നലേഡി വരച്ച ഹാഷ് ടാഗുകള്‍
ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
പി.എസ്. നവാസ്
ഹോമോനലേഡി എന്ന മനുഷ്യ സ്പീഷിസിന് 2,30,000വര്‍ഷങ്ങള്‍ക്കു മുമ്പേ ശവസംസ്‌കാരം നടത്താനുള്ളബുദ്ധിയും, വരക്കാനുള്ള കഴിവും ഉണ്ടെന്ന, പ്രശസ്ത പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലീ റോജേര്‍സ് ബെര്‍ഗര്‍ ഇക്കഴിഞ്ഞ ജൂണ്‍ 5 ന് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടത്തിയ സുപ്രധാനവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഒരു പഠനം.
ഏത് മനുഷ്യവര്‍ഗ്ഗമാണ് ശവശരീരങ്ങളെ ആദ്യമായി അടക്കം ചെയ്തത്? മനുഷ്യന്‍ പാറകളില്‍ ചിത്രങ്ങള്‍ കോറി വരച്ചുതുടങ്ങിയത് എന്നു മുതലായിരിക്കും? ബുദ്ധിയും തലച്ചോറിന്റെ വലിപ്പവും തമ്മില്‍ ബന്ധമുണ്ടോ? ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയില്‍വെച്ച് റൈസിങ് സ്റ്റാര്‍ ഗുഹയിലെ ഹോമോ നലേഡിയെന്ന പ്രൈമേറ്റിന്റെ കൂടുതല്‍ സവിശേഷതകളെപ്പറ്റി വിശദീകരിക്കുമ്പോള്‍ ലീ ബെര്‍ഗര്‍ എന്ന പാലിയോ ആന്ത്രപ്പോളജിസ്റ്റിന്റെ കണ്ണുകളിലുണ്ടായിരുന്ന ആത്മവിശ്വാസം വരും ദശകങ്ങളില്‍ നരവംശ ശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും പ്രതിഫലിക്കാന്‍ പര്യാപ്തമാകും എന്നതില്‍ സംശയമൊട്ടുമില്ല. bioRxശ്യില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളെ ക്കുറിച്ച് സംസാരിക്കവെ ഈ കണ്ടെത്തലുകള്‍ ഹോമോ സാപിയന്‍സ് സാപിയന്‍സിന്റെ ബുദ്ധിസവിശേഷതാധാരണകളെ പൊളിച്ചെഴുതാന്‍ പര്യാപ്തമാണെന്നും വരുംദശകങ്ങളിലെ തുടര്‍പഠനങ്ങള്‍ അവ തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു.
ഏതാനും വര്‍ഷങ്ങളായി ലീ ബെര്‍ഗറും കൂട്ടരും ദക്ഷിണാഫ്രിക്കയിലെ ബ്ലൗബാങ്ക് നദീ താഴ്വരയിലെ റൈസിങ് സ്റ്റാര്‍ ഗുഹയില്‍നിന്ന് ‘പുറത്തുവരുന്നത്’ അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളുമായാണ്. ഇവിടെനിന്നും ലഭിച്ച ഏകദേശം 15 അസ്ഥികൂടങ്ങളുടേതെന്നു കരുതുന്ന 1550 ഓളം വരുന്ന എല്ലിന്‍ കഷണങ്ങളും 137 പല്ലുകളും മുന്‍പൊന്നും തിരിച്ചറിയാത്ത പുതിയ ഒരു സ്പീഷിസിന്റേതാണെന്ന് ആദ്യം പറഞ്ഞപ്പോള്‍ ശാസ്ത്രലോകത്തിനത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. കൂടുതല്‍ താമസിയാതെതന്നെ ശരാശരി 143.6 സെ.മി ഉയരവും 39.6 കിഗ്രാം ഭാരവും 465-610 സെന്റീമീറ്റര്‍ ക്യൂബ് ക്രാനിയല്‍ കപ്പാസിറ്റിയോടും കൂടിയ, ഒരു പുതിയ സ്പീഷീസ് എന്ന ഈ കണ്ടെത്തല്‍ അംഗീകരിക്കപ്പെട്ടു. ഹോമോ നലേഡി എന്ന പേര് ഈ സ്പീഷീസിന് നല്‍കുകയും ചെയ്തു. ‘സോതോ’ ഭാഷയില്‍ നലേഡി എന്ന വാക്കിനര്‍ത്ഥം നക്ഷത്രം എന്നാണ്. ശാസ്ത്രീയ കാലഗണന 335000 മുതല്‍ 241000 മുന്‍പെന്ന പഴക്കം ഈ മനുഷ്യ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും നല്‍കിയപ്പോള്‍ (bioRRxiv preprint doi: https://doi.org/10.1101/2023.06.01543133) ആധുനിക മനുഷ്യന്‍ എന്ന് വിളിക്കുന്ന ഹോമോ സാപിയന്‍സ് സാപിയന്‍സുമായി ഈ മനുഷ്യന്‍ സന്ധിച്ചിരിക്കാം എന്ന ബെര്‍ഗറിന്റെ അഭിപ്രായവും മുഖവിലയ്‌ക്കെടുക്കേണ്ടിവന്നു.
ബെര്‍ഗറിന്റെ അടുത്ത സുപ്രധാന വെളിപ്പെടുത്തല്‍ വരുന്നത് 2022 ഡിസംബറിലാണ്. ഹോമോ നലേഡിക്ക് തീയിന്റെ നിയന്ത്രണം സാധ്യമായിരുന്നു എന്നും പരിശോധനാഫലത്തില്‍ ഇതിന്റെ സ്ഥിരീകരണം ലഭിച്ചെന്നും അന്ന് പറഞ്ഞു. 2023 ജൂണില്‍ കൂടുതല്‍ പുതിയ വിവരങ്ങളുമായാണ് അദ്ദേഹം മാധ്യമലോകത്തേയുംഗവേഷക വിദ്യാര്‍ത്ഥികളേയും കണ്ടത്. ശവസംസ്‌കാരരീതി നലേഡിക്ക് വശമുണ്ടായിരുന്നു എന്ന് സ്ഥിരീകരണം നല്‍കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടുന്നതും കണ്ടു. നലേഡിക്ക് വരയ്ക്കാന്‍കൂടി അറിയുമെന്ന് ബെര്‍ഗര്‍ പറഞ്ഞുവെക്കുമ്പോള്‍ ബുദ്ധിവികാസ ധാരണകളെ പൊളിച്ചെഴുതേണ്ടിവരുമോ എന്നതാണ് പരിശോധിക്കപ്പെടേണ്ടി വരിക.
പൂര്‍ണ്ണരൂപം 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്
Comments are closed.