ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള ഏറ്റവും വലിയ പ്രതീകമായി 9 mm ബെരേറ്റ മാറണം: വിനോദ് കൃഷ്ണ
‘9 mm ബെരേറ്റ’ എന്ന പുസ്തകത്തിന് വിനോദ് കൃഷ്ണ എഴുതിയ ആമുഖത്തിൽ നിന്നും
എന്തിനെഴുതുന്നു എന്ന ചോദ്യം എന്തിനു ജീവിക്കുന്നു എന്ന ചോദ്യം പോലെ നിരര്‍ത്ഥകമാണ്. എന്നെ സംബന്ധിച്ചിടത്തോളം എഴുതുക എന്നുള്ളത് ജീവിതത്തിന്റെ ഉത്തരമാണ്. ഈ നോവല്‍ എഴുതുമ്പോള്‍ ഞാന്‍ ഉന്മാദിയായിരുന്നു. ഉന്മാദികള്‍ ഭയരഹിതരാണ്. ഭയമില്ലാതെ എഴുതുക എന്നതിനര്‍ത്ഥം സത്യസന്ധമായി എഴുതുകയെന്നാണല്ലോ. ഈ നോവലിലെ കഥാപാത്രങ്ങളുടെ മനസ്സിലൂടെ ഞാന്‍ സഞ്ചരിക്കുകയല്ല ചെയ്തത്. അവരെ ഞാനെന്റെ ഹൃദയത്തിലൂടെ കടത്തിവിടുകയാണുണ്ടായത്. അങ്ങനെ സംഭവിക്കുമ്പോള്‍
ഫിക്ഷന്‍ കഥാപാത്രങ്ങളുടെ ബയോപിക് ആയിത്തീരുന്നു. എഴുത്തുകാരന്റെയും ബയോപിക് ആയിത്തീരുന്നു.
ഈ നോവലില്‍ ഞാന്‍ സഞ്ചരിച്ച ലോകമുണ്ട്. കണ്ടുമുട്ടിയ മനുഷ്യരുണ്ട്. കഥാപാത്രങ്ങള്‍ സഞ്ചരിച്ച ലോകമുണ്ട്, അവര്‍ കണ്ടുമുട്ടിയ മനുഷ്യരുമുണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള അനുഭവലോകമാണ് ‘9 mm ബെരേറ്റ’യുടെ ഭൂമിക.
ഇതെഴുതുമ്പോള്‍ പുതിയ ഭാവനാലോകവും പുതിയ യാഥാര്‍ഥ്യത്തിന്റെ ലോകവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷമാണ് സത്യത്തില്‍ നോവലിന്റെ ഭാഷ സൃഷ്ടിച്ചത്.
നാം ജീവിക്കുന്ന കാലത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് നല്ല വര്‍ക്ക് ഓഫ് ആര്‍ട്ട് ഉണ്ടാവുന്നത് എന്നാണെന്റെ വിശ്വാസം. പോയട്രി ഇന്‍സ്റ്റലേഷന്‍ ചെയ്യാന്‍ ഇടയായതും അതുകൊണ്ടാണ്. ജീവിക്കുന്ന സംഘര്‍ഷഭരിതമായ ചുറ്റുപാടുകള്‍ നമ്മളെ കൂടുതല്‍ മൗലികമാക്കും. ഞാന്‍ ജീവിക്കുന്ന കാലത്തിന്റെ മരണസര്‍ട്ടിഫിക്കറ്റാണ് എന്റെ കഥകള്‍. എനിക്ക് സംസാരിക്കാന്‍ പാര്‍ലമെന്റോ തെരുവോ മൈക്കോ ഇല്ല. കഥകളേ ഉള്ളൂ. അതുകൊണ്ടാണ് ഈ നോവല്‍ എഴുതാന്‍ തീരുമാനിച്ചത്.
ചരിത്രത്തിലെ നുണകളെ എഴുത്തുകാര്‍ക്കല്ലാതെ വേറെ ആര്‍ക്കാണ് പെട്ടെന്ന് തിരിച്ചറിയാനാവുക. ചരിത്രത്തിന്റെ അപനിര്‍മ്മിതിക്കെതിരേ സംസാരിക്കാന്‍ എഴുത്തുകാര്‍ ആഗ്രഹിക്കുന്നു. പ്രതിലോമകരവും മനുഷ്യവിരുദ്ധവുമായ ചുറ്റുപാടുകള്‍ക്കെതിരേ നിലപാടെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള കലാപപ്രചോദിതമായ ആഗ്രഹമാണ് ഈ നോവല്‍.
ആറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നോവല്‍ എഴുതിത്തുടങ്ങിയത്. 2015-ല്‍ പോയട്രി ഇന്‍സ്റ്റലേഷന്‍ ചെയ്തപ്പോഴാണ് പൊളിറ്റിക്കല്‍ ആര്‍ട്ട് ജനങ്ങള്‍ സ്വീകരിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായത്. അത് ഈ നോവലിന്റെ രചനയ്ക്ക് ആക്കം കൂട്ടി. ചീഞ്ഞതക്കാളി ചീഞ്ഞ തക്കാളിയാണെന്നു പറയാനുള്ള ധൈര്യം ഈ കാലയളവ് എനിക്ക് തന്നു. എഴുതിത്തുടങ്ങിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു. ചരിത്രരേഖകള്‍ തേടിയും സത്യം തേടിയും കുറേ അലഞ്ഞു. ഗാന്ധി ജീവിച്ചു മരിച്ച ചില പ്രധാന ഇടങ്ങളില്‍ സഞ്ചരിച്ചു. എഴുത്തുവഴിയില്‍ പിന്നെ പലരും വന്നു. പ്രിയ സുഹൃത്ത് ജയാ മേനോന്‍ ആണ് ഉടനീളം കൂടെ നിന്നത്. അവര്‍ കുറേ അപൂര്‍വ പുസ്തകങ്ങളും രേഖകളും സംഘടിപ്പിച്ചു തന്നു. എഴുതിത്തുടങ്ങി ഒന്നര വര്‍ഷത്തിനുശേഷമാണ് ഞാന്‍ ഗാന്ധിനാഷണല്‍ മ്യൂസിയവും രാജ്ഘട്ടും സന്ദര്‍ശിച്ചത്. 2017 മാര്‍ച്ച് 24ന് ഡല്‍ഹിയിലുള്ള ഗാന്ധിമ്യൂസിയം കാണാന്‍ പോയി. അവിടത്തെ ലൈബ്രറിയും രക്തസാക്ഷി ഗാലറിയും ഏഴായിരത്തോളം വരുന്ന ഫോട്ടോഗ്രാഫുകളും എന്നെ മാറ്റിമറിച്ചു.
ഗാന്ധിഘാതകര്‍ ഗ്വാളിയോറില്‍നിന്ന് സംഘടിപ്പിച്ച 9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലായിരുന്നു. 1997 വരെ തോക്ക്, മ്യൂസിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്തു സംഭവിച്ചു? 1997-ല്‍ 9 mm ബെരേറ്റ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗ്യാലറിയില്‍നിന്ന് എടുത്തുമാറ്റിയിരുന്നു. അസ്വസ്ഥപ്പെടുത്തുന്ന അറിവായിരുന്നു ഇത്.
‘ഏകദേശം 20 കൊല്ലം മുന്‍പുവരെ തോക്ക് പൊതുജനത്തിനു കാണാന്‍ കഴിയുന്ന വിധം ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തോക്ക് എടുത്തു മാറ്റിയ വര്‍ഷമോ ദിവസമോ എനിക്കറിയില്ല. ബോര്‍ഡിന്റെ തീരുമാനമായിരുന്നു. തോക്ക് കാണുമ്പോള്‍ ആള്‍ക്കാരുടെ മനസ്സില്‍ നെഗറ്റീവ് ഫീലിങ് ഉണ്ടാകും. അത്
ഒഴിവാക്കാനാകാം അങ്ങനെ ഒരു തീരുമാനംഉണ്ടായത്. അല്ലാതെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതുകൊണ്ടല്ല തോക്ക് പ്രദര്‍ശനത്തിന് വെക്കാതിരിക്കുന്നത്.’ അവിടം സന്ദര്‍ശിച്ച സമയത്തെ മ്യൂസിയം ക്യുറേറ്റര്‍ ആയ ‘അന്‍സാര്‍ അലി’ പറഞ്ഞതോര്‍ക്കുന്നു.
1997 വരെ 9 mm ബെരേറ്റ കാണുമ്പോള്‍ ജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് അന്‍സാര്‍ അലിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. അതിനു ശേഷം തോക്കു കാണുമ്പോള്‍ ആര്‍ക്കാണ് പ്രശ്‌നം?
ഈ ചിന്ത എഴുത്തിലുടനീളം അലട്ടിയിരുന്നു.
9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ നാഷണല്‍ ഗാന്ധി മ്യൂസിയത്തില്‍ 24 വര്‍ഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം പ്രദര്‍ശിപ്പിക്കണം. ഇത് കാലത്തിന്റെ ആവശ്യമാണ്. ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള ഏറ്റവും വലിയ പ്രതീകമായി 9 mm ബെരേറ്റ മാറണം. ഈ തോക്ക് വെറുമൊരു തൊണ്ടി മുതലല്ല. 9 mm ബെരേറ്റ ദേശീയസ്വത്തായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ തോക്ക് കൈ കാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യന്‍ യുവത്വം അറിയണം. അതിനാല്‍ ഇരുമ്പുലോക്കറില്‍നിന്ന് 9 mm ബെരേറ്റയ്ക്ക് മോചനം ആവശ്യമാണ്. ഗാന്ധി നാഷണല്‍ മ്യൂസിയത്തില്‍നിന്നും പുറത്തുവന്നപ്പോള്‍ എന്റെ മനസ്സില്‍ ഇതായിരുന്നു ചിന്ത. അതോടെ രാജ്യത്തിന്റെ ആത്മാവാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന തോന്നല്‍
ശക്തമായി. എഴുത്തിനു വേഗത കൂടി. സാമ്രാജ്യത്വത്തെ അഹിംസകൊണ്ട് നേരിടാമെങ്കില്‍ ഫാസിസത്തെയും അഹിംസകൊണ്ട് നേരിടാനാവുമെന്നു രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയില്‍ നില്‍ക്കുമ്പോള്‍ മനസ്സ് പറഞ്ഞു. എഴുത്തില്‍ ബ്ലോക്ക് വന്നപ്പോഴൊക്കെ ജയ, പുതിയ വിവരങ്ങള്‍ നല്‍കിയ ആര്‍ക്കൈവ്‌സ് രേഖകള്‍/1948-ലെ പത്രങ്ങള്‍ ഒക്കെ അയച്ചു തന്നു പ്രചോദിപ്പിച്ചു. പിന്നെ മറക്കാന്‍ കഴിയാത്ത ഒരാള്‍ വൈക്കം മുരളി സാറാണ്.
നിത്യവും ജോലിസ്ഥലത്തെത്തി നോവലെഴുത്ത് എന്തായി എന്നദ്ദേഹം തിരക്കി. എന്റെ ദിശാവ്യതിയാനങ്ങളെ തടഞ്ഞ്, ചെയ്യുന്നത് ഗൗരവമായ പ്രവൃത്തിയാണെന്നു കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തി. എഴുത്തിന്റെ ചെടിപ്പു
പിടികൂടുമ്പോഴൊക്കെ പുതിയ പുസ്തകങ്ങള്‍ തന്നു പ്രലോഭിപ്പിച്ചു. ഈ നോവലിന്റെപിറകില്‍ കൂടെനടന്നവരുടെകൂടി അനുഭവങ്ങള്‍ ഉണ്ട്. ഇടയ്ക്ക് ‘ഈലം’ എന്ന സിനിമ ചെയ്തപ്പോള്‍ എഴുത്തു പാടേ നിന്നു.
നോവല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഒരു ഘട്ടത്തില്‍ പേടിക്കുകപോലും ചെയ്തു. നിലച്ചുപോയ എഴുത്തു തുടരാനും ഇടയാക്കിയത് ‘ഈലം’ ആണ്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.