DCBOOKS
Malayalam News Literature Website

‘ഇരു’; പുതിയ കാലത്തിന്റെ ക്ലാസിക് നോവൽ

വി ഷിനിലാലിന്റെ ‘ഇരു’ എന്ന നോവലിന് ജിഗിഷ് കുമാരൻ എഴുതിയ വായനാനുഭവം

പി.കെ. രാജശേഖരൻ എഴുതിയ മനോഹരമായ അവതാരിക എടുത്തുപറയണം. പലപ്പോഴും അധികപ്രസംഗവും അധികഭാരവുമായി മാറുന്ന അനുഭവത്തിൽ നിന്നു ഭിന്നമായി തികച്ചും സംക്ഷിപ്തമായി, നോവലിന്റെ യഥാർത്ഥ സന്ദർഭത്തെയും അത് ഇടപെടുന്ന സ്ഥലകാലങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്നു. ‘ഭിന്നസ്വഭാവമുള്ള പലതരം ആഖ്യാനങ്ങളിലൂടെ ഭൂതകാലത്തിന്റെ ഭൗതികത്വം ആവിഷ്കരിക്കാനുള്ള സാധ്യതകൾ തേടുന്നു’വെന്ന് പറയുമ്പോൾ, ലിഖിതമായ ചരിത്രപാഠത്തിന്റെ യുക്തിഭദ്രമായ തിരുത്തലും മാറ്റിയെഴുത്തും അതിന്റെ പൂർവപാരമ്പര്യത്തെ പൊളിച്ചടുക്കലു മെല്ലാം അതിൽ അടങ്ങിയിരിക്കുന്നു.

ചരിത്രത്തിന്റെ പുനർവായനയെന്ന് എളുപ്പവഴിയിൽ വിശേഷിപ്പിക്കാമെങ്കിലും ഇത് പറയുന്നതുപോലെ ലളിതമായ പ്രവൃത്തിയല്ല. ആ പുനർവായനയിൽ ഉറച്ച ബോധ്യത്തോടെ സ്വീകരിച്ച എഴുത്തുകാരന്റെ മുൻഗണനകളാണ് നോവലിന്റെ നോവൽറ്റിയെ തീരുമാനിക്കുന്നത്. അവതാരികയിൽ കൃത്യമായി നിരീക്ഷിച്ചതു പോലെ, ‘ഭൂതകാലവുമായുള്ള വ്യത്യസ്തമായ ഇടപെടൽ’  കൃതിയുടെ മൊത്തത്തിലുള്ള ഉള്ളടക്കവും പൊരുളുമായി Textമാറിയിരിക്കുന്നു.

തിരുവിതാംകൂർ എന്ന രാജ്യത്തിനു സമാന്തരമായി, അഗസ്ത്യമലയുടെ താഴ്‌വരയിലെമ്പാടും ചിതറിക്കിട ക്കുന്ന ആദിവാസിയുടെ അതിരുകളില്ലാത്ത മറ്റൊരു ‘രാജ്യ’വും കൂടിയാണ് നോവലിന്റെ ഘടനയും ശില്പവും തീരുമാനിക്കുന്നത്. സാമ്പ്രദായികമായ ചരിത്രവായനയുടെ സർഗ്ഗാത്മകമായ തിരുത്തൽ ഇതിൽ അടങ്ങിയിരിക്കുന്നു. അതോടൊപ്പം ഒരു ദേശത്തിന്റെയാകെ  സാംസ്കാരികസത്തയെ കല്പിതകഥയുടെ രൂപത്തിലേക്ക് ആവാഹിക്കുന്നു.

‘ഇരു’ മലയാള നോവൽചരിത്രത്തിലെ ഒരപൂർവ ഡോക്കുമെന്റ് തന്നെ. ഗോത്രമനുഷ്യന്റെ ആത്മാവ് സവിശേഷമായി രേഖപ്പെടുത്തി എന്നു തോന്നി. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാവുന്ന ലാളിത്യവും ചടുലതയും. വായനക്കാരന്റെ മുൻവിധികളെ തകിടം മറിച്ചുകൊണ്ട്, സസ്പെൻസ് നിലനിർത്തിയുള്ള ആഖ്യാനം. ഭാവനയേക്കാൾ സഹജാവബോധത്തിന്റെ ഇടപെടൽ.

ചരിത്രത്തോടുള്ള നവീനമായ സമീപനവും എണ്ണമറ്റ പുരാവൃത്തങ്ങളും എഴുത്തുകാരന്റെ ഭാവനയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഒരു സൗന്ദര്യസമന്വയ മുണ്ടല്ലോ. ഇവയിൽ ഏതെങ്കിലും ഒന്ന് വേർതിരിച്ചെടുക്കാൻ ആവാത്ത രീതിയിൽ ലീനമായിരിക്കുന്നു. കൃത്യമായ ഗൃഹപാഠം കൊണ്ടും ശിൽപ്പത്തിലെ മികവ് കൊണ്ടും വായനയിൽ അതിശയമുണ്ടാക്കു ന്നുണ്ട്. ആദിവാസിയെ അഥവാ ഗോത്രജനതയെ കഥയുടെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്താനുള്ള തീരുമാനം വല്ലാത്തൊരു പുതുമയും ജനാധിപത്യവും കൊണ്ടുവരുന്നു.

ഇരു എന്ന പേരാണ് മറ്റൊരു സൗന്ദര്യം. നോവലിന്റെ ഉള്ളക്കത്തിൽ പലതരത്തിൽ, പല തലങ്ങളിൽ അത് അന്തർലീനമായിരിക്കുന്നു. അതിനുമപ്പുറത്ത് ഹിംസയും അഹിംസയും ഒളിച്ചുകളിക്കുന്ന മനുഷ്യപ്രകൃതിയെയും ലോകപ്രകൃതിയെത്തന്നെയും മനോഹരമായി ബിംബവൽക്കരിക്കുന്നു.

ഖസാക്കിന്റെ ഇതിഹാസം അന്യാദൃശമായ ഭാഷയിലൂടെ ഒരിക്കൽ നോവൽ സാഹിത്യത്തെത്തന്നെ മാറ്റിയെഴുതിയെങ്കിൽ, ഇരു കേരളത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഗോത്രജനതയുടെ പൂർവജീവിതങ്ങളിലേക്ക് വിസ്മയകരമായ ഉൾക്കാഴ്ചയോടെ വെളിച്ചം വിതറുന്നു.

തിരുവിതാംകൂറിലെ ഗോത്രജനതയുടെ സംസ്കാരിക ശേഷിപ്പുകൾ വിശാലമായ മാനവികവീക്ഷണത്തിലൂടെ വീണ്ടെടുക്കുന്ന ഇരു ആ സംസ്കാരത്തിന് ഒരെഴുത്തുകാരൻ നൽകുന്ന അതിരുകളില്ലാത്ത ആദരമാണ്. ‘പുതിയ കാലത്തിന്റെ ക്ലാസിക് നോവൽ’ എന്ന വിശേഷണം അർഹിക്കുന്ന കൃതി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.