DCBOOKS
Malayalam News Literature Website

എന്താണ് ‘മുതല്‍’? വിനോയ് തോമസ് പറയുന്നു

കശുവണ്ടി കള്ളക്കടത്തുപോലെയാണ് നോവലെഴുത്തെന്ന് പുറ്റ് നോവലിന്റെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഒരു കള്ളക്കടത്തുകൂടി ഞാന്‍ നട ത്തിക്കഴിഞ്ഞു. കഥാപാത്രങ്ങളും സ്ഥലങ്ങളും സംഭവങ്ങളുമൊക്കെ ചുമന്നുകൊണ്ട് ഒളിച്ചൊളിച്ചുള്ള നാലാമത്തെ യാത്ര. ഈ യാത്ര മുന്‍പത്തേതില്‍നിന്നൊക്കെ വ്യത്യസ്തമായ വഴികളിലൂടെയായിരുന്നതുകൊണ്ട് എനിക്ക് ഒരമ്പരപ്പുണ്ടായിരുന്നു. എന്തായാലും വളഞ്ഞുപുളഞ്ഞ് കേറിയിറങ്ങി കറങ്ങിത്തിരിഞ്ഞ് ചുറ്റിമറിഞ്ഞ് ചാടിക്കടന്ന് അങ്ങനെയങ്ങനെ ഇപ്പോള്‍ ഒരു സ്ഥലത്തെത്താന്‍ സാധിച്ചു… സമാധാനം.

ചിട്ടി എന്ന സാമ്പത്തിക ഇടപാട് സൃഷ്ടിക്കപ്പെട്ടതിന്റെ കഥ ഒരു മുതലാളിയില്‍നിന്നും കേട്ടപ്പോഴാണ് ഈ നോവലിനെപ്പറ്റിയുള്ള ആദ്യ ആലോചനയുണ്ടാകുന്നത്. ഈച്ചഭാഗ്യം എന്നു പേരിട്ടുവിളിക്കാവുന്ന ആ കഥ രസകരമാണ്. അത് നോവലിലുള്ളതുകൊണ്ട് ഇവിടെ പറയുന്നില്ല. സംഗതി ഈസിയായിട്ടങ്ങു തീര്‍ത്തുകളയാം എന്നു വിചാരിച്ചാണല്ലോ നമ്മള്‍ ഓരോ എഴുത്തും തുടങ്ങുന്നത്. പക്ഷേ, കുറച്ചങ്ങു പോയപ്പോള്‍ എനിക്കു കാര്യം മനസ്സിലായി, ഈ മുതല്‍ നിസ്സാരക്കാരനല്ല.

നമ്മുടെ വീടിനകത്തും അയല്‍പക്കത്തും ടൗണിലുമൊക്കെ എപ്പോഴും കണ്ടുമുട്ടാന്‍ സാധ്യതയുള്ളവരും അങ്ങനെ മുട്ടിപ്പോയാല്‍ ലോഹ്യമോ തെറിയോ പരദൂഷണമോ ഒക്കെ പറഞ്ഞും പറയാതെയും പോകുന്നവരും വരുന്നവരുമായിരുന്നല്ലോ ഞാന്‍ മുന്‍പെഴുതിയ നോവലുകളിലെ കഥാപാത്രങ്ങള്‍. പക്ഷേ, ഈ നോവലിലെ ആളുകള്‍ അങ്ങനെയല്ല. അവരാരും നമുക്ക് പിടിത്തംതരാത്തവരാണ്. അതുകൊണ്ട് പല കാര്യങ്ങളും അന്വേഷിച്ച് അവരുടെ പുറകെ പോകേണ്ടിവന്നു. അപ്പോള്‍ കുറേ സംഭവങ്ങള്‍ വലയില്‍ കുടുങ്ങി. അതിനെക്കുറിച്ച് ആദ്യം പറയാം.

നോവലെഴുത്തിന്റെ വിഷയം ‘മുതല്‍’ ആയതുകൊണ്ട് അതെന്താണെന്നറിയുക എന്നതാണല്ലോ ആദ്യം വേണ്ടത്. അന്വേഷിച്ചു പിടിച്ചു വന്നപ്പോള്‍ എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനായി. എന്താണ് മുതല്… ശരിക്കും അതിന് അനേക രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തില്‍
മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ മുതലായി നിലനില്‍ക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല.

എന്നാലും എന്തെങ്കിലുമൊരു തീരുമാനമുണ്ടാകണമല്ലോ. പലരോടും ചോദിച്ചപ്പോള്‍ പുരാണങ്ങളിലും മറ്റും മുതലിനെക്കുറിച്ച് പറയുന്നതിനെ ആശ്രയിക്കുകയെന്നതാണ് എളുപ്പമെന്ന് ബോധ്യമായി. അതുകൊണ്ട് നമ്മുടെ പൗരാണിക സാഹിത്യത്തിലും വിശ്വാസത്തിലുമൊക്കെ മുതലിനെപ്പറ്റി എന്തു പറയുന്നു എന്ന് അന്വേഷിച്ചു. അവിടെ സാമാന്യമായി മുതലെന്നു കണക്കാക്കുന്ന സംഗതികളെ ഒന്നു ലിസ്റ്റ് ചെയ്തു. ധനം, ധാന്യം, പശു, വിദ്യ, സന്താനം, രാജ്യം, ആരോഗ്യം, മോക്ഷം എന്നിങ്ങനെയുള്ള എട്ടെണ്ണം അങ്ങനെ കിട്ടിയതാണ്.

പിന്നെ ആ എട്ടില്‍ പിടിച്ചായി കളി. എട്ടധ്യായങ്ങള്‍ വെച്ചുള്ള എട്ടു ഭാഗങ്ങള്‍. ഇങ്ങനെ ഭാഗങ്ങള്‍ Textസങ്കല്പിച്ചുവെക്കാന്‍ എളുപ്പമാണെങ്കിലും അതനുസരിച്ച് നോവല്‍ പോവുകാന്നുള്ളത് അങ്ങനെയങ്ങ് നടക്കുന്ന കാര്യമല്ലല്ലോ. അപ്പോഴാണ് ഞാന്‍ നോവലിലെ ആഖ്യാതാവായ സുധീഷ് നിലാവിനെ പരിചയപ്പെടുന്നത്. അവന്‍ ആളു കൊള്ളാമെന്ന് എനിക്കു തോന്നി. പിന്നെ അവന്റെകൂടെയുള്ള ഒരു പോക്കായിരുന്നു. ആ പോക്കില്‍ പല വിവരങ്ങളും ഞങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു.

ജോസഫ് മുണ്ടശ്ശേരി എഴുതിയ ഒരുയാത്രാവിവരണത്തില്‍നിന്നുമെടുത്ത വിന്ധ്യഹിമാചലങ്ങള്‍ക്കിടയില്‍ എന്ന പാഠഭാഗം പത്താംക്ലാസ്സില്‍ പണ്ട് പഠിപ്പിച്ചതോര്‍ക്കുന്നുണ്ട്. വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുക്കള്‍ തുടങ്ങിയവയാണ് ഭാരതത്തിന്റെ അദ്ധ്യാത്മികസമ്പത്തെന്നും അത് ഹിമാലയ പ്രാന്തങ്ങളിലാണ്  ഉണ്ടായതെന്നും അദ്ദേഹം ആ ലേഖനത്തില്‍ പറയുന്നു. അപ്പോള്‍ തീര്‍ച്ചയായിട്ടും ഹിമാലയത്തെപ്പറ്റിയും അവിടെയുണ്ടായ ആ മുതലുകളെപ്പറ്റിയും അറിയണമല്ലോ.

അദ്ധ്യാത്മികതയുടെ പുകമണമുള്ള ആ വഴിയിലൂടെ പോയപ്പോള്‍ തന്നെയാണ് ആത്മീയാചാര്യന്‍മാരെയും രാഷ്ട്രീയനേതാക്കളെയും കണ്ടുമുട്ടുന്നത്. ഈ സുധീഷ്‌നിലാവിന്റെ കുഴപ്പമെന്താണെന്നുവെച്ചാല്‍ നമ്മള്  കാണുന്ന രീതിയിലല്ല അവന്‍ ആളുകളെ കാണുന്നത്. വക്രിച്ച കണ്ണാടിപിടിച്ചിട്ടുള്ള ഒരു നോട്ടമാണ്. പക്ഷേ, ഉള്ള സത്യം പറയണല്ലോ, ആ വക്രിച്ച കണ്ണാടിയില്‍ കാണുമ്പോള്‍ എല്ലാത്തിനും ഒരു പ്രത്യേക രസമുണ്ട്.

അതെന്തെങ്കിലുമാട്ടെ, ഈ ആത്മീയ പുസ്തകങ്ങള്‍ ഭയങ്കര സാഹിത്യത്തിലാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്. അതൊക്കെ വായിച്ചു മനസ്സിലാക്കണമെങ്കില്‍ സാഹിത്യം പഠിച്ചേ പറ്റൂ. വൃത്തവും അലങ്കാരവും ഭാഷാപ്രയോഗങ്ങളും കഥാപാത്രസൃഷ്ടികളും കഥപറച്ചിലുമൊക്കെക്കൊണ്ടാണല്ലോ ലോകത്തെല്ലായിടത്തും ആത്മീയത ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഭാഗ്യത്തിന് ഞാന്‍ ബി.എയ്ക്കും എം.എയ്ക്കും പഠിച്ചത് മലയാളസാഹിത്യമാണ്. അതുകൊണ്ട് സാഹിത്യത്തില്‍ നിന്നുണ്ടായ ആത്മീയതയെ മനസ്സിലാക്കിയെടുക്കാന്‍ എനിക്ക് വളരെ എളുപ്പത്തില്‍ സാധിച്ചു.

വൃത്താലങ്കാരശാസ്ത്രവും വ്യാകരണവും കാവ്യവിമര്‍ശനവുമൊക്കെ പഠിച്ച കാലം മുതല്‍ അതൊക്കെ ഏതെങ്കിലുമൊരു സാഹിത്യകൃതിയില്‍ പ്രയോഗിക്കണമെന്നത് എന്റെയൊരു മോഹമായിരുന്നു. ആത്മീയതയും സാഹിത്യവിദ്യയുമൊക്കെ’മുതല്‍’ എന്ന തലക്കെട്ടിനു കീഴില്‍ വരുന്നതുകൊണ്ട് ഈ നോവലില്‍ അതിനൊക്കെയുള്ള അവസരമുണ്ടായി. വിവിധ വൃത്തങ്ങളിലുള്ള പദ്യങ്ങള്‍, നാഗബന്ധം എന്ന ചിത്രപദ്യം, വൃത്തമില്ലാതെയുള്ള കവിതകള്‍, പാട്ടുകള്‍, കവിതയുടെ വിമര്‍ശനം എന്നിവയെല്ലാം ഈ നോവലിനുവേണ്ടി പുതുതായി ഉണ്ടാക്കേണ്ടി വന്നു. എഴുത്തില്‍ ഇങ്ങനെയുള്ള അഭ്യാസങ്ങള്‍ കാണിക്കുമ്പോള്‍ പഴയ ആളുകള്‍ അനുഭവിച്ചിരുന്ന സുഖമെന്താണെന്ന് എനിക്കിപ്പോള്‍ നന്നായിട്ടറിയാം.

മുതല്‍ എന്ന നോവലിന്റെ തറക്കല്ല് ചിട്ടിയാണെന്ന് പറഞ്ഞല്ലോ. ചിട്ടിയുടെ ചരിത്രം അന്വേഷിച്ചു പോയപ്പോള്‍ അതിന് സിനിമയുമായി മുറിക്കാന്‍ പറ്റാത്ത ബന്ധമുണ്ടെന്ന് മനസ്സിലായി. കേരളത്തിലെ ഏറ്റവും വലിയ ചിട്ടിക്കമ്പനിക്കാരിലൊരാള്‍ വലിയ സിനിമാനിര്‍മ്മാതാവാണ് എന്നതു മാത്രമല്ല അതിന് കാരണം. ഏഷ്യയിലെ
ഏറ്റവും വലിയ ചലച്ചിത്രനിര്‍മ്മാണകേന്ദ്രമായ രാമോജി റാവു ഫിലിം സിറ്റിയുടെ അടിസ്ഥാനവും കിടക്കുന്നത് ചിട്ടിയില്‍തന്നെയാണ്. അതുകൊണ്ട് ചിട്ടിയുള്ള നോവലില്‍ സിനിമയുടെ ബിസിനസും ഓട്ടോമാറ്റിക്കായിട്ട് കേറി.

നോവലെഴുത്ത് മുന്‍പോട്ടുപോകുമ്പോള്‍ അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതായി വന്ന കാര്യങ്ങള്‍ വേറെയുമുണ്ടായിരുന്നു. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തിനില്‍ക്കുന്ന പണത്തിന്റെ വിനിമയചരിത്രമാണ് അതിലൊന്ന്. ആ ചരിത്രം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെന്ന് രണ്ടുതരം ആളുകളുള്ള മനുഷ്യരാശിയുടെ ചരിത്രംകൂടിയാണ്. പക്ഷേ, സുധീഷ് നിലാവിന് ആ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കുറിച്ച് അന്വേഷിക്കാനാണ് താത്പര്യം. അതുകൊണ്ട് ആ ഏരിയ അങ്ങനെയായി.

പണത്തിന്റെ ചരിത്രമന്വേഷിക്കുന്നതിനിടയില്‍ അത്ര രസികനല്ലാത്ത ഒരു വിദ്വാനെ പരിചയപ്പെട്ടു. ഉണ്ടായിരുന്ന സര്‍ക്കാര്‍ജോലി കളഞ്ഞിട്ട് പത്തുപന്ത്രണ്ട് വര്‍ഷങ്ങളായി ഒരു അത്ഭുതവസ്തുവിന് പിന്നാലെയുള്ള ഓട്ടത്തിലാണയാള്‍. ഇന്നോ നാളെ യോ കൈയില്‍ കിട്ടുമെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്ന ആ സാധനത്തിന്റെ ബിസിനസ് ലോകം വളരെ വിപുലമാണ്. ഇടയ്ക്ക് അയാളെ വിശ്വസിച്ച് ഞാനും ആ ലോകത്ത് കുറേ അലഞ്ഞുനടന്നു. അങ്ങനെയുള്ള ഒരുകൂട്ടം ആളുകളുടെ വിശ്വാസംകൂടി ചേര്‍ത്തുവെച്ചിട്ടാണ് മുതല്‍
നോവലുണ്ടായത് എന്നതിനാല്‍ഇപ്പോഴും അത്തരം ഐറ്റങ്ങള്‍ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.

ഇങ്ങനെ ഈ ലോകത്തു നടക്കുന്ന കുറേക്കാര്യങ്ങള്‍ അന്വേഷിച്ചു കൂട്ടിവെച്ചു. പക്ഷേ, അതുകൊണ്ടുമാത്രം നോവലുണ്ടാവുകയില്ലല്ലോ. പിന്നെന്തു ചെയ്യും…? അവിടെയാണ് ഭാവനയുടെ പണി തുടങ്ങുന്നത്.

വിനോയ് തോമസിന്‌റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.