ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറും നാസിപടയും ജൂതര്‍ക്കെതിരെ നടത്തിയ ക്രൂരതകളുടെയും അരുംകൊലപാതങ്ങളുടെയും പ്രതീകമായാണ് ലോകം ആന്‍ ഫ്രാങ്കിനെ കാണുന്നത്. നാസിപടയുടെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ വെളിവാക്കിയത് സീക്രട്ട് അനെക്‌സ് എന്ന ഒളിസങ്കേതത്തില്‍ താമസിച്ചിരുന്നപ്പോള്‍ ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്നാണ്. വംശവെറിയുടെ, നാസി ക്രൂരതയുടെ ദൈന്യവും നിസ്സഹായതയും ലോകത്തോട് വിളിച്ചു പറഞ്ഞത് ഈ കൊച്ചുപെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളായിരുന്നു.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ യഹൂദജനതയോടു കാട്ടിയത്. നാസി തടവറകളിലെ ഗ്യാസ് ചേംബറുകളില്‍ വംശശുദ്ധീകരണത്തിന്റെ പേരില്‍ ആയിരക്കണക്കിനു ജൂതവംശജര്‍ പിടഞ്ഞുമരിച്ചു. ഹിറ്റ്‌ലറുടെ വംശോന്മൂലനസിദ്ധാന്തത്തിലൂടെ നാമാവശേഷമാക്കപ്പെട്ട അനേകം ജൂതകുടുംബങ്ങളില്‍ ഒന്നായിരുന്നു ആന്‍ ഫ്രാങ്കിന്റേത്.
1945 മാര്‍ച്ചില്‍ തെക്കേ ജര്‍മ്മനിയിലെ നാസി തടവറയില്‍വച്ച് ആന്‍ ഫ്രാങ്ക് മരണപ്പെട്ടു. 1944 ആഗസ്റ്റ് 4-ന് നാസി പോലീസ് ആന്‍ ഫ്രാങ്കിനെയും കുടുംബത്തെയും അവരൊളിവില്‍ കഴിഞ്ഞിരുന്ന കെട്ടിടത്തില്‍നിന്നും പിടിച്ചുകൊണ്ടുപോകുമ്പോള്‍, തന്റെ പ്രിയപ്പെട്ട ഡയറിയെ ഉപേക്ഷിക്കാന്‍ ആന്‍ ഫ്രാങ്ക് നിര്‍ബന്ധിതയായിരുന്നു. ആന്‍ ഫ്രാങ്കിന്റെ മരണശേഷം കണ്ടെടുക്കപ്പെട്ട ‘ഡയറിക്കുറിപ്പുകള്‍’ 1947-ല്‍ ആംസ്റ്റര്‍ഡാമില്‍ പ്രസിദ്ധീകൃതമായി.
യുദ്ധഭീകരതയെയും അതു മനസ്സിലേല്‍പ്പിക്കുന്ന ആഘാതങ്ങളെയും യഥാതഥമായി പകര്‍ത്തിയ ഈ കൃതി ആന്‍ ഫ്രാങ്കിന്റെ ജീവിതമോ കൂടെ പാര്‍ത്തിരുന്ന ഏതാനും പേരുടെ ജീവിതമോ മാത്രമല്ല ഹോളണ്ടിലെ അന്നത്തെ സാമാന്യജനങ്ങളുടെ ജീവിതാവസ്ഥയെയും എടുത്തു കാട്ടുന്നു. ഇരുളു നിറഞ്ഞതും ഇടുങ്ങിയതുമായ ഒരു മുറിയും കുറെ മനുഷ്യരും മാത്രമെ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ കൗമാരക്കാരിയുടെ അസാധാരണ ഭാവനയും നര്‍മ്മബോധവും ഈ കുറിപ്പുകളെ ഉദാത്തതലത്തിലെത്തിക്കുന്നു. ജീവി ത ത്തോട് ആഴ ത്തി ലുള്ള അഭിനിവേശം, ഉറച്ച ധൈര്യം, ഭാവിയെക്കുറിച്ചുള്ള അഗാധമായ വിശ്വാസം—-ഭീതിയുടെ
മുള്‍മുനയില്‍ ദിനരാത്രങ്ങളോരോന്നും തള്ളിനീക്കുമ്പോഴും പ്രസാദപൂര്‍ണ്ണമായിരുന്നു ആന്‍ ഫ്രാങ്കിന്റെ ജീവിതം.
ജീവിതത്തിന്റെ ഏറ്റവും ദുരിതപൂര്‍ണ്ണമായസാഹചര്യങ്ങളില്‍പോലും മനുഷ്യസ്‌നേഹവും ആത്മവിശ്വാസവും കൈവിടാതെ ഹൃദയവും ശിരസ്സും ഉയര്‍ത്തിപ്പിടിച്ച് ജീവിതത്തെ അഭിമുഖീകരിക്കാന്‍ ഈ കൃതി നമ്മെ
പ്രേരിപ്പിക്കുന്നു. ഫ്രാങ്ക് കുടുംബത്തിന്റെ ഒളിത്താവളം ജര്‍മ്മന്‍ പോലീസിന്
ഒറ്റിക്കൊടുത്തതാരാണെന്ന് അറിയുന്നതിനുള്ള അന്വേഷണങ്ങള്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ത്തുന്നതിനിടയിലാണ് ‘ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍’ ആദ്യമായി ഡി സി ബുക്സ് (ആഗസ്റ്റ് 2002) പ്രസിദ്ധപ്പെടുത്തിയത്.
1942 ജൂണ്‍ 12 മുതല്‍ 1944 ആഗസ്റ്റ് 1 വരെയുള്ള ഈ കുറിപ്പുകള്‍ ലേഖികയുടേതു മാത്രമല്ല. വേട്ടയാടപ്പെട്ട ഒരു സമൂഹത്തിന്റെ രോദനംകൂടിയാണ്. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിലൂടെ അവള്‍ ലോകത്തിനായി കരുതി വെച്ചത് സമാനതകളിലല്ലാത്ത പീഡനകാലത്തിലൂടെ കടന്നുപോയ മനുഷ്യരുടെ ചരിത്രമാണ്. നെതര്‍ലാന്‍ഡ്‌സിലെ ഒളിത്താവളത്തില്‍ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുമ്പോഴും ജീവശ്വാസം മിടിപ്പായി, ഭയമായി പേറുമ്പോഴും വരാനിരിക്കുന്ന നല്ലകാലത്തെ കുറിച്ച് അവള്‍ പ്രതീക്ഷ പുലര്‍ത്തി…
ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകള്‍. 1945-ലാണ് ഈ ഡയറി കണ്ടെടുക്കുന്നത്. ഡച്ചു ഭാഷയിലായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 1952-ല്‍ ദ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജര്‍മനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫും, ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറിക്കുറിപ്പിലും. ഹിറ്റ്‌ലറുടെ ആത്മകഥയില്‍ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.