DCBOOKS
Malayalam News Literature Website

ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവഴിയുമായി വരുന്നു ‘ഇംഗ്ലിഷ് ഗുരുനാഥന്‍’

പിറന്നുവീഴുന്ന കുഞ്ഞുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന സംസ്‌കാരത്തിലേക്കാണ് നമ്മുടെപോക്ക്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് എഴുതാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളടക്കമുള്ള ഉദ്ദ്യോഗാര്‍ത്ഥികളും പല മത്സര പരീക്ഷകളെയും അഭിമുഖങ്ങളെയും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. അതില്‍ നിന്നും മോചനം നേടുന്നതിനായി പല പരിശീലന കേന്ദ്രങ്ങളെയും അവര്‍ ആശ്രയിക്കാറുമുണ്ട്. എന്നാല്‍ ആരുടെയും സഹായമില്ലാതെ അന്തര്‍ ദേശീയ ഭാഷയായ ഇംഗ്ലീഷ് സ്വായത്തമാക്കുന്നതിനായി കൂടെക്കൂട്ടാവുന്ന ഗ്രന്ഥമാണ് ഇംഗ്ലീഷ് ഗുരുനാഥന്‍.

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണിയാണ് സ്വയം പഠനസഹായിയായ ഇംഗ്ലീഷ് ഗുരുനാഥന്‍ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം തന്റെ അധ്യാപന ജീവിതത്തിനിടയില്‍ രചിച്ച ഈ ഗ്രന്ഥം ചെറിയ ക്ലാസ്സുമുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവര്‍ക്കുള്ള ഉത്തമ വഴികാട്ടിയാണ്.

തര്‍ജ്ജമ രീതിയാണ് ആംഗലേയ ഭാഷപഠിക്കുവാനുള്ള എളുപ്പവഴി. അതിനാല്‍ ആ രീതിയാണ് ഈ പുസ്തകത്തില്‍ സ്വീകരിക്കുന്നത്. കൂടാതെ എല്ലാ വാക്യരീതികളുടെയും അടിസ്ഥാനം ചൂര്‍ണ്ണികയായതിനാല്‍ ചൂര്‍ണ്ണികാവാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുളള പരിശീലനമാണ് കുട്ടികള്‍ക്ക് ആദ്യം നല്‍കേണ്ടത്. ആയതിനാല്‍ ഈ ഗ്രന്ഥത്തില്‍ അടിസ്ഥാനവാക്യസമ്പ്രദായം എന്ന ഒരു പുതിയ പാഠ്യരീതിയും സ്വീകരിച്ചിരിക്കുന്നു. അടിസ്ഥാനവാക്യങ്ങള്‍ കൈയില്‍ കിട്ടിയാല്‍ പിന്നെ ഇംഗ്ലീഷ് പഠനം വളരെ എളുപ്പത്തിലാകുന്നു. പരിശീലകരുടെ സഹായമോ സ്‌കൂള്‍വിദ്യാഭ്യാസമോ ഇല്ലാതെ ഈ ഗ്രന്ഥത്തിന്റെ മാത്രം സഹായംകൊണ്ട് ഒരാള്‍ക്ക് ഒരു വര്‍ഷം കൊണ്ടു അനായാസം ഇംഗ്ലീഷ് പഠിക്കാന്‍ സാധിക്കുന്നു.

ഭാഷാ പണ്ഡിതനും അധ്യാപകനുമായ വെട്ടം മാണി പുതുപ്പള്ളി വെട്ടം കുടുംബത്തിലെ അംഗമാണ്. പുരാണിക് എന്‍സൈക്ലോപീഡിയ്ക്ക് ശേഷം അദ്ദേഹം രചിച്ച ഇംഗ്ലീഷ് ഗുരുനാഥന്റെ ആദ്യപതിപ്പ് 1970ലാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് 12 പതിപ്പ് ഉണ്ടായിട്ടുണ്ട്. 2009 ജൂലൈ മുതല്‍ ഡി സി ബുക്‌സാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. നിലവിലുളളത് ഡി സി ബുക്‌സിന്റെ 6-ാം പതിപ്പാണ്.

Comments are closed.