DCBOOKS
Malayalam News Literature Website

അവ്യക്തപ്രകൃതി

നിവേദിത മാനഴി

ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മഹാനഗരജീവിതത്തിന്റെ സങ്കീര്‍ണതകളും ഇരുണ്ട തൃഷ്ണകളും ആവിഷ്‌കരിക്കുന്ന ‘അവ്യക്തപ്രകൃതി’ സമകാലിക നോവലിന്റെ മാറുന്ന മുഖംകൂടി അവതരിപ്പിക്കുന്നു. കോര്‍പ്പറേറ്റ് ലോകം, പുത്തന്‍ ഗൂഢാരാധനാസമൂഹങ്ങള്‍, നിയമം, നീതി തുടങ്ങിയവയുടെ അപരിചിത തലങ്ങളിലേക്കാണ് മുഖ്യകഥാപാത്രമായ യുവ അഭിഭാഷക അമേയ സ്വയമറിയാതെ നീങ്ങുന്നത്. മിസ്റ്ററിയും മനഃശാസ്ത്രപരമായ യാഥാതഥ്യവും ആഖ്യാനത്തില്‍ ഒത്തുചേരുന്നു.

കോവിഡ് കാലത്താണ് ‘അവ്യക്തപ്രകൃതി’ എഴുതിത്തുടങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2020 ജൂലൈ മാസം. ഒരു കഥാപശ്ചാത്തലമായി ഏതാനും അദ്ധ്യായങ്ങളിലും ഈ വൈറസ് രംഗത്തു വരുന്നു. മുഖ്യകഥാപാത്രമായ Textഅമേയയുടെ ഏകാന്തജീവിതത്തെ അതെങ്ങനെ ബാധിക്കുന്നു, മനുഷ്യന്‍ ഒറ്റപ്പെടുമ്പോള്‍ ഏതെല്ലാം സ്ഥിതിവിശേഷങ്ങളിലൂടെ അവന്‍ കടന്നുപോകുന്നു, ഒടുക്കം തീവ്രനശീകരണശക്തിയുള്ള വൈറസിനെ തോല്‍പ്പിച്ച് അതിജീവനക്ഷമരായ മനുഷ്യര്‍ നഷ്ടമായതൊക്കെ എങ്ങനെ തിരിച്ചുപിടിക്കുന്നു… ഈ ചോദ്യങ്ങള്‍ക്കൊരവസാനം അര്‍ഹതയുള്ളവയുടെ അതിജീവിക്കല്‍ എന്ന പ്രകൃതിനിയമം മാത്രം ശാശ്വതമാണ് എന്നുള്ള സൂചന ഈ നോവലില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ നഗരത്തിലെ തിരക്കുപിടിച്ച ഒരു സിഗ്‌നലില്‍ വെച്ച് അപ്രത്യക്ഷയാകുന്ന അമേയ എന്ന അഡ്വക്കേറ്റിന്റെ ജീവിതമാണ് ഈ നോവലിന്റെ പശ്ചാത്തലം. കുഴിച്ചുമൂടിയിട്ടും മരിക്കാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മൈക്കല്‍ എന്ന ഇതിവൃത്തം. ഒരു മിത്തിന്റെ പൂമ്പൊടി പുരണ്ട് അതിന്റെ ഗന്ധമാവേശിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. നീതിയെയും നിയമത്തെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് സിംഹാസനങ്ങള്‍. കഥകളില്‍ വീരപരിവേഷമുള്ള നായകന്‍ അവ്യക്തപ്രകൃതിയിലിരുന്നുകൊണ്ട് ഭൂമിയിലെ ചെറുചലനങ്ങളുടെ സൂത്രധാരന്‍ കൂടിയാകുമ്പോള്‍ സ്വപ്നവും നിദ്രയും കലര്‍ന്ന മൈക്കലെന്ന വല്ലായ്മ അമേയയുടെ രണ്ടാം മനസ്സാക്ഷിയായി സംസാരിക്കുന്നു. അവ്യക്തപ്രകൃതിയില്‍ ബിന്ദുവിലൊടുങ്ങുന്ന വാക്യംപോലെ പരിസമാപിക്കേണ്ടിവന്നാലും മറ്റൊരുനക്ഷത്രംകൂടി ഉദിക്കുമെന്നയാള്‍ സ്വപ്നം കാണുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.