DCBOOKS
Malayalam News Literature Website

മസ്തിഷ്‌കം കഥ പറയുമ്പോള്‍

ഡോ. കെ. രാജശേഖരന്‍ നായര്‍ എഴുതിയ ചിരിയും ചിന്തയും സർഗ്ഗാത്മകത യും എന്ന പുസ്തകത്തിന് എന്‍. ഇ സുധീര്‍ എഴുതിയ വായനാനുഭവം

ബൃഹത്തായ ഓക്സ്ഫോര്‍‍ഡ് ഇംഗ്ലിഷ് ഡിക്ഷണറി (അവസാനം പ്രസിദ്ധീകരിച്ചത് ഇരുപതു വാല്യങ്ങളായാണ്) തയ്യാറാക്കിയതിന്‍റെ പിറകില്‍ വലിയ ഒരു കഥയുണ്ട്. സംഭവകഥ.

1870 കളുടെ മധ്യത്തില്‍ നിഘണ്ടു പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ എഡിറ്റരായിരുന്ന ജെയിംസ് മുറെ വാക്കുകള്‍ ശേഖരിച്ചു തന്ന് സഹായിക്കണമെന്ന് ഇംഗ്ലണ്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതറിഞ്ഞ ഡോ. ചെസ്റ്റര്‍ മൈനര്‍ എന്നൊരാള്‍ ലക്ഷക്കണക്കിനു വാക്കുകള്‍  ഇന്‍ഡെക്സ് കാര്‍ഡുകളിലാക്കി മുറെക്ക് അയച്ചു കൊടുത്തു. 1897 ല്‍ നിഘണ്ടുവിന്‍റെ പ്രസിദ്ധീകരണവേളയില്‍, തന്നെ  സഹായിച്ചവരെ നന്ദി അറിയിക്കാന്‍ എഡിറ്റര്‍ തീരുമാനിച്ചു. അദ്ദേഹം ആദ്യം നന്ദി പറയേണ്ടത് ഡോ. ചെസ്റ്റര്‍ മൈനറോടാണല്ലോ? അതിനായി ഡോക്ടര്‍ക്ക് പലതവണ കത്തുകളയച്ചു. അദ്ദേഹം വന്നില്ല. അങ്ങനെ മുറെ ഒരു നാള്‍ ഡോ. ചെസ്റ്റര്‍ മൈനറെ തേടി അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു.

മുറെ മേല്‍വിലാസം നോക്കി ചെന്നു കയറിയത് ഭ്രാന്തന്മാര്‍ക്കുള്ള ഒരു ജയിലിലായിരുന്നു.  ആ ജയിലിലെ ക്രിമിനല്‍ തടവുകാരനായിരുന്നു ഡോ. മൈനര്‍.  ഭ്രാന്ത് മൂത്ത് അദ്ദേഹം ഒരാളെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ട Textആളുടെ ഭാര്യയും ബന്ധുക്കളും ഡോക്ടര്‍ക്കു മാപ്പു കൊടുക്കാന്‍‌ തയ്യാറായി. ആ സ്ത്രീ ചിലപ്പോളൊക്കെ ജയിലില്‍ ചെന്നു ഡോക്ടറെ കാണുമായിരുന്നു.  അവരൊരിക്കല്‍ എന്തോ പൊതിഞ്ഞു കൊടുത്ത കടലാസ്സിലാണ് നിഘണ്ടുവിനു വാക്കുകള്‍ ‌അഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്ത ഡോ. മൈനര്‍ കണ്ടത്. അങ്ങനെയാണ് അദ്ദേഹം വാക്കുകള്‍ അയച്ചുകൊടുത്തത്. പതിനേഴുകൊല്ലമാണ് അദ്ദേഹമതു ചെയ്തത്.  മുറെയും മറ്റു പലരും ശ്രമിച്ചതിന്‍റെ ഫലമായി ഡോക്ടര്‍ ജയില്‍ മോചിതനായെങ്കിലും ഭ്രാന്തനായി തന്നെ മരിച്ചു. ഈ ഡോക്ടര്‍. ചെസ്റ്റര്‍ മൈനറിന്‍റെ കഥ സൈമണ്‍‌ വിന്‍ചെസ്റ്റര്‍ എന്ന എഴുത്തുകാരന്‍ ‘The Professor and the Madman’  എന്നൊരു പുസ്തകത്തിലൂടെ  ലോകത്തെ അറിയിച്ചു. 1998  ലാണ് ആ പുസ്തകം പുറത്തു വന്നത്. അക്കാലത്ത് ഞാന്‍‌ ആ പുസ്തകം വായിച്ചിരുന്നു.

ഇപ്പോള്‍ ഈ കഥ  ഡോ. കെ. രാജശേഖരന്‍ നായരുടെ പുതിയ പുസ്തകത്തില്‍ വായിക്കാനിടയായി. ‘ചിരിയും ചിന്തയും സർഗ്ഗാത്മകതയും’ എന്നാണ് ഡോ. രാജശേഖരന്‍ നായരുടെ പുതിയ പുസ്തകത്തിന്‍റെ പേര്. വാക്കുകളെ തെരക്കിയുള്ള ഒരു ന്യൂറോളജിക്കല്‍ അന്വേഷണമാണ്.  ഇതിലെ വാക്കുകള്‍ പിറക്കുമ്പോള്‍, പൊഴിയുമ്പോള്‍ എന്ന ലേഖനത്തിലാണ് ഡോ, മൈനറുടെ കഥ ഇടം പിടിച്ചത്,

വിസ്മയകരമായ ധാരാളം അറിവുകള്‍ നിറച്ച ഒരു പുസ്തകമാണിത്. മനുഷ്യന്‍റെ ഓരോ പ്രവൃത്തക്കു പിന്നിലും മസ്തിഷ്കത്തിന്‍റെ ഒരു മാന്ത്രിക ചലനമുണ്ടാവും. സത്യത്തില്‍ അതു ഗൗരവമായ ഒരു ശാസ്ത്രമാണ്.

എന്നാല്‍  ആ അറിവ് ഡോ. രാജശേഖരന്‍ നായരുടെ കൈകളിലൂടെ എഴുതപ്പെടുമ്പോള്‍  സാധാരണ വായനക്കാരന്‍റെ ഇഷ്ടവിഭവമായി പരിണമിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ രചനകള്‍  മലയാളത്തിലെ വൈജ്ഞാനികസാഹിത്യത്തിലെ രത്നങ്ങളാണ്. അറിവും അനുഭവവും ചേര്‍ത്തു അദ്ദേഹം ഒരുക്കുന്ന ലോകം വായനക്കാരെ  വേറിട്ടൊരനിഭൂതി തലത്തിലേക്ക് എത്തിക്കുന്നു. സര്‍ഗ്ഗാത്മകതയുടേയും കൈയ്യെഴുത്തിന്‍റെയും, വാക്കുകളുടേയും ചിരിയുടേയും കരച്ചിലിന്‍റെയുമൊക്കെ പുറകിലുള്ള മസ്തിഷ്കപ്രവര്‍ത്തനം  വിവരിക്കുന്ന  14 ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.