ടി.പി. വേണുഗോപാലന് കെ. പൊന്ന്യം പുരസ്കാരം
എഴുത്തുകാരന്‍ കെ പൊന്ന്യത്തിന്റെ പേരില്‍ പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ കെ. പൊന്ന്യം ചെറുകഥാ പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കഥാകൃത്ത് ടി.പി. വേണുഗോപാലന്റെ തുന്നൽക്കാരൻ കഥാസമാഹാരത്തിന്. 25,000 രൂപയും പൊന്ന്യം ചന്ദ്രൻ രൂപകല്പനചെയ്ത ശില്പവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബറിൽ സമ്മാനിക്കും.
പ്രമുഖ സാഹിത്യ നിരൂപകരായ കെ എസ് രവികുമാര്‍, ഇ പി രാജഗോപാലന്‍, എഴുത്തുകാരന്‍ യുകെ കുമാരന്‍ എന്നിവരടങ്ങുന്ന വിധി നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. സാമൂഹ്യ പ്രശ്നങ്ങളോടും തന്റെ ദേശത്തോടും നീതി പുലര്‍ത്തിയ എഴുത്തുകാരനാണ് വേണുഗോപലന്‍ എന്ന് വിധി നിര്‍ണ്ണയ സമിതി വിലയിരുത്തി.
സാമൂഹികമായ ഉത്കണ്ഠകളും പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകളുമാണ് ടി.പി. വേണുഗോപാലന്റെ കഥകളുടെ അടിയൊഴുക്ക്. സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള കഥകളിലും പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അവയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ കഥാകൃത്ത് പ്രയോജനപ്പെടുത്തുന്നത്. അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബര്‍ ഇടങ്ങള്‍ ഈ കഥകളില്‍ വര്‍ത്തിക്കുന്നു. നാട്ടുമനുഷ്യരെയും നാട്ടുഭാഷയെയും നാട്ടുപമകളെയും കൂട്ടുപിടിച്ചാണ് ഈ മേല്‌ക്കോയ്മക്കെതിരേ കഥാകൃത്ത് സമരം ചെയ്യുന്നത്. നാം നേടിയെടുത്ത സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങളെപ്പോലും തീര്‍ത്തും മായ്ച്ചുകളയത്തക്ക നിലയില്‍ ജാതി, മത, ആഢ്യത്തങ്ങളും തറവാടിത്തഘോഷണങ്ങളും പുതിയ സൈബര്‍ കാലത്ത് അതിശക്തമായി തിരിച്ചുവരുമ്പോള്‍ അതിനെതിരേയുള്ള ജാഗ്രതകൂടിയാവുന്നു ഈ കഥകള്‍. പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരമാണ് തുന്നൽക്കാരൻ.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.