DCBOOKS
Malayalam News Literature Website

ഗുരുവായൂർ സത്യാഗ്രഹം നവതിയിലേക്ക്

ശബ്ന ശശിധരൻ

ഐക്യ കേരളം രൂപം കൊണ്ട കേരള പിറവി ദിനത്തിൽ തന്നെയാണ്  എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂരിൽ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയും ആഘോഷിക്കുന്നത്. ഗാന്ധിജിയും രവീന്ദ്രനാഥ് ടാഗോറും ഉൾപ്പെടെയുള്ളവർ ഇടപെട്ട ഗുരുവായൂർ സത്യാഗ്രഹം(1931-’32) കേരള സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ സൃഷ്ടിച്ച ചലനം വളരെ വലുതാണ്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, കിഴക്ക്, തെക്ക് നടകളിലായി 1931 നവംബർ ഒന്നിനു സത്യഗ്രഹം തുടങ്ങി. മൂന്നു പേരെയാണ് ആദ്യഘട്ട സമരത്തിനായി ഗാന്ധിജി നേരിട്ടു ചുമതലപ്പെടുത്തിയത്. ക്ഷേത്ര പ്രവേശന സത്യഗ്രഹ കമ്മിറ്റി ചെയർമാനായ മന്നത്തു പത്മനാഭൻ, കെ.കേളപ്പൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്. അതോടെ ഗുരുവായൂരിന്റെ നാലു വഴികളിലേക്കും ജനം ഒഴുകി. രാഷ്ട്രീയ, സാമൂഹിക വിപ്ലവങ്ങളുടെ ചെറിയ അരുവികളായിരുന്നു ഓരോ ജാഥയും.

‘വൈക്കം സത്യാഗ്രഹം സമസ്തഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യത്തിനായിരുന്നെങ്കിൽ, ഏഴുവർഷത്തിനുശേഷംനടന്ന ഗുരുവായൂർ സത്യാഗ്രഹം ക്ഷേത്രത്തിനുള്ളിൽക്കടന്ന് ആരാധന നടത്താനുള്ള അനുവാദത്തിനുവേണ്ടിയായിരുന്നു’.

ഹിന്ദുക്കൾക്കിടയിൽ നടന്ന വിഭജനം തന്നെയായിരുന്നു സമര മുഖങ്ങളുടെ വാതിൽ തുറക്കാൻ ഇട വന്നത്. കോൺഗ്രസിന്റെ മുംബൈ ദേശീയ സമ്മേളനത്തിൽ കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പൻ ഈ കാര്യം പ്രസംഗിക്കുകയും, അതേ തുടർന്ന് മഹത്മ ഗാന്ധി അദ്ദേഹത്തെ വിളിച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തു. ഇതൊരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു. പിന്നാക്കക്കാർക്കു മുന്നിൽ തുറക്കാതിരുന്ന എത്രയോ ക്ഷേത്ര വാതിലുകളിലാണ് കേളപ്പന്റെ വാക്കുകൾ ചെന്നലച്ചത്. ‘സമരം തുടങ്ങുക’ ഗാന്ധി പറഞ്ഞു.

പിന്നോക്കക്കാർക്കു പ്രവേശനമില്ലാത്ത ഗുരുവായൂർ ക്ഷേത്രനടയിൽനിന്നു കൊളുത്തിയത് പുതിയ ഒരു യുഗത്തിന്റെ തുടക്കാമായിരുന്നു.

താനും ക്ഷേത്രപ്രവേശനത്തിനുവേണ്ടി നിരാഹാരമനുഷ്ഠിക്കുന്നതായി കേളപ്പനും പ്രഖ്യാപിച്ചു. രണ്ടുപേരുടെയും നിരാഹാരം ഒരേ ദിവസമായിരുന്നു. ഗുരുവായൂർ സത്യാഗ്രഹം എത്രയും വേഗം ഒത്തുതീർപ്പാക്കമെന്ന് കോഴിക്കോട് സാമൂതിരി രാജാവിനോട് അഭ്യർഥന നടത്തിക്കൊണ്ട് മഹാകവി രവീന്ദ്രനാഥ് ടാഗോർ അയക്കുകയുമുണ്ടായി.

സമരത്തിനു മുന്നോടിയായി വിപുലമായ ഒരുക്കം നടത്തണമെന്നു കേളപ്പന് അറിയാമായിരുന്നു. എൻഎസ്എസ്, എസ്എൻഡിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നായർ സമുദായ പരിഷ്കരണത്തിന്റെ തലയെടുപ്പായിരുന്ന മന്നത്തു പത്മനാഭൻ അതോടെ ഗുരുവായൂർ സത്യഗ്രഹത്തിന്റെ നേതൃത്വത്തിലെത്തി. എസ്എൻഡിപിയുടെ എല്ലാ ഘടകങ്ങളിലേക്കും സമര സന്ദേശമെത്തി. മന്നവും കേളപ്പനും കേരളത്തിലുടനീളം യാത്ര ചെയ്തു സമുദായ നേതാക്കളും വിപ്ലവകാരികളുമായി കൂടിക്കാഴ്ചകൾ നടത്തി. അതിനുമുൻപൊരിക്കലും ഇത്രയും വിപുലമായൊരു മണ്ണൊരുക്കൽ ഒരു സമരത്തിനു വേണ്ടിയും നടന്നിട്ടില്ല. നാടിനെ ഒരുക്കിയ ശേഷം സമരം തുടങ്ങുകയെന്ന ഗാന്ധിയൻ തന്ത്രംതന്നെയായിരുന്നു അത്. എ.കെ.ഗോപാലനെ സമര വൊളന്റിയർ ക്യാപ്റ്റനായി നിയമിച്ചു. കോൺഗ്രസിന്റെ കുടക്കീഴിലേക്ക് എല്ലാ പരിഷ്കരണ വാദികളും നീങ്ങിനിന്ന ദിവസങ്ങൾ.

1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥാപ്രയാണം ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. നവംബര്‍ 1ന് ക്ഷേത്രത്തിലേക്ക് കയറാന്‍ ശ്രമിച്ച സമര ഭടന്‍മാരെ കാവല്‍ക്കാര്‍ തടഞ്ഞു. ഇതോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി. കെ കേളപ്പനെ കൂടാതെ സുബ്രഹ്മണ്യന്‍ തിരുമുമ്പ്, എകെജി, പി കൃഷ്ണപിള്ള തുടങ്ങിയവര്‍ സമരത്തിന്‍റെ മുന്‍നിരയില്‍ നിന്നു. പലവിധ തടസങ്ങളെയും അതിജീവിച്ചായിരുന്നു സമരം. ജാഥാ ക്യാപ്റ്റനായ എകെജിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച മണി അടിച്ച പി കൃഷ്ണപിള്ളക്കും മര്‍ദ്ദനമേറ്റു. സമരം ശക്തമായപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. .

ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, കിഴക്ക്, തെക്ക് നടകളിലായി 1931 നവംബർ ഒന്നിനു സത്യഗ്രഹം തുടങ്ങി. സത്യാഗ്രഹം നിരാഹാരത്തിന് വഴിമാറിയപ്പോള്‍ ഗാന്ധിജി ഇടപെടലിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

1933 ഡിസംബർ 21നു ദീപാരാധന കഴിഞ്ഞപ്പോൾ ക്ഷേത്രത്തിനകത്തു മണ്ഡപത്തിൽ നിലയ്ക്കാത്ത മണിയടി ഉയർന്നു. സമര വൊളന്റിയറായ പി.കൃഷ്ണപിള്ള അടിച്ച മണിയായിരുന്നു അത്. അതുവരെ മുഴങ്ങാത്ത ഉച്ചത്തിൽ ആ ശബ്ദം നാടിന്റെ നാനാഭാഗത്തുമെത്തി. കൃഷ്ണപിള്ള പിന്നീടു കമ്യൂണിസ്റ്റ് നേതാവായി. ഭക്തരെന്നു സ്വയം പ്രഖ്യാപിച്ചവർ ഡിസംബർ 28ന് എ.കെ.ജിയെ ക്ഷേത്ര നടയിലിട്ടു ക്രൂരമായി മർദിച്ചു. മുള്ളുവേലികൾക്കിടയിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു. ആവോളം ചവിട്ടി. അദ്ദേഹം അബോധാവസ്ഥയിലായി. അതിനിടെ സത്യഗ്രഹപ്പന്തലിനടുത്ത് എന്തോ ചെറിയ സ്ഫോടനമുണ്ടായി. സമരവീര്യത്തിന് എണ്ണ പകരുകയായിരുന്നുവെന്ന് അതു ചെയ്തവർ മനസ്സിലാക്കിയില്ല. എ.കെ.ജി. ആറുമാസത്തെ ജയിൽവാസം കഴിഞ്ഞു ജൂണിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ.

1934ലാണ് ഗാന്ധിജിയുടെ ഗുരുവായൂരിലെ വിഖ്യാതമായ അയിത്തോച്ചാടന പ്രസംഗം.

അതേ തുടർന്ന് ക്ഷേത്രം എല്ലാവർക്കുമായി തുറക്കണോ എന്നു ജനകീയ വോട്ടെടുപ്പു നടത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. ക്ഷേത്രം ഉൾപ്പെട്ട പൊന്നാനി താലൂക്കിൽ ഹിത പരിശോധന നടത്താനായിരുന്നു തീരുമാനം. 8461 വീടുകളിൽപോയി വോട്ടു ചെയ്യിച്ചു. 77% പേർ ക്ഷേത്രം എല്ലാവർക്കുമായി തുറക്കണമെന്നാവശ്യപ്പെട്ടു. ഇതിൽ നല്ലൊരു ശതമാനവും സവർണ വിഭാഗ വോട്ടുകളായിരുന്നു. തുടർന്ന് മദിരാശി സര്‍ക്കാര്‍ ക്ഷേത്രപ്രവേശന ബില്‍ പാസാക്കിയ ശേഷം അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായി.

1947നു ജൂൺ രണ്ടിനു ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി വാതിലുകൾ തുറന്നു. സമരം തുടങ്ങി 16 വർഷം പിന്നിട്ടിരുന്നു. 16 വർഷവും മുടങ്ങാതെ അവിടെ സമരം ചെയ്യുകയല്ല ചെയ്തത്. തങ്ങളുടെ ലക്ഷ്യം പുതിയൊരു ബോധമാക്കി വളർത്തുകയാണ് അവർ ചെയ്തത്.
എല്ലാവർക്കുമായി വാതിൽ തുറന്നതോടെ ശംഖ, ചക്ര, ഗദാ, പത്മവുമായി സർവാഭരണ ഭൂഷിതനായ ഭഗവാനു മുന്നിൽ ഉയർച്ച താഴ്ചകളില്ലാതെ ജനം ഒഴുകിയെത്തി.

ഗുരുവായൂർ സത്യഗ്രഹത്തിന്റെ യഥാർഥ ഊർജ്ജം വൈക്കം സത്യഗ്രഹമായിരുന്നു. തിരുവിതാകൂറിന്റെ ചരിത്രം തിരുത്തിയ ആ സമരം മലബാറിലുണ്ടാക്കിയ ഓളം ചെറുതല്ല.വൈക്കത്തു ശ്രീനാരായണ ഗുരുവിന്റെ നേരിട്ടുള്ള പവിത്ര സാന്നിധ്യമുണ്ടായിരുന്നുവെന്നുമാത്രം. ഗുരുവായൂർ സത്യഗ്രഹം തുടങ്ങുന്നതിനു മുൻപു ഗുരു സമാധിയായിരുന്നു.

ജാതിഭേദമെന്യേ കേരളത്തിലെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രധാന നേട്ടം. ഇതിന്റെകൂടി ഫലമായിരുന്നു 1936 നവംബർ പന്ത്രണ്ടിന് തിരുവിതാംകൂർ മഹാരാജാവ് ശ്രിചിത്തിര തിരുനാളിന്റെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം.

ജാതി രൂഢമായ കേരളത്തിന്റെ സാമൂഹികമണ്ഡലത്തെ പിടിച്ചുകുലുക്കിയ ചരിത്രസംഭവത്തിന് നേതൃത്വം നൽകിയ മുന്നണിപ്പോരാളികളാണ് കെ. കേളപ്പൻ,കേരള ഗാന്ധി എന്നറിയപ്പെടുന്ന
സമരവേദിയിൽ മരണംവരെ നിരാഹാരം പ്രഖ്യാപിച്ചതോടെ സമരോത്സുകതയുടെ പാരമ്യത്തിലെത്തി. പലരും സ്നേഹത്തോടെ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കേളപ്പൻ അവരോട് പറഞ്ഞു: ”അധഃകൃതരോട് നാം ഇതുവരെയും കാണിച്ചുപോന്ന കടുംകൈകൾ ഓർത്താൽ, ഈ അക്രമങ്ങളെ അവസാനിപ്പിക്കാൻ എത്രതന്നെ ജീവൻ ബലികഴിക്കേണ്ടിവന്നാലും അതധികമാവുകയില്ല”. 1932 സെപ്റ്റംബർ 21ന് നിരാഹാരം ആരംഭിച്ചു. അതോടെ ഗുരുവായൂർ ദേശീയശ്രദ്ധയാകർഷിച്ചു.

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം/ തല നരയ്ക്കാത്തതല്ലെൻ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ/ തലകുനിക്കാത്ത ശീലമെൻ യൗവനം’ എന്നെഴുതിയ കവി ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് ആയിരുന്നു ഗുരുവായൂർ സത്യഗ്രത്തിന്റെ മുന്നണി പോരാളികളിൽ മറ്റൊരാൾ.വടക്കേ മലബാറിലെ ഉയർന്ന ജന്മിത്തറവാടായ താഴക്കാട് മനയ്ക്കലെ അംഗമായിരുന്നു തിരുമുമ്പ്. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽശിക്ഷയനുഭവിച്ച് തിരികെയെത്തി അധ്യാപനവുമായി മുന്നോട്ടുപോകുമ്പോഴാണ് തിരുമുമ്പിനെത്തേടി കെ. കേളപ്പന്റെ കത്തുവരുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി കണ്ണൂരുനിന്നും ഗുരുവായൂരേക്ക് ഹരിജൻജാഥ സംഘടിപ്പിക്കണമെന്നായിരുന്നു സന്ദേശം. 1931 ഒക്ടോബർ 21ന് സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള ജാഥ കണ്ണൂരുനിന്ന് പ്രയാണമാരംഭിച്ചു. ഒക്ടോബർ 31ന് ജാഥ ഗുരുവായൂരെത്തി.

ഗുരുവായൂർ സത്യഗ്രഹത്തിന്റ സമര മുഖങ്ങളിൽ നാം ഓർക്കേണ്ട മറ്റൊരു മുഖം.സ്വാതന്ത്ര്യത്തിനും സാമൂഹിക പരിഷ്കരണത്തിനും വേണ്ടി പോരടിച്ച പാവങ്ങളുടെ പടത്തലവൻ. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ എ.കെ.ജി എന്ന എ. കെ. ഗോപാലൻ.പിന്നീട് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുപാകുകയും ഇടതുപക്ഷത്തിന്റെ അനിഷേധ്യനേതാവായി മാറുകയുംചെയ്തു. സമരത്തിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കാൻ പൊതുയോഗത്തിനുശേഷം ഭജനയും നാലു ഗോപുരങ്ങൾ ചുറ്റിയുള്ള ഘോഷയാത്രയും നടത്താമെന്നത് എ.കെ.ജി.യുടെ ആശയമായിരുന്നു. ഒരു ദിവസം ഘോഷയാത്ര പടിഞ്ഞാറെ ഗോപുരത്തിൽ എത്തിയപ്പോൾ ക്ഷേത്രം കാവൽക്കാർ എ.കെ.ജി.യെ വളഞ്ഞിട്ട് ആക്രമിച്ചു.എ.കെ.ജി.യെ മർദിച്ചതിനെത്തുടർന്ന് സമരരംഗം പ്രക്ഷുബ്ധമായെന്നറിഞ്ഞ സാമൂതിരിക്ക് ക്ഷേത്രം അടച്ചിടേണ്ടതായിപ്പോലും വന്നു.

സവർണ്ണ വിഭാഗത്തിൽ നിന്നും വന്ന പ്രാധാനപ്പെട്ട നേതാവായിരുന്നു മന്നത്തുപദ്മനാഭൻ.നായർ സമുദായത്തിന് സ്വയം നവീകരണത്തിലേക്ക് വഴിതെളിച്ച കർമയോഗി.ഗുരുവായൂർ സത്യാഗ്രഹത്തിൽ സമരത്തിന്റെ നടത്തിപ്പുചുമതലയുള്ള പ്രത്യേക സമിതിക്ക് അധ്യക്ഷൻ എന്നതായിരുന്നു മന്നത്തിന്റെ ഉത്തരവാദിത്വം.ക്ഷേത്രപ്രവേശ പ്രചാരണപരിപാടികളിൽ മന്നത്തുപദ്മനാഭൻ വഹിച്ച പങ്ക് വളരെ വലുതാണ്. തിരുവിതാംകൂറിൽ സത്യാഗ്രഹ പ്രചാരണത്തിന്റെ ചുമതല മന്നത്തുപദ്മനാഭനും സി.വി. കുഞ്ഞുരാമനും നേതൃത്വം നൽകിയ കമ്മിറ്റിക്കായിരുന്നു.

ഉശിരുള്ള നായർ മണിയടിക്കട്ടെ, എച്ചിൽപെറുക്കി നായർ അവരുടെ പുറം അടിക്കട്ടെ” ഗുരുവായൂർ സത്യാഗ്രഹചരിത്രത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ അധ്യായത്തിലേതാണ് പി. കൃഷ്ണപിള്ളയുടെ ഈ വാക്കുകൾ.ഡിസംബർ 21ന് അദ്ദേഹം സോപാനത്തിൽക്കയറി മണിയടിച്ച് തൊഴുതു. അതുവരെ ബ്രാഹ്മണർക്കുമാത്രം അനുവദനീയമായ പ്രവൃത്തിയായിരുന്നു അത്. മാടമ്പിമാർ ക്ഷേത്രമുറ്റത്തിട്ട് അദ്ദേഹത്തെ അടിച്ചു. കൃഷ്ണപിള്ള പിന്മാറിയില്ല. അദ്ദേഹം രണ്ടുദിവസം കഴിഞ്ഞ് വീണ്ടും മണിയടിക്കാനെത്തി. ഇത്തവണയും അദ്ദേഹത്തിന് മർദനങ്ങൾ സഹിക്കേണ്ടിവന്നു.

ഗുരുവായൂർ സത്യാഗ്രഹ സമരകമ്മിറ്റിയുടെ പ്രസിദ്ധീകരണച്ചുമതലയുള്ള നേതാവായിരുന്നു എൻ.പി. ദാമോദരൻ. മാധ്യമ പ്രവർത്തകനായ അദ്ദേഹം സമര വേദിയിൽ വഹിച്ച പങ്കു വളരെ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

ഗുരുവായൂർ സത്യഗ്രഹത്തിലെ മറക്കാനാവാത്ത മുഖമാണ് 1921ൽ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റിലായ വിഷ്ണു ഭാരതീയൻ എന്ന വി.എം. വിഷ്ണുനമ്പീശൻന്റെ.മലബാറിൽ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യനേതാക്കളിൽ ഒരാളാണ് അദ്ദേഹം.സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിൽ സജീവമായിരുന്ന ഭാരതീയൻ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചിട്ടുണ്ട്. ആരാധനാസ്വാതന്ത്ര്യത്തിനായി നിലയുറപ്പിച്ച അണികളിൽ ഭക്തിനിറച്ചത് ഭാരതീയന്റെ ഭാഗവതപാരായണവും വ്യാഖ്യാനവുമാണ്.

16 വയസ്സുള്ള ഒരു ബാലാനും സമര മുന്നണിയിൽ ഉണ്ടായിരുന്നു.വളരെ ചെറുപ്പത്തിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് കടന്നുവന്നയാളാണ് കെ. മാധവൻ. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായ മാധവൻ ഗാന്ധിയൻ കമ്യൂണിസ്റ്റ് എന്ന് അറിയപ്പെട്ടു. അക്കാലത്ത് ദിവസേന രണ്ടുനേരം തിടമ്പെഴുന്നള്ളത്തിന് ആനയെ അമ്പലത്തിലേക്ക് കൊണ്ടുപോവുക പതിവാണ്. സമരം പൊളിക്കാനായി ഒരു ദിവസം ആനയെ ചെറിയ നടയിലൂടെ അകത്തുകടത്തണമെന്ന് ക്ഷേത്രം ഭരിച്ചിരുന്നവർ വാശിപിടിച്ചു. ആ പിടിവാശിയെ എതിർക്കാൻ ഗജത്തിനുമുന്നിൽ കെ. കേളപ്പൻ രണ്ടുപേരെ നിയോഗിച്ചു. അതിൽ ഒരാൾ കെ. മാധവനായിരുന്നു.രണ്ടാമത്തെയാൾ കോൺഗ്രസ് നേതാവായ കുഞ്ഞിശങ്കരമേനോന്റെ അനുജൻ ഉണ്ണിയുമായിരുന്നു.

നമ്പൂതിരിസമുദായത്തിൽനിന്നുള്ള വിപ്ലവകാരികളായ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ. ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം വി.ടി.യുടെ പ്രസിദ്ധമായ രചനയാണ്. അദ്ദേഹം നേതൃത്വം നൽകിയിരുന്ന നമ്പൂതിരി യുവജനസംഘവും ഉണ്ണിനമ്പൂതിരി പ്രസ്ഥാനവും ഗുരുവായൂർ സത്യാഗ്രഹത്തിലേക്ക് ഒരുപാട് സംഭാവനകൾ നൽകി. ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് റഫറണ്ടം നടന്നപ്പോൾ സ്വന്തം ഭവനമായ രസികസദനം തന്നെ വി.ടി. പ്രവർത്തകർക്കായി വിട്ടുനൽകി.

ഗുരുവായൂർ സത്യഗ്രഹ കാലത്തു മായാതെ തിളങ്ങി നിന്ന സ്ത്രീ മുഖം. ആര്യ പള്ളം ആയിരുന്നു അത്.  പുരുഷാധിപത്യം കൊടികുത്തിവാണകാലത്ത് സ്ത്രീവിമോചന സമരങ്ങളുടെ മുന്നണിപ്പോരാളി. മിശ്രവിവാഹം, വിധവാവിവാഹം, പന്തിഭോജനം തുടങ്ങിയ പുരോഗമന ആശയങ്ങൾക്കുവേണ്ടി നിലകൊണ്ട ആര്യ, മാറുമറയ്ക്കൽ സമരത്തിനും മറക്കുടബഹിഷ്കരണത്തിനും നേതൃത്വം നൽകി.

ജനങ്ങൾക്കിടയിൽ നവോത്ഥാന ചിന്തകൾക്ക് തുടക്കം കുറിക്കുവാനും,കേരള നവോത്ഥാനത്തിന് വിത്തുപാകുന്നതില്‍ മുഖ്യപങ്കുവഹിക്കാനും ഗുരുവായൂർ സത്യാഗ്രഹത്തിന് കഴിഞ്ഞു.

Comments are closed.