പെരിയാറിന്റെ ജാതി ഉന്മൂലനവാദങ്ങള്
കെ. വീരമണി
സാമൂഹികപരിവര്‍ത്തനം നടപ്പിലാക്കുന്നതിനായി തന്തൈ പെരിയാര്‍ 1925-ാമാണ്ട് അവസാനം ആരംഭിച്ച ‘സ്വാഭിമാനപ്രസ്ഥാനം’ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാനവികതാപ്രസ്ഥാനമാണ്.
വിവേകം, ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവ സ്വന്തമാക്കി മാനവകുലം സന്തോഷത്തോടും അഭിമാനത്തോടും ജീവിക്കണം എന്ന വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്.
ആറാമിന്ദ്രിയമാകുന്ന വിവേചനബുദ്ധിയുള്ള മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു സിദ്ധിവിശേഷമാണ് ആത്മാഭിമാനം. മൃഗങ്ങള്‍ക്കില്ലാത്ത ഈ ആത്മാഭിമാനത്തിന്റെ മഹത്ത്വം തിരിച്ചറിയാനുള്ള കഴിവില്ലാതെ പൊതുജനങ്ങള്‍ ജീവിച്ചിരുന്ന കാലത്താണ് ജാതി, അന്ധവിശ്വാസം, ദൈവം, ആത്മാവ്, കുലവ്യത്യാസം, സ്ത്രീഅടിമത്തം, തലവിധി, ജാതിധര്‍മ്മം, മുജ്ജന്മപാപം, കര്‍മ്മഫലം തുടങ്ങി മനുഷ്യരെ അടിമകളാക്കാനുള്ള കരുക്കളെല്ലാം ഉപയോഗിച്ച് അഴിമതിക്കാരും സ്വാര്ത്ഥചിന്തകരും മതവാദികളും ബ്രാഹ്മണരും ചേര്‍ന്ന് മതനിയമങ്ങളും ജാതിനിയമങ്ങളും നിര്‍മ്മിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തത്.
ജാതി സമൂഹത്തെ ബാധിച്ച ഒരു കാന്‍സറാണ് നമ്മുടെ നാട്ടിലുള്ള ഹിന്ദുമതത്തില്‍ കാണപ്പെടുന്ന ജന്മസിദ്ധമായ ഒരു രോഗമാണത്.
ജാതി, ദാരിദ്ര്യത്തെക്കാള്‍ ക്രൂരമാണ്. സമ്പത്തുണ്ടായാല്‍ ദാരിദ്ര്യം അവസാനിക്കും. എന്നാല്‍ ജനിച്ച കുലത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ജാതിസമ്പ്രദായം മരിച്ച് ദഹിപ്പിക്കുമ്പോള്പോലും അവസാനിക്കുന്നില്ല!
പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരും അനുയായികളും 1929-ല്‍ നടന്ന സ്വാഭിമാനപ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തില്‍വച്ച് പേരിന്റെ പിന്നില്‍ ചേര്‍ക്കുന്ന ജാതിവാല് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഇന്നോ, രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്നതിനായി, അന്ന് തൂത്തെറിയപ്പെട്ട ജാതിവാല് പൊടിതട്ടിയെടുത്ത് വീണ്ടും തലയില്‍ വച്ചുകെട്ടുന്ന ലജ്ജാകരമായ പ്രവൃത്തി എവിടെയും ഫണംവിടര്‍ത്തി ആടുന്നത് കാണാം. സ്വാഭിമാന പ്രസ്ഥാനത്തിന്റെ 75 വര്‍ഷത്തെ ഉദ്ബോധനത്തിനുശേഷവും ഇത്തരം അന്ധവിശ്വാസങ്ങളോ? മഹാ നാണക്കേട്.
ജാതിനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് വിവേകസൂര്യന്‍ തന്തൈ പെരിയാറിന്റെ ചിന്തയില്നിന്നുദിച്ച മൊഴിമുത്തുകളുടെ സമാഹാരമാണിത്. അദ്ദേഹത്തിന്റെ ജന്മദിനത്തിന് (122) പ്രകാശിപ്പിക്കുന്ന ഈ പുസ്തകം വായിച്ച് ചിന്തിക്കുക. ചിന്തയില്‍മാത്രം ഒതുക്കാതെ പ്രവര്‍ത്തിച്ചു തുടങ്ങുക.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.