DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വൈക്കം സത്യഗ്രഹം’ ; പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന് ഏപ്രില്‍ ഒന്നിന് പ്രകാശനം ചെയ്യുന്നു

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്യും. ഏപ്രില്‍ ഒന്നിന് വൈകിട്ട് മൂന്നിന് വൈക്കം ബോട്ട്‌ജെട്ടി മൈതാനത്ത് നടക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍  വെച്ചാണ് പ്രകാശനച്ചടങ്ങ് നടക്കുക.

സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹത്തിന്റെ 603 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്കായാണ് വൈക്കം ഒരുങ്ങുന്നത്. ഡി സി ബുക്‌സും ഇത്തരത്തില്‍ 603 ദിവസം നീളുന്ന വ്യത്യസ്ത പരിപാടികള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചുകൊണ്ട് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കാളിയാകുന്നു.

1924 -25 കാലഘട്ടത്തില്‍ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന (പ്രധാനമായും തമിഴില്‍) പത്രമാസികകളും സര്‍ക്കാര്‍ രേഖകളും പില്‍ക്കാല സാഹിത്യ – ചരിത്രകൃതികളും കണ്ടെത്തി അതില്‍ നിന്നും വൈക്കം സത്യഗ്രഹത്തിന്റെ നാള്‍വഴിചരിത്രം വരച്ചിടുന്ന വിശിഷ്ടഗ്രന്ഥമാണിത്. ഈ പുസ്തകം മലയാള ചരിത്രഗവേഷണത്തിനും പുതിയൊരു രീതിശാസ്ത്രം സംഭാവന ചെയ്യുന്നു.

1924 മാര്‍ച്ച് 30. ചരിത്രപ്രസിദ്ധമായ വൈക്കംസത്യഗ്രഹത്തിന് അന്ന് സമാരംഭം കുറിച്ചു. കേരളത്തില്‍ സാമൂഹികനവോത്ഥാനത്തിന് വഴി തുറന്ന സഹനസമരപ്രക്ഷോഭമായിരുന്നു അത്. ഭാരതത്തില്‍ ആകമാനം അതിന്റെ അലയൊലികള്‍ പ്രകമ്പനം കൊണ്ടു. അവര്‍ണ്ണരെന്ന് മുദ്രചാര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ മുന്നേറ്റത്തിന്റെ ചരിത്രം വൈക്കത്തെ മണ്ണില്‍ കാലത്തിനു മായ്ക്കപ്പെടാനാവാതെ എഴുതി ചേര്‍ക്കുകയായിരുന്നു അന്ന്.

കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, മന്നത്ത് പദ്മനാഭന്‍, കണ്ണന്തോടത്ത് വേലായുധ മേനോന്‍, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹസമരം ആരംഭിച്ചത്.

കുഞ്ഞാപ്പി എന്ന പുലയയുവാവും ബാഹുലേയന്‍ എന്ന ഈഴവയുവാവും ഗോവിന്ദപ്പണിക്കര്‍ എന്ന നായരുമായിരുന്നു ആദ്യദിവസത്തെ സത്യഗ്രഹികള്‍. നിയമലംഘനം നടത്തിയ അവരെ അറസ്റ്റ് ചെയ്ത് ആറുമാസത്തെ തടവിനു ശിക്ഷിച്ചു. തേവന്‍ എന്ന പുലയയുവാവിനൊപ്പം കേശവമേനോനും ടി.കെ. മാധവനും അറസ്റ്റ് വരിച്ചു. ആറുമാസത്തെ തടവിന് അവരും ശിക്ഷിക്കപ്പെട്ടു. സമരത്തില്‍ പങ്കെടുത്ത് നേതാക്കള്‍ എല്ലാം ജയിലിലായ സന്ദര്‍ഭത്തിലാണ് പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ 17 പേരടങ്ങുന്ന സംഘത്ത നയിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍നിന്ന് വൈക്കത്തെത്തിയത്. തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു അക്കാലത്ത് അദ്ദേഹം. പഞ്ചാബില്‍ നിന്ന് അകാലികളുടെ ഒരു സംഘവും വൈക്കത്തെത്തി. അവരാണ് സത്യഗ്രഹാശ്രമത്തില്‍ സൗജന്യ ഭക്ഷണശാല തുറന്നത്.

1924 ഒക്ടോബറില്‍ ശ്രീനാരായണഗുരു സത്യഗ്രഹാശ്രമത്തിലെത്തി. സമരഭടന്മാര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം സാമ്പത്തികസഹായവും മറ്റും അദ്ദേഹം നല്‍കുകയുണ്ടായി. ബോധേശ്വരന്‍, ഡോ.വേലുക്കുട്ടി അരയന്‍, ഗാന്ധിദാസ് മുത്തുസ്വാമി തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനേകം മഹത്തുക്കള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തി.

ഇന്ത്യയില്‍ നടന്ന ഏറ്റവും ശക്തമായ സമരങ്ങളില്‍ ഒന്നായ വൈക്കം സത്യഗ്രഹസമരം 1925 നവംബര്‍ 23-ന് ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിച്ചു. വൈകാതെ വൈക്കം ക്ഷേത്രവീഥികള്‍ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ക്കായി തുറക്കപ്പെട്ടു. ഇന്ത്യന്‍ ജനതയെ നവോത്ഥാനത്തിലേക്ക് കൈപിടിച്ചു നടത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം ആയിരുന്നു വൈക്കം സത്യഗ്രഹം. മഹത്തായ ആ സമരചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ഒരു പുസ്തകത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് അനേക വര്‍ഷത്തെ ഗവേഷണത്തിലൂടെ നിരവധി രേഖകളും പുസ്തകങ്ങളും മറ്റും പരിശോധിച്ച് അതിയമാന്‍ തയ്യാറാക്കിയ ഈ തമിഴ്കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ഇനിയും സഫലമാകേണ്ട, എല്ലാ അര്‍ത്ഥത്തിലുമുള്ള സാമൂഹികതുല്യതയ്ക്കുവേണ്ട നവോത്ഥാനത്തിനായി ഈ പുസ്തകം പ്രചോദനമാകുമെന്ന് പ്രത്യാശിക്കുന്നു.

Comments are closed.