ഞാന്‍ എന്തുകൊണ്ട് ഫെമിനിസ്റ്റല്ല (ആണ്)? : ബെന്യാമിന്
2021 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്, പുനഃപ്രസിദ്ധീകരണം
ഞാന്‍ അടുക്കളപ്പണി ചെയ്യുന്ന ആളാണ്, എനിക്ക് പാചകവും വീട് പരിപാലനവും നന്നായി അറിയാം, എന്നൊക്കെ വളരെ അഭിമാനപൂര്‍വ്വം പൊതുവേദികളിലും അഭിമുഖങ്ങളിലും പറയുന്ന ആളാണ് ഞാന്‍. പക്ഷേ അത് എന്റെ ഇഷ്ടപ്രകാരമുള്ള തിരഞ്ഞെടുപ്പാണ് എന്നിടത്താണ് അതില്‍ കൊട്ടിഘോഷിക്കാന്‍ ഒന്നുമില്ല എന്ന് ഞാന്‍ മനസിലാക്കുന്നത്. ശരിയാണ്, ഞാന്‍ അടുക്കള പണി ചെയ്യും; ഭാര്യ വീട്ടിലില്ലാത്തപ്പോള്‍. അല്ലെങ്കില്‍ എനിക്ക് സൗകര്യമുള്ളപ്പോള്‍.
‘We have begun to raise daughters more like sons, but few have a courage to raise our sons more like our daughters’ – Gloria Steinem.
ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ഉജ്വലമായ ആശയങ്ങള്‍ പകര്‍ന്നു നല്കുന്ന ഒരു പുസ്തകത്തിന്റെ വായനയുടെ നിറവില്‍ നിന്നുകൊണ്ടാണ് ഈ വാക്കുകള്‍ കുറിക്കുന്നത്. സിമോന്‍ ദ ബുവയുടെ Second Sex, സില്‍വിയ പ്ലാത്തിന്റെ The bell jar, വെര്‍ജീനിയ വൂള്‍ഫിന്റെ A room of one’s own, മാര്‍ഗരറ്റ് ആറ്റ്വുഡിന്റെ The Handmaid’s tal തുടങ്ങി കീര്‍ത്തികേട്ട പല പുസ്തകങ്ങളും ഫെമിനിസത്തെ സംബന്ധിച്ച് പല പുതിയ വാതായനങ്ങളും തുറന്നു തന്നിട്ടുണ്ട്. എങ്കിലും ഞാന്‍ അടിമുടി സ്ത്രീസ്വാതന്ത്ര്യവാദിയാണെന്നും ഫെമിനിസ്റ്റ് ചിന്തകളെ കലര്‍പ്പില്ലാതെ പിന്തുണയ്ക്കുന്നവനാണെന്നും ഉള്ള എന്റെ ആണ്‍അഹന്തയുടെ ബലൂണിനെ നിസ്സാരമായി പൊട്ടിച്ചു കളയാന്‍ നൈജീരിയന്‍ എഴുത്തുകാരി ചിമമാഡ എന്‍ഗോസി അദീച്ചിയുടെ ‘Dear Ijeawele, A feminist manifesto in fifteen suggestions’ എന്ന പുസ്തകത്തിന്റെ ഒന്നാംവായനതന്നെ സഹായിച്ചു എന്നതാണ് ഈ എഴുത്തിലേക്ക് നയിച്ച ഘടകം.
സമ്പൂര്‍ണ്ണമായും പുരുഷാധിപത്യക്രമം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് കടുത്ത ശിക്ഷണത്തിന്റെയും ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തികളുടെയും പിന്‍ബലമില്ലാതെ അങ്ങനെ സമത്വസുന്ദരമായ ഒരു മനോഹരലോകത്തെക്കുറിച്ച് ചിന്തിക്കുക പോലും സാധ്യമല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ‘എനിക്കെന്താണ് ഒരു കുഴപ്പം’ എന്ന് ഉറച്ചു വിശ്വസിക്കുകയും കുമ്പിളിങ്ങി നൈറ്റ്സിലെ ഷമ്മിയെപ്പോലെ ‘സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു കൊടുക്കുന്ന കുടുംബമാണ് നമ്മുടേത്’ എന്ന് അഭിമാനിച്ചു നടക്കുകയും ചെയ്തുകളയും. അത്തരം ചില ചിന്തകളെ വേരോടെ പിഴുതുകളയുവാന്‍ ഫെമിനിസ്റ്റ് ആശയങ്ങളുടെ കാതല്‍ നാം തേടിപ്പോകേണ്ടതുണ്ട്. ഓ ഫെമിനിസമോ, അതെന്താണെന്ന് എനിക്കറിയാം, അതേപ്പറ്റി ഏറെയൊന്നും പറയാന്‍ നില്‍ക്കേണ്ട എന്നാവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ നമ്മില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ചിന്തിക്കുക. കാരണം കഴിഞ്ഞ പല പതിറ്റാണ്ടുകളായി നാം പലകോണുകളില്‍ നിന്നുകൊണ്ട് പഠിച്ചിട്ടും വിശകലനം ചെയ്തിട്ടും അന്ധന്മാര് കണ്ട ആനയെപ്പോലെ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ആശയങ്ങളില്‍ ഒന്നാണ് ഫെമിനിസം. പുരുഷനെ സമ്പൂര്‍ണ്ണമായും നിരാകരിക്കലും നിഷേധിക്കലുമാണ് അതിന്റെ രീതി എന്ന് നാമെല്ലാം ധരിച്ചു വശായിട്ടുമുണ്ട്. അതുകൊണ്ടു തന്നെ പുരുഷാധിപത്യക്രമത്തിന്റെ കെണിയില്‍ പെട്ടുപോയ ആണും പെണ്ണും ഒരേപോലെ അതിനെ മുന്‍വിധിയോടെ സമീപിക്കുന്നു. അഹങ്കാരത്തിന്റെയും നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആശയങ്ങളെയാണ് അത് വഹിക്കുന്നത് എന്ന് വെറുതെ ഉറപ്പിക്കുന്നു. അങ്ങനെ അത് മുന്നോട്ട് വയ്ക്കുന്ന സമത്വത്തിന്റെ മനോഹരമായ ആശയത്തെ കാണാന്‍ ശ്രമിക്കാതെ പോകുന്നു.
ഞാന്‍ അടുക്കളപ്പണി ചെയ്യുന്ന ആളാണ്, എനിക്ക് പാചകവും വീട് പരിപാലനവും നന്നായി അറിയാം, എന്നൊക്കെ വളരെ അഭിമാനപൂര്‍വ്വം പൊതുവേദികളിലും അഭിമുഖങ്ങളിലും പറയുന്ന ആളാണ് ഞാന്‍. പക്ഷേ അത് എന്റെ ഇഷ്ടപ്രകാരമുള്ള തിരഞ്ഞെടുപ്പാണ് എന്നിടത്താണ് അതില്‍ കൊട്ടിഗ്ഘോഷിക്കാന്‍ ഒന്നുമില്ല എന്ന് ഞാന്‍ മനസിലാക്കുന്നത്. ശരിയാണ്, ഞാന്‍ അടുക്കള പണി ചെയ്യും; ഭാര്യ വീട്ടിലില്ലാത്തപ്പോള്‍. അല്ലെങ്കില്‍ എനിക്ക് സൗകര്യമുള്ളപ്പോള്‍. എനിക്കിഷ്ടമുള്ളടിത്തേക്ക് എല്ലാം ഞാന്‍ യാത്ര ചെയ്യും. സൗകര്യം പോലെ തിരിച്ചു വരും. എന്റെഇഷ്ടപ്രകാരം അടുക്കള പൂട്ടുകയും തുറക്കുകയും ചെയ്യും. അതായത് എന്റെ എഴുത്തിനെയും സഞ്ചാരത്തെയും സ്വാതന്ത്ര്യത്തെയും കൂടുതല്‍ ആസ്വദിക്കുന്നതിനുവേണ്ടി ഞാന്‍ ഇഷ്ടത്തോടെ സ്വീകരിച്ചതാണ് എന്റെ അടുക്കളപ്പണികളും ഗൃഹപരിപാലനവും. എന്നാല്‍ കേരളത്തിലെ എത്ര സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം അടുക്കള പണികളിലേക്ക് ഇറങ്ങിപ്പോകുന്നുണ്ട്? എത്ര സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മാത്രം ഒരുദിവസമെങ്കിലും അടുക്കള പൂട്ടാന്‍ അധികാരമുണ്ട്? അതിനുപോലും കുടുംബത്തിന്റെ സമയവും സന്ദര്‍ഭവും സൌകര്യവും നോക്കേണ്ടി വരും എന്നിടത്താണ് എന്താണ് പുരുഷാധിപത്യസമൂഹം എന്ന് നമുക്ക് മനസിലാവുന്നതും എന്റെ വീരാഭിമാനങ്ങള് ഒക്കെ പുകയായി മാറുന്നതും.
അടുത്തിടെ ഇറങ്ങിയതില്‍ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റുകയും സോഷ്യല്‍ മീഡിയയിലെ സ്ത്രീസമത്വവാദികളായ പുരുഷന്മാര് ആഘോഷിക്കുകയും ചെയ്ത മലയാള സിനിമ ആണല്ലോ ‘ ‘The Great Indian Kitchen’. എല്ലാ പുരുഷന്മാരും കണ്ടിരിക്കേണ്ട ചിത്രം; ഇതാണ് നമ്മുടെ അമ്മ, ഭാര്യ, സഹോദരിമാര്‍ അടുക്കളയില്‍ അനുഭവിക്കുന്ന നരകയാതന എന്നൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതല്ലാതെ എത്ര പുരുഷന്മാര് അടുക്കളപ്പണികള് സ്വയം ഏറ്റെടുത്ത് സ്വന്തം സ്ത്രീയെ ആ ചിത്രമൊന്ന് സ്വസ്ഥതയോടുകൂടി കാണുന്നതിന് സമയമനുവദിച്ചു? കേരളത്തിലെ എത്ര സ്ത്രീകള്‍ക്ക് ഒരു മണിക്കൂര്‍ നാല്പത് മിനുറ്റു മാത്രം നീളുന്ന ആ ചിത്രം, ഇടയ്ക്കെല്ലാം ‘പോസ്’ അടിച്ചു നിറുത്തി വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി ഓടിയ ശേഷം, ‘എപ്പിസോഡുകള്‍’ ആയി അല്ലാതെ, ഒറ്റയിരുപ്പില്‍ കാണാന്‍ സാധിച്ചു? എന്നൊക്കെ അന്വേഷിക്കുമ്പോഴാണ് നമ്മള് പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷ സമത്വത്തിന്റെ ഉള്ളിലെ പൊള്ളത്തരം വെളിപ്പെട്ടു വരുന്നത്. ആലസ്യങ്ങളിലും വിനോദങ്ങളിലും ഇരുന്നു തീര്‍ക്കാനുള്ളതാണ് പുരുഷന്റെ ജീവിതമെന്നും അവനുവേണ്ടി പകലന്തിയോളം ഓടിത്തീര്‍ക്കാനുള്ളതാണ് പെണ്‍ജീവിതങ്ങള്‍ എന്നും നാം ധരിച്ചിരിക്കുന്നു. ആ ധാരണയ്ക്ക് ഇളക്കം തട്ടുന്ന ഒരു ചിന്താപദ്ധതിയെയും ഒരുകാരണവശാലും സമൂഹം വച്ചു പൊറുപ്പിക്കുകയുമില്ല.
പൂര്‍ണ്ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക
Comments are closed.