ഉള്ളില്‍ തട്ടിയ പോലീസ് ജീവിതാനുഭവങ്ങള്‍
എ. ഹേമചന്ദ്രന്
ആകസ്മികസംഭവങ്ങള്‍ എന്റെ ജീവിതത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ഈ പുസ്തകം എങ്ങനെ സംഭവിച്ചു എന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു.
അവിചാരിതമായ ഒരു കണ്ടുമുട്ടല്‍ ആയിരുന്നു തുടക്കം. അതുണ്ടായത് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വെച്ചാണ്. എ.ഡി.ജി.പി. ആയിരിക്കെ ട്രെയിനിങ്ങിന് പോയപ്പോള്‍ അവിടെ കാണാനിടയായ ഒരു മനുഷ്യന് പഴയൊരു പോലീസ് കസ്റ്റഡി അനുഭവം എന്നെ ഓര്‍മ്മിപ്പിച്ചു. ഐ.പി.എസ്. പരിശീലനകാലത്ത് വടകര പോലീസ് സ്റ്റേഷനില്‍ അയാള്‍ എന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. ആ സംഭവം ‘പോലീസ് സ്റ്റേഷനില്‍ ചില അധോലോകചിന്തകള്’ എന്ന അദ്ധ്യായത്തിലുണ്ട്.
അത് പിന്നെ മനസ്സില്‍നിന്ന് മാഞ്ഞില്ല. പോലീസ് ഇടപെടല്‍ ഒരു മനുഷ്യന്റെ ജീവിതത്തെ എങ്ങനെയൊക്കെ വഴിതിരിച്ചുവിടാം എന്ന ചോദ്യം മനസ്സില്‍ ബാക്കിയായി. പോലീസ് ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ അതെന്നെ പ്രേരിപ്പിച്ചിരിക്കണം. ആദ്യകാല അനുഭവങ്ങളില്‍ ചിലത് മനസ്സിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്നു; ഓരോ ഘട്ടത്തിലും വേദനയും ക്ഷോഭവും നിസ്സഹായതയും ചിലപ്പോള്‍ ചിരിയും അല്പം ചാരിതാര്‍ത്ഥ്യവും പകര്‍ന്ന ഓര്‍മ്മകള്‍. ആദ്യം അതെല്ലാം മനസ്സില്‍ കൊണ്ടുനടന്നു; പിന്നെ ചിലതെല്ലാം കുത്തിക്കുറിക്കാന്‍ തുടങ്ങി. ഓര്‍മ്മിച്ചത് കുറേ മനുഷ്യരെയാണ്; ഭീകരന്, ഗുണ്ട, വേശ്യ, ഇര, വേട്ടക്കാരന്, വാദി, പ്രതി, സാക്ഷി തുടങ്ങി പല ലേബലുകളും ഉള്ള മനുഷ്യര്‍. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ട സാധാരണ മനുഷ്യന് നീതി തേടി എത്തുന്ന ഇടമാണ് പോലീസ്. അങ്ങനെ എത്രയോ മനുഷ്യരെ ഞാന്‍ നേരിട്ട് കണ്ടു; കേട്ടു. തടിച്ച ഫയലുകള്‍ക്കുള്ളിലും അത്തരം മനുഷ്യര്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചു.
നിയമത്തെ നീതിയുടെ വഴിയില്‍ കൊണ്ടുപോയി വേദന അനുഭവിക്കുന്ന മനുഷ്യന് അര്ഹിക്കുന്നആശ്വാസം നല്‍കുകയാണ് പോലീസിന്റെ ചുമതല. പക്ഷേ, അതത്ര എളുപ്പമല്ല. ചെറുതും വലുതുമായ പല ശക്തികളെയും പോലീസുദ്യോഗസ്ഥന് നേരിടേണ്ടതുണ്ട്. തീരെ നിസ്സഹായരായ മനുഷ്യര്‍ക്ക് നീതിക്കുവേണ്ടി നടത്തിയ ഇടപെടലുകളാണ് എന്നെ സന്തോഷിപ്പിക്കുന്നത്. അക്കാര്യത്തില്‍ എന്റെ സഹപ്രവര്‍ത്തകരില്‍നിന്നും ആത്മാര്‍ത്ഥമായ സഹകരണം ലഭിച്ചിട്ടുണ്ട്.
സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലനായ മനുഷ്യന് നീതി ഉറപ്പാകുന്നുണ്ടോ എന്നതാണ് ജനാധിപത്യത്തിന്റെയും
നീതിന്യായവ്യവസ്ഥയുടെയും ശരിയായ പരീക്ഷ. ഗുരുതരമായ മാനുഷികപ്രശ്നങ്ങളാണ് പോലീസിനു
മുന്നിലെത്തുന്നത്. എന്താണ് ശരി എന്ന് പോലീസ് ഉദ്യോഗസ്ഥനറിയാം. ഭരണഘടന, നിയമം എന്നിവയ്ക്കപ്പുറം പോലീസ് നടപടിയുടെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ അധികാരത്തിന്റെ ബലതന്ത്രം ഒരു വലിയ ഘടകമാണ്. കക്ഷിരാഷ്ട്രീയം, ജാതി, മതം, സമ്പത്ത് തുടങ്ങിയ അധികാരശക്തികളെ അലോസരപ്പെടുത്താതെ ഉയരങ്ങള്‍ തേടാന്‍ മാത്രം ശ്രമിക്കുന്ന ഉദ്യോഗസ്ഥന് നടത്തുന്ന ‘ബുദ്ധിപരമായ’ ഓരോ ചുവടുവയ്പും ദുര്‍ബ്ബലമാക്കുന്നത് നീതിയുടെ പക്ഷമാണ്. ‘ബുദ്ധിമാന്മാരുടെ’ എണ്ണം വര്‍ദ്ധിച്ചുവരുന്നതാണ് സര്‍വീസ് ജീവിതത്തില്‍ ഞാന്‍ കണ്ടത്. ജനാധിപത്യത്തില്‍ ബ്യൂറോക്രസിയെ നേരായ പാതയില്‍ നയിക്കേണ്ട സാമൂഹ്യ, രാഷ്ട്രീയശക്തികള്‍ സമ്പത്തിന് കീഴടങ്ങുന്ന പ്രവണതയും ഏറിവരുന്നു. ആ അവസ്ഥയില്‍ ദുര്‍ബ്ബലനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ‘നീതി എവിടെ?’ എന്ന ചോദ്യം അവഗണിക്കുക വയ്യ.
Comments are closed.