ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബര്‍ 9-ന്
മലയാളിവായനയുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ വികാസത്തില്‍ നിരന്തരവും നിര്‍ണ്ണായകവുമായ സ്വാധീനം ചെലുത്തിയ ഡി സി ബുക്സ് 50-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. മലയാളികളുടെ ഭാവുകത്വത്തെ കൂടുതല്‍ പരിപോഷിപ്പിച്ച, കാലത്തോട് പ്രതികരിക്കുകയും കാലത്തില്‍ ഇടപെടുകയും ചെയ്ത ഈ പ്രസ്ഥാനം 2023 ആഗസ്റ്റ് 29-ന് 50-ാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണവര്‍ഷാഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 9-ാം തീയതി കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ തുടക്കം കുറിക്കുന്നു.
ഡി സി ബുക്‌സിന്റെ 49-ാം വാര്‍ഷികാഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബര്‍ 9-ന് വൈകീട്ട് അഞ്ചുമണിക്ക് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കും. വാര്‍ഷികസമ്മേളനം ഉദ്ഘാടനവും ഡി സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും വൈകുന്നേരം അഞ്ചുമണിക്ക് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. തോമസ് ചാഴിക്കാടന്‍ എംപി, ബിന്‍സി സെബാസ്റ്റ്യന്‍ (നഗരസഭാ ചെയര്‍പേഴ്‌സണ്‍, കോട്ടയം) എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എഴുത്തുകാരായ സക്കറിയ, കെ. ആര്‍. മീര, മനോജ് കുറൂര്‍, എസ്. ഹരീഷ്, ഉണ്ണി ആർ എന്നിവര്‍ ചേര്‍ന്ന് ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ‘ഭാവിയുടെ പുനര്‍വിഭാവനം’ എന്ന വിഷയത്തില്‍ പ്രകാശ് രാജ് 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും. ബ്ലാക്ക് ക്ലാസിക് എന്ന പേരില്‍ പുറത്തിറക്കുന്ന അരനൂറ്റാണ്ടിലെ മലയാള സാഹിത്യം- ക്ലാസിക് പുസ്തക പരമ്പര കെ സേതുരാമന്‍ ഐ പി എസ് പ്രകാശനം ചെയ്യും.
ഡി സി ബുക്സ് 49-ാം വാര്‍ഷികം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണന്‍, സുനില്‍ പി ഇളയിടം എന്നിവര്‍ ചേര്‍ന്ന് രാവിലെ 11-ന് ഉദ്ഘാടനം ചെയ്യും. ‘വിശ്വാസം: ഭാവന, ചരിത്രം, ജീവിതം’ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും.
സുവര്‍ണ്ണവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് നടക്കും. സച്ചിദാനന്ദന്, സക്കറിയ, ടി. ഡി. രാമകൃഷ്ണന്‍, വി. ജെ. ജയിംസ്, വിനോയ് തോമസ്, വി. ഷിനിലാല്‍, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍, ദുര്‍ഗ്ഗാപ്രസാദ്, ഗണേഷ് പുത്തൂര്‍, ശ്രീകാന്ത് താമരശ്ശേരി, വിജയലക്ഷ്മി എന്നിവര്‍ സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനത്തിന്റെ ഭാഗമാകും.
ഷഹബാസ് അമന്‍ ഒരുക്കുന്ന സംഗീതവിരുന്നും സുവര്‍ണ്ണവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
*രജിസ്റ്റര്‍ ചെയ്തവര്‍ അഞ്ച് മണിക്ക് മുന്‍പായി ഹാളില്‍ എത്തിച്ചേരണം. പിന്നീട് വരുന്നവര്‍ക്ക് സീറ്റ് ലഭ്യമാകുന്നതായിരിക്കില്ല
നറുക്കെടുപ്പ് !
ഡി സി ബുക്‌സിന്റെ സമ്മേളനങ്ങളിലെ ആകര്‍ഷകഘടകങ്ങളിലൊന്നാണ് നറുക്കെടുപ്പ്. പങ്കെടുക്കുന്നവരില്‍നിന്ന് നറുക്കെടുത്ത് ഡി സി ബുക്സ് 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നു.
Comments are closed.