോഷങ്ങള്‍ അങ്ങനെ പലതരം ഓര്‍മ്മകളിലേക്കും ഈ പുസ്തകവായന എന്നെ കൊണ്ടുപോയിട്ടുണ്ട്.
പഴയകാല അധ്യാപകരുടെ ജീവിതത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ കാരൂരിന്റെ കഥകളാണ് എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരാറുള്ളത്. അന്ന് അധ്യാപകര്‍ക്ക് ശമ്പളം വളരെ കുറവായിരുന്നു. വിദ്യാര്‍ത്ഥി കൊണ്ടുവന്ന പൊതിച്ചോറ് മോഷ്ടിച്ചെടുത്ത് വിശപ്പുമാറ്റുന്ന ഒരധ്യാപകന്റെ കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഴയകാല അധ്യാപകര്‍ക്ക് സാമ്പത്തികമായ ദാരിദ്ര്യം ഉണ്ടായിരുന്നു. പക്ഷേ, സമൂഹത്തില്‍ അവരൊക്കെയും ബഹുമാന്യരായിരുന്നു. നാട്ടിലെ എന്തു കാര്യത്തിലും അധ്യാപകന്റേതായിരുന്നു അവസാനവാക്ക്. സ്വത്ത് ഭാഗത്തര്ക്കത്തില്പോലും മാഷ് പറഞ്ഞാല്‍ പിന്നെ മറുവാക്കില്ല. അത്തരത്തില്‍ അധ്യാപകന് സമൂഹത്തിന്റെ വെളിച്ചമായി മാറിയിരുന്നു. അതൊക്കെ പോയി. ഇതൊക്കെയും നഷ്ടപ്പെട്ടുപോയ കാലത്താണ് ഇന്നു നമ്മള് ജീവിക്കുന്നത്.
അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതുപോലെ കുട്ടികള്‍ അധ്യാപരെയും പലതും പഠിപ്പിക്കുന്നുണ്ടെന്ന് ശോഭീന്ദ്രന് മാഷ് ഈ പുസ്തകത്തിലൂടെ പറയുന്നുണ്ട്. അത് ഒരു
പ്രധാന സംഗതിയാണെന്ന് എനിക്കും തോന്നുന്നു. കുട്ടികളെ അധ്യാപകര്‍ പഠിപ്പിക്കുന്നതിനെക്കാള്‍ കൂടുതലായി കുട്ടികളില്‍നിന്ന് അധ്യാപകര്‍ക്കും പലതും പഠിക്കേണ്ടതായുണ്ട്. അത്തരത്തിലുള്ള ഒരു പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നുള്ളതാണ് ശോഭീന്ദ്രന് മാഷുടെ ജീവിതത്തിന്റെയും ഈ പുസ്തകത്തിന്റെയും മഹിമ എന്നു ഞാന്‍ കരുതുന്നു.
കുട്ടികളോടൊപ്പം ശോഭീന്ദ്രന് മാഷ് കുളിക്കാനും മല കയറാനും പോയി. പ്രകൃതിയില്‍നിന്നും യാത്രകളില്‍നിന്നും മാഷും കുട്ടികളും അനുഭവങ്ങള്‍ പലതും ഏറ്റുവാങ്ങി. നമ്മുടെ തന്നെ പഴയകാലങ്ങളില്‍ ഇത്തരം നല്ല രീതികള്‍ ഉണ്ടണ്ടായിരുന്നിരിക്കണം. മനുഷ്യര്‍ തമ്മില്‍ സ്നേഹവും പാരസ്പര്യവും പങ്കുവയ്ക്കുന്ന അജ്ഞാതമായ ഇത്തരം ഗ്രാമങ്ങള്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടായിരിക്കാം എന്ന പ്രതീക്ഷകൂടി ഈ പുസ്തകം നമുക്കു നല്‍കുന്നുണ്ട്.
തിമ്മയ്യ എന്ന അന്ധനായ കുട്ടി ഒരു വൈകുന്നേരം മാഷെ തന്റെ മുറിയിലേക്ക് ക്ഷണിക്കുന്നു. മാഷ് ബാംഗ്ലൂര്‍ വിട്ടുപോയപ്പോള്‍ അവന് കത്തുകളയയ്ക്കുന്നു. മൊളക്കാല്‍മുരുവിലെ കുട്ടികള്‍ വിശേഷദിവസങ്ങളില്‍ മാഷെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു. പരീക്ഷയ്ക്കു മുമ്പ് ദക്ഷിണയുമായി വന്ന് അനുഗ്രഹം വാങ്ങുന്നു. ഒന്നിച്ചുനടക്കുകയും കളിക്കുകയും രസിക്കുകയും പഠിക്കുകയും ചെയ്യുന്നവരായി അധ്യാപകനും കുട്ടികളും മാറുന്നു. മൊളക്കാല്‍മുരു എന്ന പുസ്തകത്തെ മനോഹരമായ ഒരനുഭവമാക്കി മാറ്റുന്നത് ഇതാണ്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്കു ലഭിക്കേണ്ടതും നല്‍കേണ്ടതും ഇത്തരത്തിലുള്ള പലവിധങ്ങളായ അനുഭവങ്ങളാണ്. പക്ഷേ, ഇന്നത്തെ വിദ്യാലയങ്ങളും വിദ്യാഭ്യാസരീതിയും ഈയൊരു പാരസ്പര്യത്തില്‍നിന്ന് എത്രയോ അകലെയായിപ്പോയിരിക്കുന്നു.
കോളേജ് പഠനം കഴിഞ്ഞ നാളുകളില്‍ ഒരധ്യാപകജീവിതം അനുഭവിക്കാന്‍ എനിക്കും ഇടവന്നിട്ടുണ്ട്. അന്ന് ഞാന്‍ സയന്‍സ് ഗ്രാജ്വേഷന് കഴിഞ്ഞുനില്‍ക്കുകയായിരുന്നു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്കൂളുകളില്‍ പഠിപ്പിക്കണമെങ്കില്‍ അതിനുള്ള ട്രെയിനിങ് എടുക്കണം. എനിക്ക് അതുണ്ടായിരുന്നില്ല. മൂന്നു മാസം മുതല്‍ക്കിങ്ങോട്ട് അധ്യാപകര്‍ അവധിയെടുത്താല്‍ ആ ഒഴിവിലേക്ക് അന്നൊക്കെ ട്രെയിനിങ്ങില്ലാത്ത താത്കാലിക അധ്യാപകരെ നിയമിക്കുമായിരുന്നു. അതുപ്രകാരം പട്ടാമ്പി ബോര്‍ഡ് സ്കൂളിലും ചാവക്കാട് സ്കൂളിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം പട്ടാമ്പിയില്‍നിന്ന് എനിക്കൊരു കത്ത് വന്നു. എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ പഠിപ്പിച്ചിരുന്ന ഒരു കുട്ടിയുടെ കത്തായിരുന്നു അത്. ഈ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വന്ന ആ കത്ത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എത്രകാലം കഴിഞ്ഞാലും തന്റെ അധ്യാപകനെ ഓര്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി നല്കുന്ന സന്തോഷം വളരെ വലുതാണ്. അധ്യാപകനായി കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അക്കാലം ഇന്നും എന്റെ മനസ്സില്‍ മനോഹരമായ ഒരനുഭവമായി നിലനില്ക്കുന്നു.
ഈ പുസ്തകത്തിലെ കുട്ടികള്‍, അധ്യാപകര്‍, ഗ്രാമീണര്‍ ഇവരൊക്കെയും നമ്മുടെ മനസ്സില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തരത്തിലാണ് മൊളക്കാല്‍മുരുവിലെ ഭൂപ്രകൃതി ഓര്‍മ്മകളുടെ പ്രധാന ഭാഗമായിത്തീരുന്നത്. വായിച്ചുകഴിഞ്ഞാലും നമ്മുടെ മനസ്സ് മൊളക്കാല്‍മുരുവിലേക്കുതന്നെ അറിയാതെ തിരിച്ചുപോകുന്ന ഒരാഖ്യാനം ഈ പുസ്തകത്തിനുണ്ട്.
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് സ്കൂളിനടുത്തായി ഒരു ചെറിയ അരുവിയുണ്ടായിരുന്നു. നല്ല കളിമണ്ണ് അടിഞ്ഞുകൂടുന്ന ഒരിടമായിരുന്നു അത്. ഞങ്ങള്‍ കളിമണ്ണ് ശേഖരിച്ച് അതുകൊണ്ട് കൗതുകകരമായ പല രൂപങ്ങളും ഉണ്ടാക്കിയെടുക്കുമായിരുന്നു. അതുണ്ടാക്കിക്കഴിഞ്ഞാല് ഹെഡ് മാസ്റ്ററുടെ മുറിയിലെ ചുമര്അലമാരയിലാണ് സ്ഥാനം പിടിക്കുക. കൗതുകകരമായ ഒന്നുണ്ടാക്കി നല്കുമ്പോള് കുട്ടികള്‍ക്കുള്ള ഉത്സാഹവും അത് സ്വീകരിക്കുമ്പോള്‍ അധ്യാപകനുള്ള സന്തോഷവും അന്നത്തെ വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു.
Comments are closed.