വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ ഏറ്റവും മികച്ച രാഷ്ട്രീയ നോവല്‍
വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ എന്ന നോവലിന് പി ജിംഷാർ എഴുതിയ വായനാനുഭവം
ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍, ഗാന്ധിഘാതകരുടെ ജീവിതത്തെ പ്രശ്നവല്‍ക്കരിക്കുന്ന നോവലാണ് വിനോദ് കൃഷ്ണയുടെ ‘9mm ബരേറ്റ’. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ കാഴ്ചക്കാരായി പോലും വേലിക്കല്‍ നിന്നിട്ടില്ലാത്ത സംഘപരിവാര്‍ രാഷ്ട്രീയം പേറുന്ന മനുഷ്യര്‍ രാജ്യത്തിന്റെ ഭരണം കയ്യാളിയതിന് പിറകിലെ ദീര്‍ഘമായ രാഷ്ട്രീയ പദ്ധതികളെ ആഴത്തില്‍ വിമര്‍ശന വിധേയമാക്കുന്ന കൃതിയാണ് 9mm ബരേറ്റ. ബല്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത് ഉറ്റവരെ കൊന്നുകളഞ്ഞ ക്രിമിനലുകളുടെ പ്രത്യേയശാസ്ത്രം നാരായണന്‍ ആപ്തെയുടെയും സവര്‍ക്കറിന്റേയും പ്രത്യേയശാസ്ത്രമാണെന്ന് നോവലിസ്റ്റ് വിലയിരുത്തുന്നു.
മുസ്ലിം, കമ്യൂണിസ്റ്റ്, ക്രിസ്ത്യന്‍സ് എന്നീ വിഭാഗങ്ങള്‍ ആഭ്യന്തര ശത്രുക്കളെന്ന് കരുതുന്നവര്‍ ഭരണം പിടിക്കുന്നതും, ഭരണം കയ്യാളിയ ശേഷം ഈ ദേശത്തിന്റെ ചരിത്രം തിരുത്തി എഴുതുന്നതും എപ്രകാരമെന്ന് 9mm ബരേറ്റയിലൂടെ വിനോദ് കൃഷ്ണ സൂക്ഷ്മാവിഷ്ക്കാരം നടത്തുന്നു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാവിന്റെ പ്രാണന്‍ കവര്‍ന്ന നാഥൂറാം ഗോഡ്സേയുടെ ‘9mm ബരേറ്റ’ ചരിത്രത്തിന്റെ മ്യൂസിയത്തില്‍ നിന്നും വര്‍ത്തമാന കാലത്ത് അപ്രത്യക്ഷമായത് എങ്ങനെയാണെന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നു. ഗാന്ധി വധത്തിനും ഗാന്ധിയെ കൊന്ന തോക്കിന്റെ അപ്രത്യക്ഷമാകലിനും ഗാന്ധി ഘാതകര്‍ക്കും അവരുടെ സ്വാതിപ്രാചിയെ പോലുള്ള ആരാധകരും മുസ്ലിം വിരോധത്തിന്റെ പൊതുബോധ നിര്‍മ്മിതി സംരക്ഷണം നല്‍കുന്നുണ്ടെന്ന രൂക്ഷവിമര്‍ശനം വിനോദ് കൃഷ്ണ മുന്നോട്ട് വെക്കുന്നുണ്ട്. സവര്‍ക്കറുടെയും ഗോഡ്സേയുടെയും പിന്‍മുറക്കാരുടെ ഭരണത്തിന് കീഴിലുള്ള നമ്മുടെ നാട്ടില്‍ ഏത് നിമിഷവും മുസ്ലിമായൊരു വ്യക്തിയ്ക്ക് നേരെ ഗാന്ധിയ്ക്ക് നേരെ ചൂണ്ടപ്പെട്ട 9mm ബരേറ്റ ചൂണ്ടപ്പെടുന്നുണ്ട്. ഗാന്ധിയ്ക്ക് നേരെ നീണ്ട നാഥൂറാം ഗോഡ്സേയുടെ തോക്ക് ഇപ്പോള്‍ നമുക്ക് നേരെ ചൂണ്ടപ്പെട്ടിട്ടുണ്ട്. നാഥൂറാമിന്റെ സ്ഥാനം പക്ഷേ ഭരണകൂടം കയ്യാളിയിരിക്കുന്നു.
ഇക്കഴിഞ്ഞ 10 കൊല്ലത്തിനിടയ്ക്ക് ഇറങ്ങിയതില്‍ ഏറ്റവും മികച്ച രാഷ്ട്രീയ നോവല്‍ ആണ് വിനോദ് കൃഷ്ണയുടെ 9mm ബരേറ്റ. ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന കാലത്തെ അതിജീവിക്കുന്ന നോവലാണ് 9mm ബരേറ്റ.
Comments are closed.