DCBOOKS
Malayalam News Literature Website

‘9 mm ബെരേറ്റ’ ; മലയാള സാഹിത്യത്തിലെ ധീരമായ ഒരു ചുവടുവെപ്പ്

വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ എന്ന നോവലിന് എൻ.ഇ. സുധീർ എഴുതിയ വായനാനുഭവം

“സഹോദരാ. ബാപ്പുജി ഇപ്പോൾതന്നെ വൈകി. വഴി മുടക്കാതെ മാറി… ” മനുവിന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഗോഡ്സെ മനുവിനെ തട്ടിമാറ്റി. മനു നിലത്ത് വീണു. ജപമാലയും തുപ്പൽപാത്രവും നോട്ട് ബുക്കും തെറിച്ചു പോയി.

ഞൊടിയിടയിൽ ഗോഡ്സെ കീശയിൽ നിന്ന് 9 mm ബെരേറ്റ പുറത്തെടുത്തു. ഗാന്ധിക്ക് നേരെ ചൂണ്ടി. വെളിച്ചം കെട്ടു. ദൃക്സാക്ഷികളുടെ കണ്ണിൽ ഇരുട്ടു കയറി.

ഒന്നിന് പിറകെ ഒന്നായി മൂന്ന് വെടി പൊട്ടി…

ആദ്യ തിര അടിവയർ തുളച്ചു പുറത്തു കടന്നു. രണ്ടാമത്തേത് വയറിന്റെ മധ്യഭാഗത്ത്. ഉണ്ട വസ്ത്രത്തിന്റെ ചുളുവിൽ പറ്റിക്കിടന്നു. മൂന്നാമത്തെ ഉണ്ട നെഞ്ചിന്റെ ഇടതുഭാഗത്തു തുളച്ചു കയറി. ഗാന്ധി നിലംപൊത്തി വീണു. അദ്ദേഹത്തിന്റെ കണ്ണടയും ചെരുപ്പും തെറിച്ചു പോയി. മനുവിന്റെയും ആഭയുടെയും മടിയിൽ അദ്ദേഹം ചോര വാർന്ന് കിടന്നു. എങ്ങും ഏങ്ങലടികൾ ഉയർന്നു. തോക്കിൻ കുഴലിൽ നിന്നു പുക പരന്നപ്പോൾ കൂടി നിന്നവരുടെ കണ്ണിൽ ഇരുട്ടു കയറി. ”

ഞാൻ വിനോദ് കൃഷ്ണ രചിച്ച ‘9 mm ബെരേറ്റ’ എന്ന നോവൽ വായിക്കുകയായിരുന്നു.
Textമലയാളസാഹിത്യം നാളിതുവരെ അറിഞ്ഞിട്ടില്ലാത്ത വെറുപ്പിന്റെ രാഷ്ട്രീയം അവതരിപ്പിക്കുന്ന ഒരസാധാരണ നോവലാണ് 9 mm ബെരേറ്റ. വർത്തമാനകാല ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വൻവിപത്തിനെ സർഗാത്മകമായി അടയാളപ്പെടുത്തുവാനാണ് വിനോദ് കൃഷ്ണ ഈ കൃതിയിലൂടെ ശ്രമിച്ചിരിക്കുന്നത്. അതിലദ്ദേഹം വിജയിച്ചിരിക്കുന്നു. ഇതിൽ ഗാന്ധി വധമുണ്ട്. ഗോഡ്സെയും കൂട്ടരും ഗാന്ധിയിലേക്കെത്തിയ വഴികളിലൂടെയെല്ലാം നോവലിസ്റ്റിന്റെ ഭാവന സഞ്ചരിക്കുന്നുണ്ട്.

സമാന്തരമായി വർത്തമാനകാല ഇന്ത്യയിലൂടെയും. 9 mm ബെരേറ്റ ഉപയോഗിച്ചാണ് ഗോഡ്സെ ഗാന്ധിയെ കൊന്നത്. ആ തോക്കിന് ചരിത്രത്തിലെന്ന പോലെ ഈ നോവലിലും വലിയൊരിടമുണ്ട്.

നോവലിലൊരിടത്ത് വിഷ്ണു കാർക്കറെ ഈ തോക്കിനു എന്ത് വില കൊടുത്തു എന്ന് ചോദിക്കുന്നുണ്ട്. അതിന് നാരായൺ ആപ്തെ പറഞ്ഞ മറുപടി – ‘ഗാന്ധിയുടെ ജീവന്റെ വില ‘ – എന്നായിരുന്നു. അതെത്ര ശരിയായ മറുപടിയായിരുന്നു. നിർഭാഗ്യവശാൽ ഇന്ത്യ ഗാന്ധി വധത്തെ രാഷ്ട്രീയമായി നേരിട്ടില്ല. വെറുപ്പിന്റെ രാഷ്ട്രീയം വർഷങ്ങൾക്കിപ്പുറം വീണ്ടും തലപൊക്കിയിരിക്കുന്നു. ആ തോക്കിന് ഇന്നും അവകാശികളുണ്ട്. അവരത് ഉപയോഗിച്ചു തുടങ്ങി. 9 mm ബെരേറ്റയുടെ രണ്ടാം ജീവിതവും നോവലിന്റെ പ്രമേയമാവുന്നു. വിനോദ് കൃഷ്ണ അതിവിദഗ്ദമായി രണ്ടു കാലത്തിന്റെ കഥകൾ നോവലിൽ ചേർത്തു വെച്ചിരിക്കുന്നു. ശിവറാം ഗോധ്ര എന്ന കഥാപാത്രം അതേ തോക്കുപയോഗിച്ച് രാജ്യദ്രോഹിയെന്ന് ആരോപിച്ച് ആബിയയെ കൊല്ലുന്നു. അവിടെ നോവലിസ്റ്റ് ഇങ്ങനെ എഴുതിയിരിക്കുന്നു.

“ശിവറാം ഗോധ്ര കാഞ്ചിയിൽ വിരൽ തൊട്ടു. നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിയെ കൊല്ലുന്നതിനു തൊട്ടുമുമ്പ് അനുഭവിച്ച അതേ സംഘർഷം, ആത്മസുഖം, ശിവറാം ഗോധ്രയും അറിഞ്ഞു.

വെടി പൊട്ടി.

‘യാ അള്ളാഹ്.’

രക്തസാക്ഷിത്വം സ്വാതന്ത്ര്യ സമരമാണ്”.

നോവൽ ഇവിടെ അവസാനിക്കുകയാണ്.

ഈ നോവൽ അന്വേഷിക്കുന്നത് ഒരു പ്രത്യേകതരം മാനസികാവസ്ഥയെക്കുറിച്ചാണ്. ഗാന്ധിജിയെ ശത്രുവായി കണ്ട ഒരു മാനസികാവസ്ഥ. ഗാന്ധിജിയെ വധിക്കണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന ഒരു മാനസികാവസ്ഥ. ഇത് ചരിത്രത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ചരിത്രം ആവർത്തിക്കുകയാണ്. ഗോഡ്സെയുടെ മാനസികാവസ്ഥയിലുള്ള മനുഷ്യരെ പുതിയ ഇന്ത്യയും സൃഷ്ടിക്കുന്നു എന്ന ഭീതിതമായ യാഥാർത്ഥ്യത്തിലേക്കാണ് നോവൽ വിരൽ ചൂണ്ടുന്നത്. അതോടൊപ്പം ഗോഡ്സെയെന്ന പ്രതിഭാസത്തെ ആഴത്തിൽ അറിഞ്ഞു കൊണ്ട് അതിന്റെ സമഗ്രതയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ പിറകിലെ അധ്വാനം വിസ്മയിപ്പിക്കുന്നതാണ്.

ഗാന്ധി വധം പ്രമേയമാവുന്ന മറ്റേതെങ്കിലും നോവൽ ഇന്ത്യൻ ഭാഷകളിൽ ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. ഗാന്ധി വധത്തിന്റെ പുറകിലെ വിവരങ്ങൾ വിശദീകരിക്കുന്ന ധാരാളം പഠനങ്ങൾ അടുത്ത കാലത്തായി പുറത്തുവന്നിട്ടുണ്ട്. അവയിലെല്ലാമുള്ള വിവരങ്ങൾ നോവലിന്റെ ആഖ്യാനത്തിനായി വിനോദ് കൃഷ്ണ ഉപയോഗിച്ചിട്ടുണ്ട് എന്നു വേണം കരുതാൻ. നോവലിന്റെ ആന്തരിക ശക്തിയായി ഈ ചരിത്രവസ്തുതകൾ നിറഞ്ഞു നിൽക്കുന്നു. ചരിത്രനിഷേധത്തിന്റെ കാലത്ത് ഇത്തരം സർഗാത്മക ഓർമ്മപ്പെടുത്തലുകൾ വലിയ പ്രയോജനം ചെയ്യും. കാലം ആവശ്യപ്പെടുന്ന ഒരു പ്രതിപാദന രീതിയും ഭാഷയും ഈ നോവലിൽ എഴുത്തുകാരൻ ഉപയോഗിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ ധീരമായ ഒരു ചുവടുവെപ്പാണ് വിനോദ് കൃഷ്ണയുടെ ഈ പുതിയ രാഷ്ട്രീയ നോവൽ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കടപ്പാട്- മാഴിയാഴം / എഴുത്ത് മാസിക /ഏപ്രിൽ /

Comments are closed.