‘രവീന്ദ്രന്റെ യാത്രകൾ’; ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ വിപുലമായ വിവരണങ്ങൾ
മലയാളത്തിലെ യാത്രയെഴുത്തിന്റെ ആശാൻ പൊറ്റെക്കാട്ടാണെന്ന് തോന്നുന്നു. ഇന്നത്തെപ്പോലെയല്ല, ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്തതിന്റെ അടയാളങ്ങളായി വലിയ സഞ്ചാര കൃതികളും മലയാളത്തിന് ലഭിച്ചിട്ടുണ്ടല്ലൊ! ഇന്ന് സക്കറിയയും രാജൻ കാക്കനാടനും എം.കെ. രാമചന്ദ്രനും രവീന്ദ്രവും പിന്നാലെ പലരും വരുന്നുണ്ട്,
ധാരാളം പുസ്തകങ്ങളും വരുന്നുണ്ട്. എന്തിന് യാത്രാ മാസികകൾ പോലും ഇറങ്ങുന്നുണ്ടല്ലോ!
രവീന്ദ്രന്റെയാത്രകളെന്ന പുസ്തകത്തിന്റെ അവതാരികയിൽ വഴികളും വാക്കുകളും എന്ന ലേഖനത്തിൽ കെ.സി. നാരായണൻ എഴുതുന്നുണ്ട്.”എന്താവാം ഒരാളെ യാത്രക്ക് പ്രേരിപ്പിച്ചുകൊണ്ടു സ്വസ്ഥമായ വീട്ടകങ്ങളിൽ നിന്നു പുറത്തേക്ക് ഓടിക്കുന്നത്? എന്താണ് ഒരാളെ യാത്രകളെല്ലാം വെടിഞ്ഞ് സ്വന്തം വീട്ടിലേക്കു വലിച്ചടുപ്പിക്കുന്ന ബലമായി പ്രവർത്തിക്കുന്നത്? വഴിയുടെ വിളികളും വീടിന്റെ ഭൂഗുരുത്വബലവും പരസ്പരം മേളിക്കുന്ന ലോലമായ സമതുലനത്തിന്റെ നില തെറ്റി എപ്പോഴാണ് ആദ്യത്തേത് മേൽക്കൈ നേടുന്നത്?” യാത്രയുടെ എല്ലാ വശങ്ങളേയും തൊടുന്ന പ്രൗഡമായ ഒരവതാരികയാണത് !
ഒരിക്കലെങ്കിലും ദേശം വിടാത്തവരില്ലെന്നാണ് തോന്നുന്നത്. ഇന്നത് രാജ്യാന്തര /ഭൂഖണ്ഡാനന്തര യാത്രകളായും മാറിയിട്ടുണ്ട്. യാത്രികരുടെ കണ്ണിൽ പെടാത്ത കാര്യങ്ങളെക്കുറിച്ചാവണം ഒരു യാത്രയെഴുത്തുകാരൻ എഴുതുന്നതെന്ന് തോന്നുന്നു. അയാൾക്കുമുന്നിൽ ഭൂമിയും അതിലെ വഴികളുമൊക്കെയാവും നിവർന്നു കിടക്കുന്നത്. യാത്രികൻ വഴി മാത്രo കണ്ട് പാഞ്ഞുപോകുമ്പോൾ യാത്രയെഴുത്തുകാരൻ അതിന്റെ പാർശ്വങ്ങളിലേക്കും കണ്ണിട്ട് കണ്ടതൊക്കെ ഓർമ്മിച്ച് ഒരു പുസ്തകത്തിൽ അടുക്കുന്നു. സ്വിറ്റ്സർലാൻഡിൽ വിപുലമായി സഞ്ചരിച്ചതിന്റെ വിവരണം രവീന്ദ്രന്റെ എഴുത്തുകൂട്ടത്തിലുണ്ട്. കുറച്ചുകൊല്ലം മുമ്പ് ഞാനും ആ വഴിയിലൂടൊക്കെ പാഞ്ഞതാണ്. അതറിഞ്ഞ ഒരു പത്രാധിപർ അതൊന്നെഴുതിക്കൂടെയെന്ന് ചോദിച്ചതും എഴുതാൻ പറ്റാഞ്ഞതും ഇപ്പോൾ ഖേദത്തോടെ ഓർക്കുന്നു. സാക്ഷ്യം നൽകാൻ ഒരു പടം പോലുമില്ല.
ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ വിപുലമായ വിവരണങ്ങൾ പലപ്പോഴായി പല പുസ്തകങ്ങളിൽ വന്നതൊക്കെ സമാഹരിച്ച പുസ്തകമാണ് “രവീന്ദ്രന്റെ യാത്രകൾ” എന്ന പുസ്തകം ! ഭാഷയുടെ തെളിച്ചമാണ് രവീന്ദ്രന്റെ യാത്രയെഴുത്തിന്റെ പ്രത്യേകത! പുസ്തകം വായിച്ചാൽ അദ്ദേഹം അലഞ്ഞ വഴികളും പാർത്ത സ്ഥലങ്ങളുമൊക്കെ കണ്ടെത്തണമെന്ന് തോന്നും. (അപ്പോഴും ദിഗാരുവിലെ കടവ് കടത്തുന്ന ആനകൾ ഇപ്പോഴുമവിടെ ഉണ്ടോ ആവോ എന്നും സംശയം തോന്നാം) സ്ഥലവും പ്രകൃതിയും വഴികളും കൂടിക്കുഴഞ്ഞ ദൃശ്യങ്ങളെ ഒരു ചിത്രത്തിലെന്നപോലെ രവീന്ദ്രൻ എഴുത്തിലൂടെ കാണിപ്പിക്കുകയാണെന്നും പറയാം. രവീന്ദ്രൻ ഏതാണ്ട് മുപ്പത് കൊല്ലക്കാലത്തെ യാത്രയുടെ സമ്പുടം ! രസം നിറഞ്ഞ വായന !
Comments are closed.