‘9mm ബെരേറ്റ’; ഫാസിസത്തിനെതിരായ ഒരു രാഷ്ട്രീയപ്രവർത്തനം!
വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ എന്ന നോവലിനെക്കുറിച്ച് വി കെ ജോബിഷ് പങ്കുവെച്ച കുറിപ്പ്
കഴിഞ്ഞദിവസം അപ്രതീക്ഷിതമായ ഒരനുഭവമുണ്ടായി. എടച്ചേരിയിൽ കുട്ടികൾക്കുള്ള ഒരു മാധ്യമ ശില്പശാല നടക്കുകയായിരുന്നു. അത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത് ഡോ.ശശികുമാർ പുറമേരിയായിരുന്നു. അദ്ദേഹം കുട്ടികളോട് ഒരു നോവലിനെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ആരംഭിച്ചത്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച വിനോദ് കൃഷ്ണയുടെ 9mm ബെരേറ്റ. ഗാന്ധിയെ കൊന്ന തോക്കിന്റെ പേരാണ് അതെന്നറിഞ്ഞപ്പോൾ കുട്ടികൾ കൗതുകത്തോടെ ആ സംഭാഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു. അപ്പോൾ അപ്രതീക്ഷിതമായി ഞാനൊന്നു ഞെട്ടി. കാരണം വേദിയിലിരിക്കുന്ന എന്റെ മടിയിലുള്ള ഫയലിൽ ആ നോവലും ജോസി ജോസഫിന്റെ എ ഫീസ്റ്റ് ഓഫ് വർച്ചറുമുണ്ടായിരുന്നു. ഇത് രണ്ടും എന്റെ കയ്യിൽ അദ്ദേഹം കണ്ടിരുന്നില്ല. ക്ലാസിൽ കുട്ടികൾക്ക് ചില കാര്യങ്ങൾ പരിചയപ്പെടുത്താൻവേണ്ടി ഞാനെടുത്തതായിരുന്നു ആ രണ്ട് പുസ്തകവും. പിന്നീട് ക്ലാസ് തുടങ്ങിയപ്പോൾ ആ നോവൽ ഫയലിൽ നിന്നെടുത്ത് ഞാൻ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ഇതാണ് ഉദ്ഘാടകൻ പറഞ്ഞ നോവൽ 9mm ബെരേറ്റ. . ഒപ്പം നോവലിനെക്കുറിച്ച് രണ്ടുമൂന്നു വാക്യങ്ങൾ പറഞ്ഞ് ഞാനത് ഫയലിൽത്തന്നെ തിരിച്ചുവെച്ചു. ഉച്ചയ്ക്കു ശേഷം പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ ബാലകൃഷ്ണൻ സാറായിരുന്നു ക്ലാസ്സെടുക്കാൻ വന്നത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെയും വിഎസ് അച്യുതാനന്ദന്റെയും പ്രസ് സെക്രട്ടറി. രണ്ടുമാസം മുമ്പ് മാതൃഭൂമിയിൽ നിന്ന് വിരമിച്ച അദ്ദേഹം കണ്ണൂരിൽ നിന്ന് വന്നതായിരുന്നു. ഞാൻ ആദ്യമായിട്ടാണ് അദ്ദേഹത്തെ കാണുന്നതും സംസാരിക്കുന്നതും. സംഭാഷണം തുടങ്ങി രണ്ടുമൂന്നു മിനുറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം കഴിഞ്ഞദിവസം വായിച്ചുതീർത്ത ഒരു നോവലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങി. രാവിലെ ഏഴു മണിക്ക് തുടങ്ങിയ വായന ആദ്യ ഇരുനൂറ്റിനാൽപ്പത് പേജ് പിന്നിട്ടതിനു ശേഷമാണത്രെ നോവൽ താഴെ വെച്ചത്. ബാക്കി വായന തൊട്ടടുത്ത ദിവസം.
അതെ; വീണ്ടും അതുതന്നെ. 9mm ബെരേറ്റ.!
എനിക്ക് അത്ഭുതം തോന്നി. കാരണം ഒരു ദിവസം അപരിചിതരായ മൂന്നുപേർ ഒരേ സ്ഥലത്ത് വെച്ച് ഒരു നോവലിനെക്കുറിച്ച് പറയാൻ എന്തായിരിക്കും കാരണം.?
ഞാൻ ആ കൗതുകം അദ്ദേഹത്തോട് പങ്കുവെച്ചു. രാഷ്ട്രീയം. അല്ലാതെന്ത്. അപ്പോൾ അദ്ദേഹം പറഞ്ഞു. ഫാസിസത്തിനെതിരായി ഉപയോഗിക്കാവുന്ന രണ്ട് പ്രധാനപ്പെട്ട എഴുത്തുകൾ ഇന്ന് മലയാളത്തിലുണ്ട്. ഒന്ന് കവി പി എൻ ഗോപീകൃഷ്ണന്റെ പ്രഭാഷണവും എഴുത്തും. രണ്ട് വിനോദ് കൃഷ്ണയുടെ9mm ബെരേറ്റ. എന്ന നോവൽ. ഇത് രണ്ടും രാഷ്ട്രീയ ജാഗ്രതയുള്ള എല്ലാവരുടെയും വായനയിലുണ്ടാവണം. മാത്രമല്ല ഈ നോവൽ ആദ്യം വരേണ്ടിയിരുന്നത് ഇംഗ്ലീഷിലായിരുന്നു എന്നദ്ദേഹം പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ ഈ നോവലിന്റെ ഗതി മറ്റൊന്നായേനെ. ഒരു പക്ഷെ ഭാവിയിൽ ഇംഗ്ലീഷിൽ വരുമായിരിക്കും. ഇതൊരു പാൻ ഇന്ത്യൻ നോവലാണ്. പിന്നീടദ്ദേഹം നോവലിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തെക്കുറിച്ചും ഏറെനേരം സംസാരിച്ചു. കേൾക്കാൻ ഞാനൊരാൾ മാത്രമായതിനാൽ അദ്ദേഹത്തോട് ഞാൻ പറഞ്ഞു ‘ ഈ നോവലിനെക്കുറിച്ച് സാർ എവിടെയെങ്കിലും എഴുതൂ. കുറച്ചുകൂടി ആളുകൾ 9mm ബെരേറ്റ വായിക്കാൻ അത് കാരണമാകും.’ തിരക്കാണ് നോക്കാം എന്നദ്ദേഹം മറുപടിയിട്ടു. തിരക്കായതിനാൽ ഞാനത് പ്രതീക്ഷിച്ചില്ല. പക്ഷേ ഇപ്പോൾ ആ എഴുത്തുണ്ടായിരിക്കുന്നു. കഴിഞ്ഞദിവസം മലബാർ ജേർണലിൽ അത് പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നു. ആ സന്തോഷത്തിലാണ് ഈ കുറിപ്പ്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാളത്തിലുണ്ടായ മികച്ച രാഷ്ട്രീയ നോവൽ എന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ 9mm ബെരേറ്റ. വായിച്ച ഉടനെതന്നെ എഫ്ബിയിൽ എഴുതിക്കണ്ടിരുന്നു. നിരൂപകനായ ഡോ.ഷാജി ജേക്കബ് ആനന്ദിന്റെ ആൾക്കൂട്ടത്തോടും മറ്റും ചേർത്തുവച്ച് ഈ നോവലിനെക്കുറിച്ച് ഒരു ദീർഘ പഠനം എഴുതിയതും വായിച്ചിരുന്നു. ആ ലേഖനത്തിൽ നിന്ന് ഒരു ഭാഗം ഇവിടെ കുറിക്കുന്നു.
“സമീപകാലത്ത് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിൽ ഒന്നായി 9mm ബെരേറ്റ മാറുന്നത് മുഖ്യമായും രണ്ടു കാരണങ്ങൾ കൊണ്ടാണ്. ചരിത്രബോധത്തിന്റെ ലാവണ്യരാഷ്ട്രീയത്തിലും രാഷ്ട്രീയബോധത്തിന്റെ ചരിത്രസൂക്ഷ്മതയിലും ബെരേറ്റ പ്രകടിപ്പിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഒന്നാമത്തേത്. രൂപനിഷ്ഠവും ഭാവബദ്ധവുമായ ആഖ്യാന പദ്ധതിയിൽ നോവൽ കൈവരിക്കുന്ന അസാധാരണമായ കലാത്മകതയാണ് രണ്ടാമത്തെത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിധ്വംസകമായ പ്രത്യയശാസ്ത്രവിതാനങ്ങളെ മുക്കാൽ നൂറ്റാണ്ടിൻറെ കാലഭൂമികയിലേക്ക് വിവർത്തനം ചെയ്യുന്നതിലും അനന്തവൈവിധ്യമാർന്ന മനുഷ്യപ്രകൃതത്തിന്റെയും ദമിതകാമനകളുടെയും ഭാവലോകങ്ങളെ ദൃശ്യബിംബങ്ങളുടെയും സിനിമാറ്റിക് സീക്വൻസുകളുടെയും അനുപമമായ സൗന്ദര്യപദ്ധതിയിലേക്ക് പരാവർത്തനം ചെയ്യുന്നതിലും നോവൽ കൈവരിക്കുന്ന വിജയമാണിത്.”
അഞ്ഞൂറോളം പേജുകളിലെഴുതപ്പെട്ട ഈ നോവൽ പുറത്തുവന്നിട്ട് നാലുമാസമായി. ഡി സി ബുക്സാണ് പ്രസാധകർ. ഇപ്പോൾ മൂന്നു പതിപ്പുകളായി. അത് സന്തോഷമുള്ള കാര്യമാണ്. കാരണം ഈ നോവലിന്റെ വായന ഫാസിസത്തിനെതിരായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെയും പാർശ്വവൽക്കരിക്കപ്പെടുന്ന ജീവിതങ്ങളെയും അവരാഗ്രഹിക്കുന്ന മതേതരരാഷ്ട്രത്തെയും മൗലികമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ഏറ്റവും ശക്തമായ ഈ രാഷ്ട്രീയ നോവൽ നിങ്ങളുടെ വായനയിലുമുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
Comments are closed.