DCBOOKS
Malayalam News Literature Website

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കഥകള്‍’ ഒന്‍പതാം പതിപ്പില്‍

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. ആധുനികതാപാരമ്പര്യത്തിന്റെ ഉടലും ഉയിരുമാണ് അദ്ദേഹത്തിന്റെ കഥകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം, മരണം, ഭാഷ, ശരീരം, വ്യവസ്ഥാപിതമായ ആഖ്യാന രീതി ഇവയെല്ലാത്തിനേയും അതിജീവിക്കാനാണ് അദ്ദേഹം കഥകളിലൂടെ ശ്രമിക്കുന്നത്.

പ്രമേയം കൊണ്ടും ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍ സമാഹരിച്ച് കഥകള്‍: സന്തോഷ് ഏച്ചിക്കാനം എന്നപേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വംശാവലി, മഞ്ഞുമനുഷ്യന്‍, കാലാള്‍, ഉഭയജീവിതം, കൊമാല, ചരമക്കോളം, ഇരയുടെ മണം, പന്തിഭോജനം തുടങ്ങി നാല്പത്തിനാല് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കഥകളിലെല്ലാം അതിജീവനത്തിന്റെ ഇരട്ടമുഖമാണ് കാണാന്‍ കഴിയുന്നത്. കൊമാല, ഉഭയ ജീവിതം, എന്നീകഥകളില്‍ ജീവിതത്തിലെയും ഭാഷയിലേയും ആഖ്യാനത്തിലെയും സ്വാതന്ത്ര്യങ്ങള്‍ തേടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 2012-ല്‍ പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിന്റെ ഒന്‍പതാം പതിപ്പ് വിപണിയിലെത്തിയിട്ടുണ്ട്.

കഥകള്‍: സന്തോഷ് ഏച്ചിക്കാനം എന്ന സമാഹാരത്തിലെ ഒരോ ചെറുകഥയും വ്യത്യസ്ത പ്രമേയങ്ങളിലൂടെ സമൂഹത്തിന്റെ പലമുഖങ്ങള്‍ കാട്ടിത്തരുന്നവയാണ്. സമീപ ഭൂതകാലവും വര്‍ത്തമാനകാലവും കേരളീയജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളിലേക്കും ദുരന്തങ്ങളിലേക്കും തുറന്നുപിടിച്ച കണ്ണാടിയാണ് കൊമാല എന്ന കഥ. ഇവിടെയും അതിജീവനത്തിന്റെ തുടിപ്പുകള്‍ തെളിഞ്ഞുനില്‍ക്കുന്നു. വായ്പ മുടങ്ങി വീടും വസ്തുവകകളും ജപ്തിഭീഷണി നേരിടേണ്ടിവരുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് വീടിനുമുമ്പില്‍ ബോര്‍ഡെഴുതിവെച്ച കുണ്ടൂര്‍ വിശ്വനെ ചുറ്റിപ്പറ്റിയാണ് കൊമാല വികസിക്കുന്നത്. എന്നാല്‍ കിണറില്‍ അകപ്പെട്ടു പോയ തവളകളുടെയും നീര്‍ക്കോലിയുടേയും കഥപറയുകയാണ് ഉഭയജീവിതം. നമ്മള്‍ കേട്ടു പരിചയിച്ച ചക്ഷുശ്രവണ ഗളസ്ഥമായ ദര്‍ദുരത്തിന്റെ കഥയല്ല ഇവിടെ പറയുന്നത്. മറിച്ച് അതിന് വിപരീതമായി ഇരയായ തവള തന്റെ അതിജീവനത്തിനായി പ്രാണവേദനയോടെ തന്റെ വേട്ടക്കാരനായ നീര്‍ക്കോലിയെ വിഴുങ്ങുന്നു. ഇത്തരമൊരു ഇതിവൃത്ത സ്വീകരണത്തിലൂടെ സന്തോഷ് സമീപകാല പാരമ്പര്യത്തെ ലംഘിക്കുകയാണ് ചെയ്യുന്നത്. വാര്‍ത്താശരീരം എന്ന കഥയാകാട്ടെ പീഡിതമായ മനുഷ്യശരീരത്തെക്കുറിച്ചുള്ള രൂപകമായി മാറുന്നു. മാധ്യമ വിനോദസംസ്‌കാരത്തിന്റെ ഇരയായിത്തീരുന്നവരുടെ അവസ്ഥകളെ പച്ചയായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ കഥയില്‍.

ഇങ്ങനെ ഇതിലെ ഓരോ കഥയും ഹൃദയസ്പര്‍ശിയായിട്ടാണ് സന്തോഷ് അവതരിപ്പിച്ചിരിക്കുന്നുത്. വംശാവലി എന്ന കഥയില്‍ തുടങ്ങി മൂന്നാമത്തെ കൈ എന്ന അവസാന കഥയിലെത്തുമ്പോഴേക്കും നമ്മള്‍ പല വികാരങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഒറ്റയിരിപ്പിന് ആവേശത്തോടെ വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന കഥകളാണ് എല്ലാം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ഭൂതകാലവുമായി സംയോജിപ്പിച്ച് തന്മയത്വം ഒട്ടും ചോരാതെ സൂക്ഷ്മതയോടെയാണ് ഓരോ കഥയുടേയും ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments are closed.