ഒരേയൊരു സാക്ഷി
പ്രൊഫ.കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ‘ഞാന്‍ സാക്ഷി’ എന്ന പുസ്തകത്തിന് കെവി മധു എഴുതിയ വായനാനുഭവം
”കാസര്‍കോട് എത്തിയതിന് പിറ്റേ ദിവസം തന്നെ ഒരു പോലീസുകാരന്‍ എന്നെ കാണാന്‍ വീട്ടിലെത്തി. ഒരുച്ചനേരത്തായിരുന്നു അത്. ചില ഉന്നതരുടെ ആവശ്യപ്രകാരം താങ്കളുടെ സേവനം തേടിയാണ് വന്നിരിക്കുന്നതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ ഊണ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചിരിച്ചുകൊണ്ട് ഞാന്‍ അവരോട് ഊണുകഴിക്കാമെന്ന് പറഞ്ഞു. അവര്‍ വേണ്ടെന്ന് പറഞ്ഞു. നീതി യുക്തവും ചെയ്യാന്‍ കഴിയുന്നതുമായ സഹായമാണെങ്കില്‍ ചോദിച്ചോളു എന്ന് ഞാന്‍ പറഞ്ഞു.
അവര്‍ ഒടുക്കം വിശദമായി പറഞ്ഞു. രാജന്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായി സാക്ഷി പറയാന്‍ നിര്‍ദേശിക്കാനാണ് തങ്ങള്‍ വന്നതെന്ന് പറഞ്ഞു. കോളേജുമായി ബന്ധപ്പെട്ട ഒരാളുടെ മൊഴിയില്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാവുന്ന ചില സംഗതികളുണ്ടെന്നും ആ മൊഴി സത്യമാണെന്ന് താങ്കള്‍ പറയണമെന്നും അവരെന്നോട് പറഞ്ഞു. ഞാന്‍ എന്റെ നിലപാട് ഉറപ്പിച്ചുപറഞ്ഞു. സര്‍ക്കാരിനൊപ്പം ഒരുതരത്തിലും ഉണ്ടാകില്ലെന്ന് ഞാന്‍ വ്യക്തമാക്കി. ഒടുവില്‍ ഞാന്‍ ഇറക്കിവിടുമെന്നായപ്പോള്‍ അവര്‍ മടങ്ങി. എന്നാല്‍ കോടതിയിലേക്കുള്ള എന്റെ യാത്ര തടസപ്പെടുത്തുമോ എന്ന ആശങ്ക എന്റെ ഉള്ളിലുണ്ടായി. പിന്നെയുണ്ടായത് സംഭവബഹുലമായ കാര്യങ്ങളാണ്”
(ഞാന്‍ സാക്ഷി, പ്രൊഫസര്‍ കെ.കെ. അബ്ദുള്‍ ഗഫാര്‍)
കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷഭരിതമായ ഒരു ഭൂതകാലസംഭവത്തിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകളുടെ ഒരു ഭാഗമാണിത്. കോളിളക്കം സൃഷ്ടിച്ച രാജന്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പുറത്തിറങ്ങിയ പ്രധാനസാക്ഷി പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ആത്മകഥ ഞാന്‍ സാക്ഷിയില്‍ നിന്നുള്ള ഒരുസുപ്രധാന ഭാഗം. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് ഭീകരതയുടെ പ്രതീകമായ രാജന്‍ കേസിന്റെ അറിയാത്ത അണിയറക്കഥകള്‍ വീണ്ടും മലയാളികള്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഞാന്‍ സാക്ഷിയിലൂടെ.
രാജന്‍ കേസില്‍ തന്റെ പ്രിയ വിദ്യാര്‍ത്ഥിക്കു വേണ്ടി ഗഫാര്‍ സാക്ഷി പറയാനെത്തുന്നത് തടയാന്‍ പൊലീസ് പതിനെട്ടടവും പയറ്റിയിരുന്നതായി ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ഏഡനിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതിനിധിയായി പ്രൊഫ. ഗഫാര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തായിരുന്നു കേസിന്റെ പ്രാധാന നിയമനടപടികള്‍. പ്രതിക്കൂട്ടില്‍ സര്‍ക്കാരും പൊലീസുമായതിനാല്‍ വിചാരണ നടപടികള്‍ കേരളത്തിന് പുറത്ത് കോയമ്പത്തൂരിലെ കോടതിയിലാണ് നടന്നത്.
സര്‍ക്കാരിന് അനുകൂലമായി സാക്ഷി പറയിപ്പിക്കാന്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദങ്ങളുണ്ടായി. സര്‍ക്കാര്‍ പ്രതിനിധികള്‍ പലതവണ ബന്ധപ്പെട്ടു. ഒടുവില്‍ വീട്ടില്‍ നേരിട്ടെത്തിയ കഥയും ഗഫാര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
‘മറ്റൊരു ഉദ്യോഗസ്ഥന്റെയും നിരന്തര ഫോണ്‍ വിളികളുണ്ടായി. കോളേജുമായി ബന്ധപ്പെട്ട ഒരാളുടെ സാക്ഷിമൊഴിയില്‍ സര്‍ക്കാറിന് അനുകൂലമായ പരാമര്‍ശമുണ്ടെന്നും അതുകൊണ്ട് അത്തരമൊരു മൊഴി ഞാനും നല്‍കണമെന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ ആവശ്യം. ഒരു തരത്തിലും മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ചെങ്കിലും ഏഡനില്‍ വന്ന് തന്നെ കാണാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും അങ്ങോട്ട് വരാതെ നിര്‍വാഹമില്ലെന്നും അയാള്‍ അറിയിച്ചു.സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണെന്നും അനുകൂലമായി സാക്ഷി പറയണമെന്നും ഉദ്യോഗസ്ഥന്‍ തുറന്നു പറഞ്ഞു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ. കരുണാകരന്റെ കസേര വീഴ്ത്തിയ കേസിന്റെ
വിചാരണ അട്ടിമറിക്കാന്‍ പൊലീസും സര്‍ക്കാരും എന്തൊക്കെ വഴികളാണ് പരീക്ഷിച്ചിരുന്നതെന്നാണ് ഈ പുസ്തകം വെളിവാക്കുന്നു. രാജന് നീതി കിട്ടാനുള്ള പോരാട്ടത്തില്‍ ഒരു സ്വാധീനത്തിനും വഴങ്ങാത്ത അധ്യാപകന്റെ ധീരതയും സത്യസന്ധതയും പുസ്തകം തുറന്നു കാട്ടുന്നു. കൊയമ്പത്തൂര്‍ കോടതിയിലെ തന്റെ സാക്ഷി വിസ്താര അനുഭവവും ആത്മകഥാകാരന്‍ വിശദമാക്കുന്നുണ്ട്.
രാജന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്നതിന്റെ തെളിവുകളിലൊന്നായി കോടതി പരിഗണിച്ചതും അബ്ദുല്‍ ഗഫാറിന്റെ മൊഴിയാണ്. രാജന്‍ എന്ന പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയുടെ കൊലപാതകികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹമാണ് പലതരത്തിലുള്ള ആശങ്കകള്‍ ഉണ്ടായിട്ടും കോടതിയിലെത്തി സാക്ഷി പറയാന്‍ പ്രേരിപ്പിച്ചതെന്ന് പ്രൊഫ. ഗഫാര്‍ വ്യക്തമാക്കുന്നു.
1976-ല്‍ കോഴിക്കോട് റീജനല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാജന്റെ അധ്യാപകനായിരുന്നു കാസര്‍കോട് സ്വദേശിയായ പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാര്‍. മാര്‍ച്ച് 1ന് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് രാജനെ അവസാനമായി കണ്ട അധ്യാപകന്‍ കൂടിയാണ് ഗഫാര്‍. അന്നേദിവസം രാത്രി കലോത്സവം കഴിഞ്ഞ് വിജയശ്രീലാളിതരായെത്തിയ രാജനും സഹവിദ്യാര്‍ത്ഥികളും ഹോസ്റ്റലിലേക്കേ് മടങ്ങിയത് പ്രൊഫ. ഗഫാറിന്റെ താമസ സ്ഥലത്തുകൂടെയായിരുന്നു. തന്നോട് സ്‌നേഹത്തോടെ കൈവീശി ഇരുട്ടിലേക്ക് മറഞ്ഞുപോയ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയെക്കുറിച്ച് ഏറെ വൈകാരികമായാണ് ഗഫാര്‍ ആത്മകഥയില്‍ വിവരിക്കുന്നത്.
‘അരനൂറ്റാണ്ട് പിന്നിടുമ്പോഴും സംഭവങ്ങള്‍ ഇന്നലെ എന്ന പോലെ ഓര്‍മ്മയുണ്ട്. അറിയുന്ന സത്യങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ അത് രാജനോടും ഈച്ചര വാര്യരോടും ചെയ്യുന്ന അനീതിയായി മാറുമെന്ന തോന്നലിലാണ് ‘ഞാന്‍ സാക്ഷി’ എന്ന ആത്മകഥ രചിച്ചത്. ഒരു കാസര്‍കോടന്‍ ഗ്രാമത്തില്‍ നിന്ന് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഒരാളുടെ ധീരതയുടെയും ജീവിതാനുഭവങ്ങളുടെ ബലത്തിലുള്ള അതിജീവനത്തിന്റെയും ആവിഷ്‌കാരം കൂടിയാണ് ‘ഞാന്‍ സാക്ഷി’ എന്ന ആത്മകഥ.
Comments are closed.